ഗാസയില്‍ വെടിനിര്‍ത്തലിന് സാധ്യത തെളിഞ്ഞു, വ്യവസ്ഥകള്‍ തയാറാക്കുന്നു

ഗാസ സിറ്റിയില്‍ ഇസ്രായില്‍ ബോംബാക്രമണത്തില്‍ കത്തിയ കാറിലേക്ക് നോക്കുന്ന ഫലസ്തീനി ബാലന്‍.

ഗാസ- ഇസ്രായില്‍ പോര്‍വിമാനങ്ങള്‍ വ്യാഴാഴ്ച പുലര്‍ച്ചെ  ഗാസയില്‍ പുതിയ ആക്രമണങ്ങള്‍ നടത്തി. പതിനൊന്നാം ദിവസവും ഗാസയില്‍നിന്ന് ഇസ്രായിലിലേക്ക് കുടൂതല്‍ റോക്കറ്റുകള്‍ തൊടുത്തു.
അതിനിടെ, ദിവസങ്ങള്‍ക്കകം വെടിനിര്‍ത്തലിന് സാധ്യതയുണ്ടെന്ന് ഹമാസിന്റെ രാഷ്ട്രീയ വിഭാഗം നേതാവ് മൂസ അബു മര്‍സൂഖ് പറഞ്ഞു.
വെടിനിര്‍ത്തലിലേക്ക് നയിക്കുന്നതിന് ആക്രമണം കുറയ്ക്കാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിന് ഇരുഭാഗവും സമ്മതിച്ചിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങള്‍ രഹസ്യമായി തയറാക്കി വരികയാണെന്നും ഈജിപ്ത് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
വെടിനിര്‍ത്തലിനുള്ള ശ്രമങ്ങള്‍ വിജയിക്കുമെന്നു തന്നെയാണ് കരുതുന്നതെന്ന് ഹമാസ് നേതാവ് മൂസ അബു മര്‍സൂഖ് ലെബനോനിലെ അല്‍ മയദീന്‍ ടി.വിയോട് പറഞ്ഞു. ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നോ രണ്ടോ ദിവസത്തിനകം വെടിനിര്‍ത്തലുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എന്‍ മിഡില്‍ ഈസ്റ്റ് ദൂതന്‍ ടോര്‍ വെന്നെസ്‌ലാന്‍ഡ് ഖത്തറില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ബുധനാഴ്ച അര്‍ധരാത്രിക്കുശേഷം ഇസ്രായില്‍ പോര്‍വിമാനങ്ങള്‍ ഒരു ഡസനോളം ആക്രമണങ്ങള്‍ നടത്തി. ഗാസയുടെ തെക്കന്‍ ഭാഗത്ത് രണ്ട് വീടുകള്‍ തകര്‍ന്നു. ഖാന്‍ യൂനിസില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായും മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ആയുധങ്ങള്‍ സംഭരിക്കുന്ന ഹമാസ് നേതാവിന്റെ വീടാണ് തകര്‍ത്തതെന്ന് ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു. മേയ് പത്തിന് ആക്രമണം ആരംഭിച്ച ശേഷം ഗാസയില്‍ 228 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രായിലില്‍ 12 പേര്‍ കൊല്ലപ്പെട്ടു.


വാക്‌സിന്റെ പേരില്‍ ചോദിക്കുന്നത് ഒ.ടി.പിയാണ്, ഒരിക്കലും നല്‍കരുത്


താലി കെട്ടാറായപ്പോള്‍ വരനെ കാണാതായി; അതിഥിയെ വിവാഹം ചെയ്ത് യുവതി

ജിദ്ദയിലെ ആദ്യ മലയാളി വനിതാ ഡോക്ടര്‍ ഐഷാബി അബൂബക്കര്‍ അന്തരിച്ചു

 

Latest News