വാട്‌സ്ആപ്പില്‍ പുതിയൊരു ഫീച്ചര്‍; അഭിനന്ദനങ്ങളുമായി ഉപയോക്താക്കള്‍

ന്യൂദല്‍ഹി- ഉപയോക്താക്കള്‍ക്ക് സ്വയം സന്ദേശമയക്കാന്‍ അനുവദിക്കുന്ന പുതിയ 'മെസേജ് യുവര്‍സെല്‍ഫ്' ഫീച്ചര്‍ പുറത്തിറക്കി വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമായി തുടങ്ങി.
ഉപയോക്താക്കള്‍ക്ക് ടെക്‌സ്റ്റ്, ഫയലുകള്‍, ഇമേജുകള്‍, മറ്റ് മീഡിയകള്‍ എന്നിവ സ്വന്തത്തിനു തന്നെ അയക്കാന്‍ കഴിയും. പെട്ടെന്നുള്ള കുറിപ്പുകള്‍ തയ്യാറാക്കുന്നതിനും പ്രധാനപ്പെട്ട ഫയലുകള്‍ ചാറ്റില്‍ സൂക്ഷിക്കുന്നതിനും ഇത് ഉപയോഗപ്രദമാകും.
ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ് ലിസ്റ്റിന്റെ മുകളില്‍ യു എന്ന പേരിനൊപ്പം ഒരു കോണ്‍ടാക്റ്റ് കാര്‍ഡ് കാണാനാകും. പേരില്‍ ടാപ്പുചെയ്ത് തങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നതിന് ചാറ്റ് തുറക്കാം. നിങ്ങള്‍ മറ്റേതെങ്കിലും ആപ്പ് ഉപയോഗിക്കുമ്പോള്‍, നിങ്ങളുടെ സ്വന്തം കോണ്‍ടാക്റ്റിലേക്ക് ചിത്രങ്ങളും വീഡിയോകളും മറ്റ് മീഡിയ ഫയലുകളും അയക്കാനും അവ സുരക്ഷിതമായി സംരക്ഷിക്കാനും സാധിക്കും.
 സ്വയം സന്ദേശമയക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ ഘട്ടം ഘട്ടമായാണ് വാട്‌സ്ആപ്പ് പുറത്തിറക്കുന്നത.് അധികം വൈകാതെ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കും. ഉപയോക്താക്കള്‍ വാട്‌സ്്ആപ്പ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നോ ആപ്പ് സ്‌റ്റോറില്‍ നിന്നോ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ മതി. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് കാര്‍ഡ് കാണാന്‍ കഴിയും.
പുതിയ ഫീച്ചര്‍ ഏറെ പ്രയോജനപ്രദമാണെന്ന് വിലയിരുത്തി ധാരാളം പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ദിവസം മുഴുവനും ഓര്‍മ്മപ്പെടുത്തലുകളും പ്രചോദനാത്മക സന്ദേശങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ഇതു വഴി സാധിക്കും. പുതിയ ഫീച്ചര്‍ പരീക്ഷിച്ചവര്‍ മറ്റുള്ളവര്‍ക്ക് സ്‌ക്രീന്‍ ഷോട്ട് പങ്കിടുന്നുണ്ട്.
സ്വന്തം ഫയലുകള്‍ സൂക്ഷിക്കാനും മറ്റും ഉപയോക്താക്കള്‍ ഗ്രൂപ്പുണ്ടാക്കി അതില്‍നിന്ന് മറ്റുള്ളവരെ പുറത്താക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്.
ഇനി നിങ്ങള്‍ക്ക് വാട്‌സ്ആപ്പില്‍ നിങ്ങള്‍ക്ക് തന്നെ മെസ്സേജ് അയക്കാമെന്നും  ഗ്രൂപ്പ് ഉണ്ടാക്കി അതില്‍ നിന്ന് ആളുകളെ പുറത്താക്കേണ്ട ആവശ്യമില്ലെന്നും  ഒരു ഉപയോക്താവ് കുറിച്ചു.
വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളില്‍ വോട്ടെടുപ്പുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചര്‍ മെറ്റാ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷന്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.

 

Latest News