Sorry, you need to enable JavaScript to visit this website.

ക്രിസ്മസിനു അകത്താക്കിയ കോഴിയിറച്ചിയും എന്റെ ദുആയും

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ ക്രിസ്മസ് സദ്യ. സദ്യയെന്നു പറഞ്ഞാല്‍ അപ്പവും കോഴിക്കറിയും. സദ്യയോടൊപ്പം അന്ന് ആദ്യമായി നടത്തിയ മല കയറ്റവും മനസ്സില്‍ മായാതെ കിടക്കുന്നു. ഉപ്പയോടൊപ്പം ഏഴിമല നടന്നു കയറിയായിരുന്നു ചേട്ടന്മാരുടെ വീട്ടിലേക്കുള്ള ആ മനോഹര യാത്ര.


ഏഴിമലയില്‍ താമസിക്കുന്ന ചേട്ടന്മാര്‍ മീന്‍ പിടിക്കാനുള്ള വലയുമായി രാമന്തളി, കുഞ്ഞിമംഗലം പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന പുതിയ പുഴയിലേക്ക് നടന്നു പോകുന്ന വഴിയിലായിരുന്നു ഉപ്പയുടെ ചെറിയ പീടിക കൂടി ഉള്‍ക്കൊള്ളുന്ന ഞങ്ങളുടെ വീട്. അധ്വാനശീലരായ ഈ ചേട്ടന്മാര്‍ പ്രധാന ഇടപാടുകാരുമായിരുന്നു. പറ്റെഴുതി സാധനങ്ങള്‍ വാങ്ങുന്ന ഇവര്‍ നല്ല പുഴമീനുകള്‍ നല്‍കുമായിരുന്നു. സ്‌കൂളില്‍നിന്ന് പഠിച്ച ബാര്‍ട്ടര്‍ സിസ്റ്റം നേരില്‍ അനുഭവിച്ച കാലം. അരിക്കു പകരം മീന്‍.

ഉപ്പയുമായി നല്ല സൗഹൃദം പുലര്‍ത്തിയിരുന്ന ചേട്ടനാണ് അവരുടെ വീടുകളിലേക്ക് ക്ഷണിച്ചത്. എന്നെയും കൂട്ടിയായിരുന്നു ഉപ്പയുടെ യാത്ര. ആ യാത്രയിലാണ് കാടമൂടിക്കിടക്കുന്ന പാതയിലുടെ ആദ്യമായി ഏഴിമല കയറിയതും ആന കല്ലായി മാറിയതു കണ്ടതും അവടിത്തെ ഒരു കിണറ്റിലേക്കൊരു ബക്കറ്റ് നേര്‍ച്ചയായി നല്‍കിയതും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ചുവന്ന പുറംചട്ടയും മിനുസമുള്ള കടലാസും മറ്റുള്ള പുസ്തകങ്ങളില്‍നിന്ന് വേര്‍തിരിക്കുന്ന പുതിയ നിയമം തപാലില്‍ വരുന്ന സമയമായിരുന്നു ഇത്. ആരോ നല്‍കിയ വിലാസത്തില്‍ ഇടക്കിടെ അതു വന്നുകൊണ്ടിരുന്നു. കാസര്‍കോട് കോളേജില്‍ പഠിക്കുമ്പോള്‍ വാരാന്ത്യങ്ങളില്‍ പ്രൊഫസറുടെ വീട്ടില്‍ സംഘടിപ്പിച്ചിരുന്ന ക്ലാസുകളിലും പ്രാര്‍ഥനയിലും പങ്കെടുത്തതാണ് മറ്റൊരു ക്രൈസ്തവ സൗഹൃദം. പി.ജി വിദ്യാര്‍ഥികള്‍ക്ക് കാസര്‍കോട് ഗവ.കോളേജില്‍ പ്രൊഫസറായിരുന്ന ലോപ്പസ് സാര്‍ സംഘടിപ്പിച്ച ക്ലാസിനും പ്രാര്‍ഥനക്കും ശേഷം നല്‍കാറുള്ള പഴത്തിന്റെ രുചിയും ഇപ്പോഴും മനസ്സിലുണ്ട്.

ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഞങ്ങള്‍ക്ക് യഹോവ സാക്ഷിയായ ലോപ്പസ് സാറിന്റെ സംസാരവും വിഭവങ്ങള്‍ പോലെ തന്നെ വേറിട്ടതായിരുന്നു. രൂപങ്ങളും പ്രതിമകളുമില്ല എന്നു മാത്രമല്ല, ആഭരണങ്ങള്‍ പോലും ധരിക്കാത്തവരാണ് യഹോവ സാക്ഷികള്‍. ലോപ്പസ് സാര്‍ പറഞ്ഞ ഒരു കഥ മായതെ കിടക്കുന്നു. കുടുംബക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മോളുടെ കാതു കത്താന്‍ തട്ടാന്റെടുത്ത് കൊണ്ടു പോയി. ഒരു തരത്തിലും അയള്‍ക്കതിനു സാധിക്കുന്നില്ല. വിശ്വാസത്തിന്റെ കരുത്താണതെന്ന് ലോപ്പസ് സാര്‍ വിശ്വസിക്കുന്നു.


ഏഴിമല കയറി ചെറിയ വീട്ടിലെത്തിയപ്പോള്‍  ചേട്ടനും ചേച്ചിയും അപ്പവും കോഴിക്കറിയും വിളമ്പി. ഉപ്പ എന്നോട് ചെവിയില്‍ പറഞ്ഞു ബിസ്മിയും ചൊല്ലി കഴിച്ചാല്‍ മതി. ഏതു ഭക്ഷണം കഴിക്കുമ്പോഴും പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍ എന്ന ബിസ്മി ചൊല്ലി വേണം തുടങ്ങാന്‍. പക്ഷേ, ഇവിടെ ഇത് ഉപ്പ പ്രത്യേകം എടുത്തു പറയാന്‍ കാരണമുണ്ടായിരുന്നു. ദൈവനാമത്തില്‍ അറുത്തത് മാത്രമേ ഭക്ഷിക്കാവൂ തുടങ്ങി മാംസവുമായി ബന്ധപ്പെട്ടും മുസ്ലിംകള്‍ക്ക് ചില നിയമങ്ങളുണ്ട്.


ഇവിടെ ചേട്ടനും ചേച്ചിയും സ്‌നേഹം ചേര്‍ത്താണ് കോഴിയിറച്ചി പാകം ചെയ്തതെങ്കിലും കോഴിയെ ബിസ്മി ചൊല്ലിയാണോ അറത്തതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. അതിനെ മറി കടക്കാനാണ് ബിസ്മി ചൊല്ലി അറുത്തതല്ലെന്ന സംശയമുണ്ടെങ്കില്‍ തിന്നുമ്പോള്‍ ബിസ്മി ചൊല്ലിയെന്ന് ഉറപ്പാക്കിയാല്‍ മതിയെന്ന ഉപ്പയുടെ ഉപദേശം.


ഭക്ഷണത്തിനു മുന്നില്‍ ഉപ്പയും മോനും കുശുകശുക്കുന്നത് ശ്രദ്ധയില്‍ പെട്ട ചേച്ചി അകത്തുനിന്നു വിളിച്ചു പറഞ്ഞു:
നിങ്ങള്‍ വരുന്നതിനാല്‍ കോഴിയെ അറുത്തുതന്നെയാണ് വാങ്ങിയത്. അതുകൊണ്ട് ധൈര്യായിട്ട് കഴിച്ചോളൂ.. ചേട്ടനും ഇത് ആവര്‍ത്തിച്ചു. ഞങ്ങള്‍ക്കറിയാലോ നിങ്ങള്‍ക്ക് ബിസ്മി കൂട്ടി അറുക്കണമെന്ന കാര്യം.


ഇതാണ് കരുതലും സ്‌നേഹവുമെന്ന്,എല്ലാ വര്‍ഷത്തെയും പോലെ ഇക്കുറിയും ക്രിസ്മസുമായി ബന്ധപ്പെട്ട് ഉയരുന്ന വാദകോലാഹലങ്ങള്‍ക്കിടയില്‍ കുറിക്കുണമെന്ന് തോന്നി.

ഈ ക്രിസ്മസിന് മുസ്ലികള്‍ വില്‍ക്കുന്ന കോഴിയിറച്ചി വാങ്ങരുതെന്നും അത് ദൈവനിയമങ്ങള്‍ പ്രകാരം നിഷിദ്ധമാണെന്നുമാണല്ലോ ക്രൈസ്തവരുടെ കൂട്ടായ്മയെന്ന് അവകാശപ്പെടുന്ന കാസ പ്രചരിപ്പിക്കുന്നത്. എനിക്ക് പരിചയമുള്ള ക്രൈസ്തവ സുഹൃത്തുക്കളെ വെച്ചുനോക്കുമ്പോള്‍ ഇക്കൂട്ടര്‍ യേശുവിന്റെ അനുയായികളാണോ എന്നു സംശയമുണ്ട്.
പണ്ടുമുതലേ എല്ലാ കാര്യത്തിലും മുസ്ലിംകളോട് ചേര്‍ന്നുനില്‍ക്കുന്ന വേദ വിശ്വാസികളില്‍ വിദ്വേഷം പടര്‍ത്താനും കേരളത്തിന്റെ സാമൂഹിക ഭദ്രത തകര്‍ക്കാനുമുള്ള ക്രിസംഘി എന്നൊക്കെ വിളിക്കുന്നവരുടെ ശ്രമങ്ങള്‍ വിജയിപ്പിക്കരതേ എന്നാണ് ഈ ക്രിസമസ് വേളയില്‍ എന്റെ മുട്ടിപ്പായുള്ള ദുആ.. പ്രാര്‍ഥന.
 

 

Latest News