ഡിജിറ്റൽ മേഖലയിൽ ഇന്ത്യയുടെ വിവിധ പദ്ധതികൾക്ക് ഗൂഗിൾ മേധാവി സുന്ദർ പിച്ചൈയുടെ പ്രശംസ. അതേസമയം, ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും തടസ്സപ്പെടുത്തുന്നതിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു.
യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ), ആധാർ, ഇന്ത്യ സ്റ്റാക്ക് എന്നിവയിലൂടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ മറ്റു രാഷ്ട്രങ്ങൾക്ക് തിളങ്ങുന്ന മാതൃകയായി മാറിയിരിക്കയാണെന്ന് ഗൂഗിൾ മേധാവിയും ഇന്ത്യക്കാരനുമായ സുന്ദർ പിച്ചൈ. ചില പ്രധാന ഘടകങ്ങളെ സംരക്ഷിക്കുന്നതിനായി ഇന്ത്യ കൊണ്ടുവരുന്ന ഉത്തരവാദിത്തമുള്ള നിയന്ത്രണങ്ങൾ നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ഇക്കോണമിയുടെ കാര്യത്തിലും ഇന്ത്യ വിജയിച്ച കയറ്റുമതിക്കാരാകുമെന്നും ഡിജിറ്റൽ യുഗത്തിൽ ഇന്ത്യക്കാർക്കായുള്ള ഏകീകൃത സോഫ്റ്റ്വെയർ പ്ലാറ്റ് ഫോമായി മാറുന്ന ഇന്ത്യ സ്റ്റാക്കിന്റെ മൂല്യം കാണാനിരിക്കുന്നതേയുള്ളൂവെന്നും സുന്ദർ പിച്ചൈ വിലയിരുത്തുന്നു.
മറ്റ് രാജ്യങ്ങൾക്ക് പിന്തുടരാനുള്ള ഉദാഹരണമായി ഇന്ത്യയുടെ യുപിഐ താൻ പലപ്പോഴും ഉദ്ധരിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുപിഐ സ്റ്റാക്കിനെ അടിസ്ഥാനമാക്കിയാണ് ഗൂഗിൾ ഇന്ത്യയിൽ ഗൂഗിൾ പേ ആരംഭിച്ചത്. ഇപ്പോൾ അത് ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലേക്കും എത്തിക്കുകയാണ്. ആൻഡ്രോയിഡ് പോലുള്ള സൗജന്യ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ഡിജിറ്റൽ വിപ്ലവത്തിന് ശക്തിപകർന്നിട്ടുണ്ട്.
ഇന്ത്യയിൽ കൊണ്ടുവരുന്ന സൈബർ നിയമങ്ങൾ ഫലപ്രദമാകുമെന്നും ഏഴ് വർഷമായി ഇന്റർനെറ്റ് ഭീമന്റെ മേധാവിയായി തുടരുന്ന മധുര സ്വദേശിയായായ സുന്ദർ പിച്ചൈ പറഞ്ഞു.
അതേസമയം, ഗൂഗിളിന് കനത്ത പിഴ ചുമത്തി കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിലുണ്ടായ ഉത്തരവുകളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഉത്തരവുകളിലെ ചില വശങ്ങൾ ഉപയോക്തൃ സ്വകാര്യതയും സുരക്ഷയും തടസ്സപ്പെടുത്തുന്നതാണ് ഇതിൽ ആശങ്കയുണ്ടെന്നും സുന്ദർ പിച്ചൈ വാർത്താ ലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
ടെലികോം നിയന്ത്രണങ്ങളിൽ സന്തുലനം ആവശ്യമാണെന്ന് ഇന്ത്യയുടെ നിലവിലെ പരിഷ്കരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. പല നിർദ്ദേശങ്ങളിലും കരട് ചട്ടങ്ങളിലും ബാലൻസില്ലായ്മ കാണുന്നുണ്ടെന്നും സർക്കാരുമായി ചേർന്നു പ്രവർത്തിക്കുന്ന ക്രിയാത്മക പങ്കാളിയായിരിക്കും ഗൂഗിളെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുമായി സുന്ദർ പിച്ചൈ കൂടിക്കാഴ്ച നടത്തി.
സാങ്കേതികവിദ്യ സമൂഹത്തിൽ വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. പൗരന്റെ അവകാശങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് സ്വകാര്യത, സുരക്ഷ, ഡാറ്റ മുതലായവയെക്കുറിച്ച് ഇന്ത്യാ ഗവൺമെന്റ് ഗൗരവത്തോടെ ചിന്തിക്കുമെന്നാണ് കരുതുന്നത്. വരാനിരിക്കുന്ന നിയമനിർമാണങ്ങളിൽ ഇത് സുപ്രധാനമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
വളരെക്കാലമായി ഇന്ത്യയിലുള്ള ഗൂഗിൾ ദീർഘകാലത്തേക്ക് രാജ്യത്തോട് പ്രതിജ്ഞാബദ്ധമാണ്. ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിലൂടെ രാജ്യത്തെ സഹായിക്കുന്ന ഉത്തരവാദപ്പെട്ട കമ്പനിയാണ് ഗൂഗിൾ. 2020ൽ ഗൂഗിൾ 10 ബില്യൺ ഡോളർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട് (ഐഡിഎഫ്) പ്രഖ്യാപിച്ചു. ഫണ്ട് ഉപയോഗിച്ച് കൈവരിച്ച പുരോഗതിയിൽ ഗൂഗിളിന് വേണ്ടത്ര സംതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളുമായി ചേർന്നാണ് വലിയ നിക്ഷേപം നടത്തിയത്. ജിയോക്കൊപ്പം ഞങ്ങൾ ചെയ്ത ജോലിയുടെ ഒരു ഭാഗം ജിയോഫോൺ വികസിപ്പിച്ചെടുക്കുകയായിരുന്നു. മറ്റ് പങ്കാളികളുമായും ഞങ്ങൾ അതു തന്നെയാണ് ചെയ്യുന്നത്. എന്നാൽ കഴിയുന്നത്ര ആളുകൾക്ക് താങ്ങാനാവുന്നവിധം കണക്ടിവിറ്റി ഉറപ്പാക്കുക പ്രധാനമാണ്.
5 ജി കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് പങ്കാളികളുമായുള്ള പ്രവർത്തനങ്ങളിലാണ് ഡിജിറ്റൈസേഷൻ ഫണ്ടിന്റെ വലിയൊരു ഭാഗം. ഗൂഗിൾ ഇപ്പോൾ സ്റ്റാർട്ടപ്പുകളിൽ, പ്രത്യേകിച്ച് സ്ത്രീകൾ നയിക്കുന്നവയിൽ നിക്ഷേപം നടത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇനിയും നിരവധി പുതുമകൾ സാധ്യമാക്കുന്നതിന് ആർടിഫിഷ്യൽ ഇന്റലിജൻസ് അവസരമൊരുക്കുമെന്നാണ് കരുതുന്നത്. കൃഷി, ആരോഗ്യ സംരക്ഷണം മുതലായ മേഖലകളിൽ പോലും ശ്രദ്ധ കേന്ദ്രീകരിച്ച് അവിടെ സംഭാവന നൽകാൻ ഡിജിറ്റൈസേഷൻ ഫണ്ട് ഉപയോഗിക്കും.
പകർച്ചവ്യാധിയുടെ സമയത്ത് സാങ്കേതിക രംഗത്ത് കുതിച്ചുചാട്ടം ഉണ്ടായെങ്കിലും ഇപ്പോൾ കോവിഡ് മഹാമാരിക്കു ശേഷമുള്ള പ്രത്യാഘാതങ്ങൾ വിപരീതഫലത്തിലേക്ക് നയിക്കുകയാണെന്നും
വൻകിട ടെക് സ്ഥാപനങ്ങളിലെ വലിയ തോതിലുള്ള പിരിച്ചുവിടലുകളെ കുറിച്ച് അദ്ദേഹം പറഞ്ഞു. വിതരണ ശൃംഖലയിലെ സമ്മർദ്ദം, വർദ്ധിച്ചുവരുന്ന പലിശനിരക്ക്, ഉക്രെയിനിലെ യുദ്ധം എന്നിവയും പ്രധാന കാരണങ്ങളാണെന്ന് പാശ്ചാത്യരെ ബാധിച്ചിരിക്കുന്ന ടെക് വിന്ററിനെ കുറിച്ച് സുന്ദർ പിച്ചൈ പറഞ്ഞു.
സാങ്കേതികവിദ്യയിലെ അടിസ്ഥാന നവീകരണങ്ങൾ തുടരും. അതിലാണ് ഗൂഗിൾ ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സാങ്കേതിക വ്യവസായം മുമ്പ് കടന്നുപോയിട്ടുള്ള സ്വാഭാവിക ചക്രങ്ങൾ തന്നെയാണ് ഇപ്പോഴും കാണുന്നത്. കോവിഡ് കാലത്ത് സജീവമായ ഡിജിറ്റൽ മീറ്റിംഗുകൾ, ഇ-ഹെൽത്ത് സന്ദർശനങ്ങൾ, ഡിജിറ്റൽ പേയ്മെന്റുകൾ തുടങ്ങിയവ സജീവമായി തന്നെ തുടരും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും വഴിയുള്ള പുതിയ കണ്ടുപിടുത്തങ്ങളും ഫീച്ചറുകളും ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്. സെർച്ചിന്റെ പ്രധാന ദൗത്യം ഇതിനകം തന്നെ നിർമിത ബുദ്ധിയാണ് നിർവഹിക്കുന്നതെന്ന് സുന്ദർ പിച്ചൈ പറഞ്ഞു.
നിർമിത ബുദ്ധി പ്രധാന ഉൽപ്പന്നങ്ങളെയെല്ലാം ആഴത്തിൽ സ്വാധീനിക്കും. എന്നാൽ ക്ലൗഡിലൂടെ, മറ്റ് ഓർഗനൈസേഷനുകളിലേക്ക് നിർമിത ബുദ്ധി എത്തിക്കാനുള്ള ശ്രമങ്ങൾ അഞ്ച് വർഷം ഗൂഗിളിന്റെ പുരോഗതിയുടെ വലിയ ഭാഗമാകും.
ഇന്റർനെറ്റിൽ വലിയ പ്രചാരം നേടിയിരിക്കുന്ന ചാറ്റ്ജിപിടിയെ കുറിച്ചുള്ള ചോദ്യത്തിന് ഇവയുടെ സാധ്യതകളിൽ ഗൂഗിൾ വളരെ ആവേശത്തിലാണെന്നായിരുന്നു സുന്ദർ പിച്ചൈയുടെ മറുപടി.
അതേസമയം, എല്ലാവർക്കും പ്രയോജനപ്പെടുന്ന അനുഭവങ്ങൾ എങ്ങനെ ഒരുമിച്ച് കൊണ്ടുവരാമെന്നതിനെ കുറിച്ചും ഗൂഗിൾ ചിന്തിക്കുകയാണ്. അടുത്ത വർഷത്തോടെ കൂടുതൽ പുരോഗതി കൈവരിക്കാൻ സാധിക്കുമെന്നാണ് ചാറ്റ്ജിപിടിക്കു സമാനമായ പദ്ധതികളിൽ ഗൂഗിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിനു നൽകിയ മറുപടി.






