Sorry, you need to enable JavaScript to visit this website.

കോവിഡ് തകര്‍ത്തത് ഈ കുരുന്നുകളുടെ ഭാവി ജീവിതമാണ്

കെട്ട കാലവും കടന്നുപോകുമെന്ന ശുഭപ്രതീക്ഷ പുലര്‍ത്തുമ്പോഴും കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ഭാവിജീവിതത്തെ ഏറ്റവും പ്രതികൂലമായി ബാധിച്ച ഒരു വിഭാഗമുണ്ട്. മാനസിക വളര്‍ച്ചാ വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളാണിവര്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി അവരുടെ ജീവിതത്തില്‍ നിറയുന്നത് ശൂന്യത മാത്രമാണ്. ഭാവി ജീവിതത്തിലേക്ക് മുന്നേറാനുള്ള പരിമിതമായ അവസരങ്ങളാണ് ഈ കുട്ടികളില്‍ നിന്ന് കോവിഡ് കാലം തട്ടിയെടുത്തത്. 
15 വയസ്സില്‍ താഴെയുള്ള മാനസിക വളര്‍ച്ചാ വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ മാനസിക വളര്‍ച്ചയും കഴിവുകളും വര്‍ധിപ്പിക്കുന്നതിന് ഉതകേണ്ട ചികിത്സകളും തെറാപ്പികളും മറ്റു പ്രവര്‍ത്തനങ്ങളുമെല്ലാം കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി തുടരുന്ന കോവിഡ് കാലത്ത്  നിശ്ചലമായിപ്പോയി. ഈ കുട്ടികളുടെ നൈസര്‍ഗിക ശേഷി വളര്‍ത്തിയെടുക്കുന്ന, അവരുടെ ആത്മാവിന്റെയും ആനന്ദത്തിന്റെയും  ഭാഗമായ ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളും കോവിഡ് കാലത്ത് അടച്ചു പൂട്ടി. ഇവര്‍ക്ക് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ തുടര്‍ച്ചയായി തെറാപ്പികളും ചികിത്സകളും അത്യാവശ്യമാണ്. അത് നഷ്ടമാകുമ്പോള്‍ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളും സാമൂഹ്യമായ ഒറ്റപ്പെടലുകളും നേരിടുന്നു. മാനസിക വളര്‍ച്ച എത്തിപ്പിടിക്കാനുള്ള അവസരങ്ങളാണ് ഈ കുട്ടികള്‍ക്ക് നഷ്ടപ്പെട്ടുപോകുന്നത്.
മാനസിക വളര്‍ച്ചാ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ നിരന്തരമായ പരിചരണവും സ്‌നേഹവും സഹായവുമൊക്കെ ആവശ്യമുള്ളവരാണ്. അവരുടെ ലോകം വികസിക്കുന്നതും അവര്‍ ആനന്ദം അനുഭവിക്കുന്നതും  ഇതേ പ്രശ്‌നങ്ങളുള്ള കുട്ടികളുമായി കൂട്ടുകൂടുന്നതിലൂടെയാണ്. ഇതിനുള്ള അവസരം ലഭിക്കുന്നത് ഇവര്‍ക്ക് വേണ്ടി പ്രത്യേകം വിഭാവനം ചെയ്ത ബഡ്‌സ് സ്‌കൂളുകളിലൂടെയും ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളിലൂടെയുമാണ്. ഇവിടുത്തെ ഇടപഴകലിലൂടെയാണ് കുട്ടികളുടെ മാനസിക വളര്‍ച്ചയും മുഖ്യധാരയിലേക്ക് എത്താനുള്ള ശേഷിയുമെല്ലാം  പടിപടിയായി വര്‍ധിക്കുന്നത്. കേരളത്തില്‍ മാത്രം സംസ്ഥാന സര്‍ക്കാറിന്റെയും കുടുംബശ്രീയുടെയും സന്നദ്ധ സംഘടനകളുടെയും  കീഴില്‍ 293 ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ആറായിരത്തിലധികം മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ  കുട്ടികളാണ് ഇവിടെയുള്ളത്. ഇതിന് പുറമെ സ്വകാര്യ മേഖലയിലും നിരവധി സെന്ററുകളിലായി ആയിരക്കണക്കിന് കുട്ടികളുണ്ട്.  ശാരീരികമായ അവശതകളാലും രക്ഷിതാക്കളുടെ അറിവില്ലായ്മ മൂലവും ഇത്തരം കേന്ദ്രങ്ങളിലെത്താതെ വീടുകളില്‍ തളയ്ക്കപ്പെടുന്ന  നൂറ് കണക്കിന് കുട്ടികള്‍ കേരളത്തില്‍ വേറെയുമുണ്ട്. 
ആധുനിക വൈദ്യശാസ്ത്രത്തില്‍ ഊന്നിയുള്ള ചികിത്സകളും തെറാപ്പികളുമാണ് ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഭാവി വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്ന മറ്റൊരു ഘടകം. ആശുപത്രികളും ക്ലിനിക്കുകളും വഴി ലഭിക്കുന്ന സൗകര്യങ്ങളും  കുട്ടികള്‍ക്ക് കോവിഡ് കാലത്ത് അപ്രാപ്യമായി. ഇവര്‍ക്ക് പലപ്പോഴും പ്രതിരോധ ശേഷി വളരെ കുറഞ്ഞ അളവിലായിരിക്കും. അതുകൊണ്ട് തന്നെ കോവിഡ് ഭീതി മുലം ആശുപത്രികളിലും ക്ലിനിക്കുകളിലും കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ചികിത്സ മുടങ്ങിയത് ഇവരുടെ ജീവിതത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. മിക്ക കുട്ടികളും അക്രമാസക്തരോ, നിരാശരോ, അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നവരോ ആയി മാറിയിട്ടുണ്ട്.
കോവിഡിനെ പേടിച്ച്  കുട്ടികളെ പുറത്തിറക്കാതെ മുഴുവന്‍ സമയവും വീട്ടിനുള്ളില്‍ തന്നെ തളച്ചിടുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്. സമാന രീതിയിലുള്ള കുട്ടികളുമായി ഇടപഴകാനുള്ള അവസരവും ചികിത്സക്കുള്ള സൗകര്യം ഇല്ലാതായതോടെ ഇവര്‍ ഒറ്റപ്പെടുകയും ഇതുവരെ  കൈവരിച്ച മാനസികമായ പുരോഗതി ഇല്ലാതാകുകയും ചെയ്യുന്നു. ഈ കാലയളവില്‍ ഇവരുടെ നെഗറ്റിവിറ്റി വര്‍ധിക്കുന്നതായാണ് കണ്ടുവരുന്നതെന്ന് ഇത്തരം കുട്ടികളെ ചികിത്സിക്കുന്ന  വിദഗ്ധര്‍ പറയുന്നു.
മാനസിക വളര്‍ച്ചാ വെല്ലുവിളി നേരിടുന്ന കുട്ടികളില്‍ വലിയൊരു വിഭാഗം വീട്ടിനുള്ളില്‍ ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. നിര്‍ധന കുടുംബങ്ങളിലാണ് ഇത് പ്രധാനമായും നടക്കുന്നത്. കോവിഡ് കാലത്ത് രക്ഷിതാക്കളുടെ  തൊഴിലും വരുമാനവും നിലച്ചതിനാലും അതിനെ തുടര്‍ന്ന് വീടുകള്‍ക്കുള്ളിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കും കുട്ടികള്‍ ഇരയാകുകയാണ്. ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര ശ്രദ്ധയോ പരിഗണനയോ ഒന്നും അവര്‍ക്ക് ലഭിക്കുന്നില്ല.
=======

Latest News