Sorry, you need to enable JavaScript to visit this website.

ഉംറ സർവീസ് കമ്പനികളുമായി ഹജ് മന്ത്രിയുടെ കൂടിക്കാഴ്ച

മക്ക- ഉംറ സർവീസ് മേഖലാ കമ്പനി ഉടമകളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്ത് കൂടിക്കാഴ്ച നടത്തി. റജബ്, ശഅ്ബാൻ, റമദാൻ മാസങ്ങളിൽ ലോക രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരെ സ്വീകരിക്കാൻ സർവീസ് കമ്പനികൾ പൂർത്തിയാക്കിയ ഒരുക്കങ്ങൾ വിശകലനം ചെയ്യാൻ ഹജ്, ഉംറ മന്ത്രാലയത്തിലെ ഉംറകാര്യ വിഭാഗമാണ് ഉംറ സർവീസ് കമ്പനികളുടെ യോഗം സംഘടിപ്പിച്ചത്.
വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായി ഉംറ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും മക്കയിലേക്കും മദീനയിലേക്കുമുള്ള തീർഥാടകരുടെ വരവ് എളുപ്പമാക്കാനും പ്രയാസരഹിതമായി കർമങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കി തീർഥാടകരുടെ അനുഭവം സമ്പന്നമാക്കാനും ഹജ്, ഉംറ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് സർവീസ് കമ്പനികളുടെ യോഗം വിളിച്ചുചേർത്തത്. പ്രയാസരഹിതമായി കർമങ്ങൾ നിർവഹിക്കാൻ തീർഥാടകർക്ക് അവസമൊരുക്കുന്നതിൽ ഉംറ സർവീസ് കമ്പനികൾ ഉത്തരവാദിത്തം ഉൾക്കൊണ്ട് ഫലപ്രദമായി പ്രവർത്തിക്കണമെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ആവശ്യപ്പെട്ടു. ഉംറ തീർഥാടകരുടെ എണ്ണം ഉയർത്താൻ ശ്രമിച്ച് സമീപ കാലത്ത് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ഇന്തോനേഷ്യയും തുർക്കിയും അടക്കമുള്ള രാജ്യങ്ങളിൽ നടത്തിയ സന്ദർശനങ്ങളുടെ ഫലങ്ങളും തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികളും പോംവഴികളും യോഗത്തിൽ ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി വിശദീകരിച്ചു.
സേവന നിലവാരം ഉയർത്തൽ, പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ജീവനക്കാരെ ഒരുക്കൽ, ലോജിസ്റ്റിക് സേവനങ്ങൾ സജ്ജീകരിക്കൽ, തിരക്ക് അനുഭവപ്പെടുന്ന സീസണിൽ തീർഥാടകരുടെയും മദീന സിയാറത്ത് നടത്തുന്നവരുടെയും എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർധനവ് മുന്നിൽ കണ്ട് പൂർണ ഒരുക്കങ്ങൾ നടത്തൽ എന്നിവയെല്ലാം ഡോ. അബ്ദുൽ ഫത്താഹ് മുശാത്ത് യോഗത്തിൽ വിലയിരുത്തി. തീർഥാടന യാത്രയിലെ മുഴുവൻ ഘട്ടങ്ങളിലും ഉംറ തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ സർവീസ് കമ്പനികൾ നിരന്തരം നിരീക്ഷിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഉംറ സർവീസ് മേഖല നേരിട്ടുന്ന വെല്ലുവിളികളും യോഗത്തിൽ വിശകലനം ചെയ്തു.
 

Tags

Latest News