ഇന്ന് ഇറാന്‍-യു.എസ്.എ, കപ്പില്‍ രാഷ്ട്രീയം തിളക്കുന്നു

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ദോഹ - പോരാട്ടങ്ങളുടെ മാതാവെന്നാണ് ഇറാനും അമേരിക്കയും തമ്മിലുള്ള 1998 ലെ ലോകകപ്പ് മത്സരത്തെ ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. രാഷ്ട്രീയച്ചൂട് പാരമ്യത്തിലെത്തിയ ആ മത്സരം ഇറാന്‍ 2-1 ന് വിജയിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഇറാന്റെ ആദ്യ ജയം. ലോകകപ്പ് നേടിയതു പോലെയാണ് അവരത് ആഘോഷിച്ചത്. പക്ഷെ രണ്ടു ടീമും പുറത്തായി. ഈ ടീമുകള്‍ വീണ്ടും മുഖാമുഖം വരുമ്പോള്‍ പ്രശ്‌നം രാഷ്ട്രീയം മാത്രമല്ല, നോക്കൗട്ട് സ്ഥാനം കൂടിയാണ്. ഇംഗ്ലണ്ടിനെതിരായ കനത്ത തോല്‍വിയില്‍ നിന്ന് കരകയറിയ ഇറാന്‍ ഇഞ്ചുറി ടൈമിലെ ഇരട്ട ഗോളില്‍ വെയ്ല്‍സിനെ തോല്‍പിച്ചു. അമേരിക്കക്ക് രണ്ടു കളിയില്‍ രണ്ട് സമനിലകള്‍ മാത്രമാണ് ലഭിച്ചത്. ഇറാന് സമനിലയായാലും പ്രി ക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. പക്ഷെ ഇംഗ്ലണ്ടിനോട് 2-6 ന് തോറ്റതിനാല്‍ ഗോള്‍വ്യത്യാസം അവര്‍ക്ക് തിരിച്ചടിയാണ്. അതിനാല്‍ മിക്കവാറും ജയം തന്നെ വേണ്ടി വരും. അമേരിക്കക്ക് ജയത്തില്‍ കുറഞ്ഞ ഒന്നു കൊണ്ടും കാര്യമില്ല. വെയ്ല്‍സ് ഇംഗ്ലണ്ടിനെതിരെ ജയിക്കുന്നില്ലെങ്കില്‍, സമനില കൊണ്ടും ഇറാന് പ്രി ക്വാര്‍ട്ടറിലെത്താം. ഇറാന്‍ മുമ്പ് അഞ്ചു തവണ ലോകകപ്പ് കളിച്ചപ്പോഴും ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. 
സുവര്‍ണ തലമുറ എന്നാണ് ഈ അമേരിക്കന്‍ ടീം വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷെ കോണ്‍കകാഫ് യോഗ്യതാ റൗണ്ടില്‍ മൂന്നാമത്തെയും അവസാനത്തെയും സ്ഥാനവുമായാണ് അവര്‍ ഫൈനല്‍ റൗണ്ടില്‍ കടന്നുകൂടിയത്. ലോകകപ്പില്‍ ഇംഗ്ലണ്ടുമായും (0-0) വെയ്ല്‍സുമായും (1-1) സമനില പാലിച്ചു. ഇംഗ്ലണ്ടും (4 പോയന്റ്) ഇറാനുമാണ് (3) ഗ്രൂപ്പില്‍ മുന്നില്‍. അമേരിക്കയും (2) വെയ്ല്‍സും (1) പിന്നിലാണ്. 
ഇന്നത്തെ മത്സരത്തിന് ഒരുപാട് അന്തര്‍ധാരകളുണ്ട്. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ചിഹ്നമില്ലാത്ത ഇറാന്‍ പതാക സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച അമേരിക്കന്‍ സോക്കര്‍ ഫെഡറേഷന്‍ ഇറാന്‍ ടീമിന് കണക്കുതീര്‍ക്കാനുള്ള മറ്റൊരു ആയുധം സ്മ്മാനിച്ചിട്ടുണ്ട്. ഇറാന്‍ കോച്ച് കാര്‍ലോസ് ക്വിറോസ് 1998 ല്‍ ഇറാനെ അമേരിക്ക നേരിടുമ്പോള്‍ അമേരിക്കന്‍ സോക്കര്‍ ഫെഡറേഷന്റെ ഉപദേഷ്ടാവായിരുന്നു. 2010 ല്‍ അമേരിക്ക ലോകകപ്പ് നേടുന്നതിനുള്ള പദ്ധതി അന്ന് അദ്ദേഹം തയാറാക്കിയിരുന്നു. 
ആദ്യ കളിയിലെ കനത്ത തോല്‍വിക്കു ശേഷം ഇറാന്‍ ഉണര്‍ന്നിട്ടുണ്ട്. എങ്കിലും പത്തു പേരായിച്ചുരുങ്ങിയ വെയ്ല്‍സിനെ തോല്‍പിക്കാന്‍ ഇഞ്ചുറി ടൈമിലെ ഇരട്ട ഗോള്‍ വേണ്ടി വന്നു. ആദ്യമായാണ് ഒരു യൂറോപ്യന്‍ ടീമിനെ അവര്‍ തോല്‍പിച്ചത്. പോര്‍ടോക്കു വേണ്ടി ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ അഞ്ചു ഗോളടിച്ച മെഹ്ദി തെരീമിയാണ് ഇറാന്റെ ആക്രമണം നയിക്കുന്നത്. എന്നാല്‍ ഫെയ്‌നൂര്‍ദിന്റെ മിഡ്ഫീല്‍ഡര്‍ അലിരിസ ജെഹാന്‍ബക്ഷിന് സസ്‌പെന്‍ഷന്‍ കാരണം കളിക്കാനാവില്ല. 
അമേരിക്കന്‍ ഫോര്‍വേഡുകള്‍ ഗോള്‍ വരള്‍ച്ച നേരിടുകയാണ്. 14 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അവരുടെ സംഭാവന മൂന്നു ഗോള്‍ മാത്രമാണ്. 

Latest News