Sorry, you need to enable JavaScript to visit this website.

കേരളം സമാധാനമില്ലാത്ത ഇടമായി, സര്‍ക്കാരിനെതിരെ കത്തോലിക്കാ സഭ

തൃശൂര്‍- ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധാനവും ഇല്ലാത്ത ഇടമായി കേരളം മാറിയെന്ന് കത്തോലിക്കാ സഭ തൃശൂര്‍ അതിരൂപതാ മുഖപത്രം. പുതുവര്‍ഷപ്പതിപ്പിലെ ലേഖനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ്  ഉന്നയിക്കുന്നത്. സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത്' എന്ന തലക്കെട്ടിലാണ് ലേഖനം. വിഴിഞ്ഞം, ബഫര്‍സോണ്‍, പിന്‍വാതില്‍ നിയമനം തുടങ്ങിയ വിഷയങ്ങളിലാണ് വിമര്‍ശനം. സര്‍ക്കാരിന്റേത് ജനക്ഷേമ മുഖമല്ലെന്നും ലേഖനത്തില്‍ പറയുന്നു.

മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങള്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണുള്ളതെന്ന് ലേഖനത്തില്‍ പറയുന്നു. ജനക്ഷേമം നോക്കാതെയുള്ള സര്‍ക്കാര്‍ നടപടികള്‍ സമാധാന ജീവിതം തല്ലിക്കെടുത്തുകയാണ്. ജനദ്രോഹ നടപടികള്‍ തിരിച്ചറിയാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നു. വികലമായ നയങ്ങള്‍ ദുരിതം സമ്മാനിക്കുന്നു. ജനങ്ങളെ തീ തീറ്റിക്കുന്ന നടപടികളാണ് ഒന്നിനുപുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

മൂന്നു കോടി ജനങ്ങള്‍ വസിക്കുന്ന നാടാണ് ഇതെന്ന കാര്യം ആകാശക്കാഴ്ചകള്‍ കണ്ട് തീരുമാനമെടുക്കുന്നവര്‍ക്ക് മനസിലാകില്ലെന്നും ലേഖനത്തില്‍ പരിഹസിക്കുന്നു. ഭൂമിയിലിറങ്ങി നടക്കണം, കര്‍ഷകര്‍ വിയര്‍പ്പൊഴുക്കുന്ന കൃഷിസ്ഥലങ്ങളും അന്തിയുറങ്ങുന്ന കിടപ്പാടങ്ങളും കാണണം. ആര് വന്നാലും കോരന്റെ കഞ്ഞി കുമ്പിളില്‍ തന്നെയെന്ന അവസ്ഥക്ക് മാറ്റമില്ലെങ്കില്‍ നവകേരളം യാഥാര്‍ഥ്യമാകുമോ അതോ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം മറ്റൊരു മരീചികയാകുമോ എന്ന ചോദ്യവും ലേഖനം ഉന്നയിക്കുന്നു.

 

Latest News