Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് വാക്സിന്‍ സ്വീകരിച്ച ഡോക്ടർ മരിച്ചു; ഇതു കൂടി വായിക്കണം

കോവിഡ് വാക്സിനെടുത്ത  ഡോക്ടർ, വേദനക്കുള്ള ഡൈക്ലോഫിനാക് ഇഞ്ചക് ഷൻ എടുത്തതു മൂലം മരിച്ചുവെന്ന പ്രചാരണം ഏതാനും ദിവസങ്ങളായി വാട്സ്ആപ്പില്‍ തുടരുകയാണ്. ഈ സന്ദേശം ശുദ്ധ അസംബന്ധമാണെന്ന് പറയുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മനോജ് വെള്ളനാട്.

ഫേസ് ബുക്ക് കുറിപ്പ് വായിക്കാം

ഇന്നലേം ഇന്നുമായിട്ട് ഏറ്റവുമധികം പ്രാവശ്യം എഴുതിയ വാചകമാണ്, ''It's a hoax, ശുദ്ധ അസംബന്ധമാണ്'' എന്നത്. വാട്സാപ്പിലും മെസഞ്ചറിലും മാറി മാറി ഇതുതന്നെ, ഒരേ മറുപടി. സംഗതിയിതാണ്,
കൊവിഡ് വാക്സിനെടുത്ത ഒരു ഡോക്ടർ, വേദനയ്ക്കുള്ള ഡൈക്ലോഫിനാക് ഇഞ്ചക്ഷൻ എടുത്തതു മൂലം മരിച്ചു. ഈ പറഞ്ഞത് സത്യമാണ്. തമിഴ്നാട്ടിലാണ് ദിവസങ്ങൾക്കു മുമ്പ് ഇങ്ങനൊരു സംഭവമുണ്ടായത്. ഭാര്യയും ഭർത്താവും ഡോക്ടർമാർ. ഭാര്യയ്ക്ക് വേദനയ്ക്കുള്ള ഡൈക്ലോഫിനാക് ഇഞ്ചക്ഷൻ വീട്ടിൽ വച്ചെടുത്തത് ഭർത്താവ്. ഇഞ്ചക്ഷനെ തുടർന്ന് കുഴഞ്ഞുവീണ ഭാര്യ പിന്നീട് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. ഡൈക്ലോഫിനാക്കിനോടുള്ള ദ്രുതവും അമിതവുമായ അലർജിയാണ് (Anaphylactic reaction) മരണകാരണമെന്നാണ് അവരെ ചികിത്സിച്ചവർ പറയുന്നത്.
ആ ദമ്പതിമാരുടെ ചിത്രവും ഒരു വോയിസ് നോട്ടും ചേർത്ത് ഇപ്പോൾ പ്രചരിക്കുന്ന മെസേജാണ്, കൊവിഡ് വാക്സിനെടുത്തവർ പെയിൻ കില്ലറുകൾ ഒന്നും തന്നെ, പ്രത്യേകിച്ചും ഡൈക്ലോഫിനാക്, കഴിക്കുകയോ ഇഞ്ചക്ഷനായെടുക്കുകയോ ചെയ്യരുതെന്ന്. തമിഴ്‌നാട്ടിൽ വാക്സിനെടുത്തതു മൂലമുണ്ടായ ശരീരവേദന (myalgia)-ക്ക് ഈ ഇഞ്ചക്ഷനെടുത്ത ഒരു ഡോക്ടർ മരിച്ചുവെന്നും ആ മെസേജിലുണ്ട്.
എന്നാൽ സത്യമെന്താണ്?
1. നമ്മളുപയോഗിക്കുന്ന മിക്കവാറും മരുന്നുകളും ശരീരത്തിൽ അലർജി ഉണ്ടാക്കാൻ സാധ്യതയുള്ളവയാണ്, പ്രത്യേകിച്ചും വേദനസംഹാരികളും ആൻ്റിബയോട്ടിക്കുകളും. അതുകൊണ്ടാണ് ഇവയുടെ ഇഞ്ചക്ഷനൊക്കെ എടുക്കും മുമ്പ് തൊലിക്കടിയിൽ അൽപ്പം മരുന്ന് കുത്തിവച്ച് (ടെസ്റ്റ് ഡോസ്) നോക്കുന്നത്. ടെസ്റ്റ് ഡോസിൽ ചൊറിച്ചിലോ തടിപ്പോ ഒന്നുമില്ലെങ്കിലാണ് ഫുൾ ഡോസെടുക്കുന്നത്. എന്നാലും വളരെ അപൂർവ്വമായി ഫുൾ ഡോസെടുക്കുമ്പോ അലർജിയോ അനാഫിലാക്സിസോ സംഭവിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ഡോക്ടറുടെ കാര്യത്തിലും അതായിരിക്കാം സംഭവിച്ചത്. പ്രത്യേകിച്ചും ഡൈക്ലോഫിനാക്കിന് അലർജി സാധ്യത മറ്റുള്ളവയേക്കാൾ കൂടുതലുമാണ്. അനാഫിലാക്സിസ് ഉണ്ടായാൽ നിമിഷങ്ങൾക്കകം വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കും. ഇവിടെ സംഭവം വീട്ടിൽ വച്ചായതിനാൽ ചികിത്സ കിട്ടാനും വൈകിക്കാണും.
2. ഡൈക്ലോഫിനാക്കിൻ്റെ ഈ അനാഫിലാക്സിസിന് കൊവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ല. കൊവിഡ് രോഗം കണ്ടെത്തുന്നതിന് മുമ്പും ഇത്തരം പ്രശ്നങ്ങൾ ധാരാളമുണ്ടാവാറുണ്ട്. ഇതൊരു പുതിയ പ്രതിഭാസമോ കണ്ടുപിടിത്തമോ അല്ല. അതാർക്കുമുണ്ടാവാം.
3. ആ മെസേജിൽ പറയുന്ന പോലെ, ആ ഡോക്ടർ വാക്സിൻ കാരണമുണ്ടായ വേദനയ്ക്കല്ലാ ഇഞ്ചക്ഷനെടുത്തതും. അവർ വാക്സിനെടുത്തിട്ട് ആഴ്ചകൾ കഴിഞ്ഞിരുന്നു. മറ്റെന്തോ അസുഖത്തിനാണവർ അന്ന് ഇഞ്ചക്ഷനെടുത്തത്. ഈ മരണത്തിന് വാക്സിനുമായി എങ്ങനെയെങ്കിലും ബന്ധമുണ്ടാക്കാനായി ആ മെസേജുണ്ടാക്കിയവർ മെനഞ്ഞെടുത്ത കഥയാണ് ബാക്കി.
4. കൊവിഡ് വാക്സിനെടുത്താൽ ആദ്യ 2-3 ദിവസമൊക്കെ ശരീരവേദനയോ പനിയോ ക്ഷീണമോ ഒക്കെ വരുന്നത് സ്വാഭാവികമാണ്. അതിൽ പാനിക്കാവേണ്ട കാര്യമേയില്ല. ആ പനി പകരുകയും ഇല്ല. ആവശ്യമെങ്കിൽ പാരസെറ്റമോൾ പോലുള്ള ഗുളികകൾ കൊണ്ട് ആശ്വാസം കണ്ടെത്താവുന്നതാണ്. മേൽപ്പറഞ്ഞ മെസേജൊക്കെ വായിച്ചു വിശ്വസിച്ച്, പേടിച്ച്, മരുന്നൊന്നും കഴിക്കാതെ ഈ ബുദ്ധിമുട്ടുകൾ സഹിച്ചിരിക്കേണ്ട യാതൊരാവശ്യവുമില്ല. ചിലർക്ക് വാക്സിനെടുത്തതിൻ്റെ ഒരു ലക്ഷണവും കാണുകയും ഇല്ല, അതും സ്വാഭാവികമാണ്.
5. നാളെ (April 1) മുതൽ 45 വയസിന് മേളിലുള്ള എല്ലാവർക്കും വാക്സിൻ കിട്ടും. എല്ലാവരും അമാന്തമൊന്നും കൂടാതെ, സ്ലോട്ട് ഒക്കെ ബുക്ക് ചെയ്തു പോയി വാക്സിനെടുക്കണം. വാക്സിനെടുത്താലുണ്ടാവുന്ന സാധാരണ സൈഡ് എഫക്റ്റുകൾ മനസിലാക്കണം. ആവശ്യം വന്നാൽ മരുന്ന് കഴിക്കണം.
'നമ്മളൊരു കള്ളം പറയുമ്പോൾ, അതിലൊരൽപ്പം സത്യം കൂടി ചേർക്കണം. എന്നാലേ അത് വിശ്വസനീയ കള്ളമാവൂ..' ഏതോ സിനിമയിലെ ഡയലോഗാണ്. ഇതേ സിദ്ധാന്തമാണ് ഈ വ്യാജ മെസേജ് നിർമ്മാതാക്കളും പ്രയോഗിക്കുന്നത്. ഈ മെസേജ് തന്നെ നോക്കൂ, ശരിക്കും നടന്നൊരു വാർത്തയെടുത്ത്, കുറച്ചു ഭാവന കൂടി ചേർത്ത്, അവരുടെ ഫോട്ടോയും ചേർത്ത് റിലീസ് ചെയ്യുവാണ്. മെഡിക്കൽ ഫീൽഡിലുള്ളവർക്കു പോലും ആശയക്കുഴപ്പമുണ്ടാവും ചിലതൊക്കെ വായിച്ചാൽ.
ഇത്തരം വ്യാജവാർത്തകളും ഹോക്സുകളും ഇനിയും ധാരാളമുണ്ടാവും. വാട്സാപ്പിലും ഫേസ്ബുക്കിലും വരുന്ന ഉടമസ്ഥനില്ലാത്ത, ആധികാരികമല്ലാത്ത ഇമ്മാതിരി വാർത്തകൾ വിശ്വസിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യാതിരിക്കുകയേ നിവൃത്തിയുളളൂ..

Latest News