കളി കഴിഞ്ഞല്ലോ, ഇനിയൽപം ചിന്തിക്കാനുണ്ട്, ഫാൻസിനോടാണ്

2022 ലോകകപ്പിന്റെ ആരവങ്ങള്‍ക്ക് ഖത്തറില്‍ വിരാമമായി.ലോകം കണ്ട ഏറ്റവും നല്ല ലോകകപ്പായി ഖത്തറിലെ ലോകകപ്പിനെ വിലയിരുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഖത്തറിലെ അലയൊലികള്‍ ഒരു മാസത്തോളം നാം മലയാളികള്‍ ആവോളം ആസ്വദിച്ചു. ലോകകപ്പ് തുടങ്ങും മുമ്പ് തന്നെ ഫാന്‍സുകള്‍ കട്ടൗട്ടുകളും ഫ് ളസ്‌കളുമായി കളം നിറഞ്ഞു. അതിലുപരി പോര്‍വിളികളുമായി സോഷ്യല്‍ മീഡിയ കളില്‍ നിറഞ്ഞാടി. പറഞ്ഞുവരുന്നത് നമ്മുടെ ഇടയിലെ  ഫാന്‍സുകളെ കുറിച്ചാണ്. ഒരു ടീമിന്റെ ഫാന്‍ ആവുക എന്നതും ആ ടീമിന്റെ വിജയത്തിനായി ആഗ്രഹിക്കുക എന്നതും നല്ല കാര്യം തന്നെ.
എന്നാല്‍ അതുപോലെ തന്നെ മറ്റു ടീമുകളുടെ കളിയെയും അവരുടെ കളിക്കാരുടെ പ്രതിഭയെയും   അംഗീകരിക്കാനുള്ള മനസ്സ് കൂടെ നമ്മുടെ ഫാന്‍സുകള്‍ കാണിക്കണം. നിര്‍ഭാഗ്യവശാല്‍ നമ്മളില്‍ പലരിലും അത് കണ്ടില്ല എന്ന് മാത്രമല്ല വളരെ മോശമായ രീതിയിലുള്ള പോസ്റ്റുകളും കമന്റുകളുമായി ഓരോരുത്തരും മത്സരിച്ചു.എത്ര നന്നായി കളിച്ചാലും തന്റെ ടീമിന്റെ  കളി മാത്രമേ നല്ല കളിയായി അവര്‍ വിലയിരുത്തിയിയുള്ളൂ. തന്റെ ടീമിന്റെ കളിക്കാരന്‍ മാത്രമേ അവര്‍ക്ക് നല്ല കളിക്കാരായുള്ളൂ. വളരെ നിലവാരം നിറഞ്ഞ പോസ്റ്റുകളുമായി പലരും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടി. ഇതിനൊക്കെ ഒറ്റ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒരുതരം അസഹിഷ്ണുത പലരിലും കണ്ടു. രാഷ്ട്രീയം വിലയിരുത്തുന്ന ചിലര്‍ കളിയെ വിലയിരുത്തിയപ്പോള്‍  കുരുടന്‍ ആനയെ കണ്ട പോലെയായി. അതിലുപരി അവരുടെ ന്യായികരണം കൂടിയായപ്പോള്‍ അസഹനീയമായി എന്ന് പറയാതെ വയ്യ.  ക്രസ്റ്റിറ്റിയാനോ റൊണാള്‍ഡോ ഫാനായതുകൊണ്ടു ഫൈനലില്‍ എന്തായാലും മെസ്സിയുടെ ടീമിനെ പിന്തുണക്കാനാവില്ല എന്നു പറഞ്ഞവരുണ്ട്. റൊണാള്‍ഡോയും മെസ്സിയും നെയ്മറും എംബാപ്പെയും എല്ലാം വ്യത്യസ്ത ടീമുകളില്‍ ആണെങ്കിലും എന്തുകൊണ്ട് പലര്‍ക്കും അവരുടെ കളിയെയും കഴിവിനെയും അംഗീകരിക്കാന്‍ മടി?
നമുക്കിടയിലെ ഈ അസഹിഷ്ണുതക്ക് എന്ന് അന്ത്യം വരും. സ്വന്തം ടീമിനൊപ്പം മറ്റുള്ള ടീമിന്റെ കളിയെയും അവരുടെ കളിക്കാരെയും അംഗീകരിക്കാന്‍ നാം എന്തിനു മടി കാണിക്കണം..നല്ല കളി ആസ്വാദിച്ചുകൊണ്ടു നല്ല രീതീയില്‍ വിലയിരുത്താന്‍ നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു .

പിന്‍ കുറിപ്പ് : ഞാന്‍ ഒരു അര്‍ജന്റീന ഫാന്‍ ആണെങ്കിലും മറ്റുള്ള ടീമിനയെയും അവരുടെ ടീമിലെ പ്രതിഭകളെയും അംഗീകരിക്കാന്‍ എനിക്കൊരു മടിയുമില്ല.

 

 

Latest News