താലി കെട്ടാറായപ്പോള്‍ വരനെ കാണാതായി; അതിഥിയെ വിവാഹം ചെയ്ത് യുവതി

കാണ്‍പൂര്‍- വിവാഹ വേദിയില്‍വെച്ച് വരന്‍ അപ്രത്യക്ഷനായതിനെ തുടര്‍ന്ന് യുവതി കല്യാണത്തിനെത്തിയ അതിഥികളിലൊരാളെ വിവാഹം ചെയ്തു. വിവാഹം മുടങ്ങിയതോടെ സദസ്സിലുണ്ടായിരുന്ന ഒരാളാണ് കൂട്ടത്തില്‍നിന്ന് വരനെ കണ്ടെത്താമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ ഒരാളെ കണ്ടെത്തുകയായിരുന്നു.  ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മഹാരാജ്പൂര്‍ പ്രദേശത്താണ് സംഭവം.
വഞ്ചിച്ച വരനും ബന്ധുക്കള്‍ക്കുമെതിരെ വധുവിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി.
വിവാഹത്തിന്റെ പ്രധാന ചടങ്ങ് ആരംഭിക്കാനിരിക്കെയാണ് വരന്‍ പെട്ടെന്ന് അപ്രത്യക്ഷനായത്. രണ്ട് കുടുംബങ്ങളും ഏറെനേരം തിരഞ്ഞുവെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
വരന്റെ ഭാഗത്തുനിന്നും പരാതി ലഭിച്ചതായി പോലീസ് ഇന്‍സ്‌പെക്ടര്‍ നര്‍വാല്‍ ശീഷ് നാരായണ്‍ പറഞ്ഞു. മകനെ കണ്ടെത്താന്‍ സഹായം തേടിയാണ് വരന്റെ പിതാവ് ധരംപാല്‍ പോലീസില്‍ പരാതി നല്‍കിയത്.

 

 

Latest News