Sorry, you need to enable JavaScript to visit this website.

അയ്യേ...ശു...ദാസ് ആന്റ് പരാ...ജയരാജ്; പ്രവാസ ലോകത്തും പ്രതിഷേധം

ഓപ്പണ്‍ പേജ് 

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച വിവേചനപരമായ നടപടിക്കെതിരെ കലാകാരന്മാര്‍ക്കിടയില്‍ മാത്രമല്ല പൊതുസമൂഹത്തിലും പ്രതിഷേധം പടരുകയാണ്. കലാകാരന്മാരെ രണ്ടായി വിഭജിച്ച കുത്സിത പ്രവൃത്തിക്ക് ഓശാന പാടുന്ന വിധത്തിലായിപ്പോയി അനുഗൃഹീത ഗായകന്‍ യേശുദാസിന്റേയും സംവിധായകന്‍ ജയരാജിന്റേയും നിലപാട് എന്നതിനാല്‍, ഇരുവര്‍ക്കുമെതിരെ പ്രതിഷേധം രൂക്ഷമാണ്. സോഷ്യല്‍ മീഡിയ വഴിയും ഇതര മാധ്യമങ്ങളിലൂടെയും പൊതുജനങ്ങളും സിനിമാ പ്രവര്‍ത്തകരും  രോഷം പങ്കുവെക്കുന്നു.

മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ ഓരോ മലയാളിയുടേയും സ്വകാര്യ അഹങ്കാരമാണ്. എന്നാല്‍ പ്രതിലോമകരമായ രാഷ്ട്രീയ നിലപാടുകളെ തിരിച്ചറിയാന്‍ അദ്ദേഹം അശക്തനാണോ. കലാകാരന്മാരുടെ ഒരു വലിയ സമൂഹത്തിന്റെ ആശങ്കയോടും വേദനയോടുമൊപ്പം നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. സിനിമാലോകത്തെ കാരണവര്‍ എന്ന നിലയില്‍ യുവ പ്രതിഭകളുടെ ഇച്ഛാഭംഗത്തോടൊപ്പം ചേരാന്‍ അദ്ദേഹം തയാറായില്ല എന്നീ ആക്ഷേപങ്ങള്‍ വ്യാപകമാണ്.
സംവിധായകന്‍ ജയരാജ് ആകട്ടെ, നേരത്തെ തന്നെ തന്റെ ചിത്രങ്ങളിലൂടെ ഹിന്ദുത്വ മനോഭാവം പ്രദര്‍ശിപ്പിച്ചയാളാണെന്ന് ആരോപണമുള്ളതിനാല്‍ വെറുതെവിടാം. ഇതല്ലാതെ അദ്ദേഹത്തിന് കഴിയില്ല. എന്നാല്‍ യേശുദാസ്....

സംവിധായികയും ടെലിവിഷന്‍ പ്രവര്‍ത്തകയുമായ ഷൈനി ബെഞ്ചമിന്‍ എഴുതുന്നു:
ഈ അവാര്‍ഡ് 64 വര്‍ഷമായി പ്രസിഡന്റ് ഓഫ് ഇന്ത്യ ആണ് തരുന്നത്. ഈ അറുപത്തഞ്ചാമത്തെ അവാര്‍ഡും അങ്ങനെ തന്നെ എന്നാണ് ഞങ്ങള്‍ക്ക് അയച്ച കത്തിലും.  ഇവിടെ വന്നപ്പോള്‍ തന്ന ഇന്‍വിറ്റേഷനിലും പറഞ്ഞിരിക്കുന്നത്. റിഹേഴ്‌സല്‍ ദിവസം ഇത് എങ്ങനെ മാറി?പ്രസിഡന്റ് അവാര്‍ഡ് കൊടുക്കാം എന്ന് പറഞ്ഞ 11 പേര്‍ക്കും മറ്റുള്ളവര്‍ക്കും തമ്മിലുള്ള വ്യത്യാസം എന്താണ് ? ആരാണ് അത് തീരുമാനിക്കുന്നത്? ബെസ്റ്റ് മെയില്‍ സിംഗര്‍ക്ക് പ്രസിഡന്റും ഫീമെയ്ല്‍ സിംഗര്‍ക്ക് മന്ത്രിയും...
50000 രൂപ അവാര്‍ഡ് ഉള്ള ആള്‍ക്ക് പ്രസിഡന്റും ഒന്നര ലക്ഷം ഉള്ള ആള്‍ക്ക് മന്ത്രിയും. 
ഞങ്ങള്‍ 75 പേര്‍ മാറിനിന്ന ഈ അവാര്‍ഡ് ഫങ്ഷന്‍, ആരെയും ചെറുതായി കാണുക അല്ല. ടിക്കറ്റ് അയച്ചു തരുമ്പോള്‍ എങ്കിലും ഈ മാറ്റം അറിയിക്കാം. രാഷ്ട്രപതി, തലേന്ന് അല്ലല്ലോ ഇതൊക്കെ തീരുമാനിക്കുന്നത് !!! അപ്പോള്‍ തീരുമാനം അവിടെ നിന്നല്ല!! ഇത് കലാകാരന്മാരോടുള്ള ആദരവില്ലായ്മയാണ്. ധാര്‍ഷ്ട്യമാണ്. അവാര്‍ഡിനോടല്ല പ്രതിഷേധം. അത് നല്‍കാന്‍ തെരഞ്ഞെടുത്ത രീതിയോടാണ്.
രാഷ്ട്രത്തിന്റെ അവാര്‍ഡിനാണ് ഞങ്ങള്‍ ക്ഷണിക്കപ്പെട്ടത് ...രാഷ്ട്രീയ അവാര്‍ഡിനല്ല
ആദ്യമായി അവാര്‍ഡ് കിട്ടുന്നവര്‍, കുട്ടികള്‍, മുറിക്കുള്ളില്‍ ഒരുങ്ങി കാത്തിരുന്ന അച്ഛനമ്മമാര്‍, മക്കള്‍, കൂട്ടുകാര്‍ ..അവരെ ഒക്കെ നിരാശ പെടുത്തി ആയിരുന്നു ഈ വലിയ തീരുമാനം .പ്രത്യേകിച്ചു എന്റെ പടം 'സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടിക്ക് കിട്ടിയ മൂന്ന് അവാര്‍ഡുകള്‍. പ്രൊഡ്യൂസര്‍ ആര്‍.സി. സുരേഷ്, സംഗീതം രമേശ് നാരായണ്‍ എന്നിവരോട് ഞാന്‍ നന്ദി പറയുന്നു. ഈ തീരുമാനത്തിന് ഒപ്പം നിന്നതിന് .... മുന്നില്‍ നിന്നതിന്.എനിക്ക് അഭിമാനം തോന്നുന്നു, ഇന്ത്യക്കാരി ആയതില്‍, ഇനിയും പ്രതീക്ഷ ബാക്കിയുണ്ട് .. കാരണം ഇന്ത്യയുടെ ഓരോ സ്‌റ്റേറ്റും ആണ് ഞങ്ങള്‍ക്കൊപ്പം നിന്നത് .. ഓരോ കലാകാരന്മാരും ആണ് ..സല്യൂട്ട് ..എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും.

പ്രവാസ ലോകത്തും പ്രതിഷേധം

അയ്യേ...ശു...ദാസ് ആന്റ് പരാ...ജയരാജ് എന്ന ആക്ഷേപഹാസ്യ പോസ്റ്റിറ്റുകൊണ്ടാണ് ജിദ്ദയിലെ എഴുത്തുകാരിയായ റുബീന നിവാസ് പ്രതികരിച്ചത്. മാധ്യമ പ്രവര്‍ത്തകനായ വി.ആര്‍. രാജ്‌മോഹന്‍, യേശുദാസ് ചെയ്ത ഒരു പഴയ കടുംകൈ ആണ് ഓര്‍മിപ്പിക്കുന്നത്. ഏഷ്യാനെറ്റ് സിനിമാലയുടെ ഒരു എപ്പിസോഡ് യേശുദാസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചതാണ് അദ്ദേഹം ഓര്‍മിപ്പിക്കുന്നത്. ഇങ്ങനെയെങ്കിലും ഇതൊക്കെ പുറത്തുവരുന്നതിലാണ് മാധ്യമപ്രവര്‍ത്തകയും കലാനിരൂപകയുമായ രേണുരാമനാഥ് സന്തോഷിക്കുന്നത്. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ പത്രസമ്മേളനത്തിനിടക്ക് യേശുദാസ് ചൂടായ കാര്യം ഓര്‍മിപ്പിക്കുന്നു ജെയിന്‍ വാസുദേവന്‍. ഇന്നലെ സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞ ആരാധകന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത യേശുദാസിനെ വീഡിയോയില്‍ കാണുമ്പോള്‍, മനസ്സിലെ വിഗ്രഹം വീണുടയുന്നു. മലയാളിക്ക് ഭ്രാന്തുപിടിച്ചുവെന്നതിന്റെ തെളിവാണ് യേശുദാസിനെതിരായ പരാമര്‍ശങ്ങളെന്ന് പിന്താങ്ങുന്ന സംഘ്പ്രവര്‍ത്തകരേയും സോഷ്യല്‍ മീഡിയയില്‍ കാണുന്നുണ്ട്, പ്രവാസലോകത്തുനിന്നുതന്നെ.
 

Latest News