Sorry, you need to enable JavaScript to visit this website.

ജനങ്ങളെ പോക്കറ്റടിക്കുന്ന സഖാക്കളെ വേണ്ട; ലോട്ടറി കട കത്തിക്കുന്ന വീഡിയോ വൈറലായി

കൊച്ചി-എറണാകുളം തൃപ്പൂണിത്തുറയിലെ ലോട്ടറി കട പെട്രോള്‍ ഒഴിച്ച് കത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി  സ്റ്റാച്യു ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന മീനാക്ഷി ലോട്ടറി ഏജന്‍സീസാണ് കത്തിച്ചത്.
വടക്കേകോട്ട സ്വദേശി ടി.എസ്. രാജേഷാണ് കടയ്ക്ക് തീയിട്ടത്. ഇയാളെ പിന്നീട് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വീഡിയോ സന്ദേശത്തില്‍ പ്രഖ്യാപനം നടത്തിയ ശേഷമാണ് പ്രതി കടയ്ക്ക് തീകൊളുത്തിയത്.
യഥാര്‍ത്ഥ കമ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന സഖാക്കളെയാണ് നമുക്ക് ആവശ്യം. അല്ലാതെ ജനങ്ങളെ പോക്കറ്റടിക്കുന്ന സഖാക്കളെ നമുക്ക് ആവശ്യമില്ല.
തൃപ്പൂണിത്തുറ മീനാക്ഷി ഏജന്‍സീസ് കത്തിക്കുന്നതിന് മുമ്പ് പ്രതി രാജേഷ് നടത്തിയ ഫെയ്‌സ്ബുക്ക് ലൈവിലെ വാചകമാണിത്. ലോട്ടറി കച്ചവട മേഖലയില്‍ കുത്തക മുതലാളിത്വം അനുവദിക്കില്ലെന്ന് പറഞ്ഞാണ് രാജേഷ് ലോട്ടറി കട പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.
''സുഹൃത്തുക്കളെ, തൃപ്പൂണിത്തുറ മീനാക്ഷി ഏജന്‍സീസ് ഞാന്‍ ഇന്ന് കത്തിക്കുകയാണ്. എന്റെ അമ്മ, പെങ്ങന്‍മാര്‍ സഹോദരങ്ങള്‍ അവര്‍ക്കും ജീവിക്കണം. മീനാക്ഷി ഏജന്‍സീസ് ഏകദേശം 3000 ടിക്കറ്റുകളുടെ കച്ചവടമാണ്. ഹോള്‍സെയില്‍ കച്ചവടം വേറെ. കോടികളുടെ ഓണ്‍ലൈന്‍ ബിസിനസ് വേറെ. അമ്മ,പെങ്ങന്‍മാരുടെ ടിക്കറ്റുകള്‍ ദിവസവും ബാക്കിയാണ്. ഇന്ന് ആറുമണിക്ക് മീനാക്ഷി ഏജന്‍സീസ് കത്തുകയാണ്. ആര്‍ക്കു വേണമെങ്കിലും വരാം, വീഡിയോ ചെയ്യാം. കത്തിക്കാന്‍ പോകുന്നത് ഞാനാണ്. എന്റെ പേര് രാജേഷ്. നിങ്ങള്‍ തീരുമാനിക്കുക, ഇത്തരം കുത്തക മുതലാളിത്വം നമുക്ക് ആവശ്യമുണ്ടോ. യഥാര്‍ത്ഥ കമ്യൂണിസമാണ് നമുക്ക് ആവശ്യം. ഇഎംഎസ് ഭരിച്ച ആ കമ്യൂണിസമാണ് നമുക്ക് വേണ്ടത്. ജനങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന സഖാക്കളെയാണ് നമുക്ക് ആവശ്യം. അല്ലാതെ ജനങ്ങളെ പോക്കറ്റടിക്കുന്ന സഖാക്കളെ അല്ല. ഒരു കുത്തക മുതലാളിത്വവും രാജേഷ് എന്ന ഞാന്‍ ജീവിച്ചിരിക്കുന്ന കാലം നടക്കില്ല. നിങ്ങളിലെ ഒരുവനായി രാജേഷ് കളത്തിലേക്ക് ഇറങ്ങുകയായി. ആറ് മണിക്ക് വൈകിട്ട്. ഇങ്ങിനെ പറഞ്ഞാണ് രാജേഷ് ലൈവ് അവസാനിപ്പിച്ചത്.
തുടര്‍ന്ന്  ഇയാള്‍ ലോട്ടറിക്കടക്ക് തീയിടുകയായിരുന്നു. ജീവനക്കാരും കടയില്‍ ലോട്ടറി വാങ്ങാന്‍ എത്തിയവരും ഓടി രക്ഷപ്പെട്ടു. പീന്നീട് ജീവനക്കാര്‍ തന്നെ വെള്ളം ഒഴിച്ചതാണ് വന്‍ അപകടം ഒഴിവാകാന്‍ കാരണം. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

 

Latest News