പൂത്തുലഞ്ഞ് തണൽ വിരിച്ച ഒരു മഹാവൃക്ഷമായിരുന്നു റഷീദ്ക്ക.ആ സംരക്ഷണം ലഭിക്കാത്ത ആളുകൾ കോഴിക്കോട് നഗരത്തിൽ കുറവാണ്. എവിടെയും ഒരു കർമ്മഭടനെ പോലെ ഓടി നടന്നു സഹായിക്കുക,എന്നതായിരുന്നു റഷീദ്ക്കയുടെ ജീവിതം. സ്വന്തം കാര്യത്തിന് ആരുടെ മുമ്പിലും ചെല്ലാത്ത റഷീദ്ക്ക മറ്റുള്ളവരുടെ കാര്യത്തിനായി ആരുടെ മുമ്പിലും കൈനീട്ടി യാചിക്കാൻ മടിച്ചില്ല. അങ്ങനെ മറ്റുള്ളവർക്ക് വേണ്ടി താൻ സഹായം ചോദിച്ചു ചെല്ലുന്ന ആളുകൾ എങ്ങനെ പ്രതികരിക്കുമെന്നത് പോലും റഷീദ്കക്ക് ഒരു വിഷയമായിരുന്നില്ല. ഏതൊരു ലക്ഷ്യത്തിന് വേണ്ടി ഇറങ്ങി തിരിച്ചുവോ, അത് പൂർത്തീകരിക്കുക എന്നത് മാത്രമേ അപ്പോൾ ആ മനസ്സിലുണ്ടാകൂ. ഇറങ്ങി തിരിച്ചാൽ അക്കാര്യം സാധിച്ചേ മടങ്ങൂ എന്ന ദൃഢനിശ്ചയത്തിൻ്റെ കൂടി പേരായിരുന്നു റഷീദ്ക്ക എന്നത്.
അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് 'ഹെൽപ്പിംഗ് ഹാൻസ്' രൂപം കൊണ്ടത്.അതിനായി വലിയൊരു കെട്ടിടം നിർമ്മിക്കുന്നത് വരെ അദ്ദേഹത്തിൻ്റെ ദൗത്യം ഇടതടവില്ലാതെ തുടർന്നു.എന്നാൽ ഒരു സ്ഥലത്തും റഷീദ്ക്ക എന്ന് പറയുന്ന വ്യക്തിയെ നമുക്ക് മുന്നിൽ കാണാൻ പറ്റില്ല. മറ്റുള്ളവരെ മുന്നിൽ നിർത്തി പിന്നിൽ പ്രവർത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന് എന്നും ഇഷ്ടം. വേദിയിൽ പോലും അദ്ദേഹം കയറില്ല. തിരശ്ശീലക്ക് പിന്നിൽ നിന്ന് വിശ്രമം അറിയാതെ പ്രവർത്തിക്കുന്ന ആളായിരുന്നു അദ്ദേഹം. പക്ഷേ റഷീദ്ക്കയുടെ സാന്നിദ്ധ്യമില്ലാത്ത ഒരിടവും ഉണ്ടാവില്ല. കോഴിക്കോട്ടെ സാമൂഹിക സാംസ്കാരിക വേദികളിലെ എല്ലാം നിറസാന്നിദ്ധ്യമായിരുന്നു.റഷീദ്ക്കയെ ഞാനെൻ്റെ കുട്ടിക്കാലം മുതൽ പരിചയപ്പെട്ടതാണ്. ആ പരിചയം എവിടെ വെച്ച്, എപ്പോൾ എന്നെനിക്കോർക്കാൻ പറ്റുന്നില്ല. അത്രയും ചെറുപ്പത്തിൽ അദ്ദേഹമെനിക്ക് പരിചിതനും റോൾ മോഡലും ആയിരുന്നു.
അന്ന് കോഴിക്കോട് നഗരത്തിലെ കണ്ണൂർ ഷോപ്പിൽ അദ്ദേഹമുള്ള സമയത്ത് ഇടക്ക് ഷർട്ട് പീസ്, പാൻ്റ് പീസ് തുടങ്ങിയ വസ്ത്രങ്ങളെടുക്കാനായി പോവും. കൗണ്ടറിൽ പുഞ്ചിരി തൂകി കൊണ്ട് ഒരാളിങ്ങനെ നിൽക്കുന്നുണ്ടാവും. അത് കാണുമ്പോൾ തന്നെ കണ്ണൂർ ഷോപ്പിലേക്ക് കയറാനുള്ള ഒരു താൽപര്യം തോന്നും. പിന്നെ വസ്ത്രമെടുത്ത് തീരുംവരെ കൂടെയുണ്ടാകും. അതു കഴിഞ്ഞ് തിരിച്ചു കൗണ്ടറിൽ എത്തിക്കഴിഞ്ഞാൽ അദ്ദേഹം ബിൽ വാങ്ങി അദ്ദേഹത്തിൻ്റെ വക ഒരു വലിയ ഡിസ്കൗണ്ട് നൽകും. എന്തിന് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തിരുന്നതെന്ന് എനിക്കറിയില്ല. അദ്ദേഹം തന്നെ കൈകൊണ്ടെഴുതി ആ ഡിസ്കൗണ്ട് എനിക്ക് നൽകുമായിരുന്നു.ഷോപ്പിങ്ങിന് മാത്രമല്ല ,ആ വഴി എപ്പോൾ പോയാലും കണ്ണൂർ ഷോപ്പിൽ കയറി റഷീദ്ക്കയോട് കുശലം ചോദിച്ചേ പോകാറുള്ളൂ. പണ്ട് വയനാട്ടിൽ തോലൻ എന്ന് പറയുന്ന ഒരാൾ പട്ടിണി കിടന്ന് മരിച്ചു.അന്ന് ഞാനും വേണുവും (ഡോക്ടർ കെ വേണു ഐഎഎസ്സ് ) തോലനെ പോലെ പട്ടിണിയിലാണ്ട ആദിവാസികൾക്ക് ഭക്ഷണം എത്തിക്കാൻ വേണ്ടി എസ് എം സ്ട്രീറ്റിൽ ഒരു യാചന പിരിവ് നടത്തുകയുണ്ടായി. കണ്ണൂർ ഷോപ്പിൽ കയറിയപ്പോൾ റഷീദ്ക്ക അന്നത്തെ ആയിരം രൂപയാണ് നൽകിയത്.ഇന്ന് ഒരു ലക്ഷത്തിന് തുല്യമാണത്. പിന്നീട് എൻ്റെ കോളേജിലെ നിരവധി കോളേജ് മാഗസിനുകൾക്കായി പലതവണ അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്.ഞാനല്ല എഡിറ്റർ എങ്കിൽ പോലും നടത്തിപ്പുകാർ പരസ്യം പിടിക്കാൻ എന്നെയാണ് കൊണ്ടു പോവുക. അപ്പോഴൊക്കെയും എനിക്കൊരു ഉറപ്പുണ്ട്. കണ്ണൂർ ഷോപ്പിലെത്തിയാൽ റഷീദ്ക്ക ഒരിക്കലും മടക്കി അയക്കില്ലെന്ന ഉറപ്പ്. അതുകൊണ്ട് മെഡിക്കൽ കോളേജിലെ മിക്ക കോളേജ് മാഗസിൻ്റെയും ബാക്ക് കവർ കണ്ണൂർ ഷോപ്പിൻ്റെതായിരിക്കും. പാർടണർഷിപ്പിലുള്ള കടയിൽ നിന്നല്ലാതെ, സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്താണ് റഷീദ്ക്ക അത് നൽകിയിരുന്നത്.
എൻ്റെ ജീവിതവുമായി അദ്ദേഹം ബന്ധപ്പെട്ട് നിൽക്കുന്നത് യുവജന യാത്ര സമയത്താണ്. അന്ന് കുറേ വെള്ള ഷർട്ടുകൾ എടുക്കേണ്ടതായിട്ടുണ്ട്.കാരണം 40 ദിവസത്തെ യാത്രയാണ്.അതും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 600 കിലോമീറ്റർ കാൽനടയായി ദീർഘയാത്ര. അതിനായി വെള്ള ഷർട്ട് തുണി എടുക്കുന്നതിനായി ഞാൻ കണ്ണൂർ ഷോപ്പിൽ കയറി.അന്ന് ഞാൻ വിവാഹിതനല്ല. അന്ന് അദ്ദേഹം എന്നോട് ചോദിച്ചു.' അല്ല, കല്യാണം ഒന്നും വേണ്ടേ..? 'ഞാൻ പറഞ്ഞു, കല്യാണം പിന്നെ ആലോചിക്കാം, ഇപ്പോ എനിക്ക് കുറച്ച് വെള്ള ഷർട്ട് താ ,ഞാനീ യുവജന യാത്ര ഒന്ന് തീർക്കട്ടെ; അപ്പോൾ യുവജന യാത്ര തീർന്നാലോ എന്നദ്ദേഹം.തീർന്നാൽ പിന്നെ നമുക്ക് ആലോചിക്കാലോ എന്ന് ഞാൻ. അപ്പോൾ വീണ്ടും അദ്ദേഹത്തിൻ്റെ മറുപടി, എന്നാൽ ഞാൻ ആലോചിക്കും!
യുവജന യാത്ര കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോൾ അദ്ദേഹം പല കാര്യങ്ങളും പറഞ്ഞ് വീട്ടിൽ വരാൻ തുടങ്ങി. അങ്ങനെയൊരിക്കൽ അദ്ദേഹം പറഞ്ഞു, നല്ലൊരു പെണ്ണുണ്ട് എന്ന്. ഞാൻ പറഞ്ഞു, റഷീദ്ക്ക, നമുക്കാലോചിക്കാം. അങ്ങനെയൊരു ദിവസം അത്തോളിയിൽ എൻ്റെ ബന്ധുക്കളെ, അമ്മാവനെ ഒക്കെ കാണാനായി പോയപ്പോൾ റഷീദ്ക്കയുണ്ട് അത്തോളിയിൽ എത്തിയിരിക്കുന്നു. ഔളക്കയുടെ വീട്ടിലെ വൈറ്റ് ഹൗസിൽ വെച്ച് അദ്ദേഹം ചോദിച്ചു. അല്ല മുനീർ, എന്തായി ഞാൻ പറഞ്ഞ കാര്യം? അദ്ദേഹം ഔളക്കയോടും എൻ്റെ അനിയൻ നാസറിനോടും സംസാരിച്ചു. നിങ്ങൾ പെണ്ണിനെ പോയൊന്ന് കാണൂ എന്ന് പറഞ്ഞു. അങ്ങനെ റഷീദ്ക്ക പറഞ്ഞതനുസരിച്ച്, അദ്ദേഹം തന്നെ ഏർപ്പാട് ചെയ്ത രീതിയിൽ കണ്ണൂരിൽ അന്ന് എൻ്റെ അളിയൻ നടത്തിയിരുന്ന ഇൻഡസ് മോട്ടോർസിൽ തികച്ചും അപ്രതീക്ഷിതമായി കാണുന്നത് പോലെ പെണ്ണ് കണ്ടു. അന്നേരമാണ് ഞാൻ മനസ്സിലാക്കുന്നത്,റഷീദ്ക്ക പറഞ്ഞ പെണ്ണ് അദ്ദേഹത്തിൻ്റെ സ്വന്തം സഹോദരിയുടെ മകളാണെന്ന്. പെണ്ണ് കാണലിന് ശേഷം റഷീദ്ക്ക ചോദിച്ചു എന്തായി ? ഞാൻ പറഞ്ഞു ഇഷ്ടായി.എന്നാൽ പിന്നെ വീട്ടിൽ പോയി ഒന്നൂടെ കാണാം. ഞാൻ ഉമ്മയോട് പറഞ്ഞു, വീട്ടിൽ പോയി കാണുന്നത് ഒരു ചടങ്ങായി കാണാൻ പറ്റില്ല, കണ്ടു കഴിഞ്ഞാൽ പിന്നെയത് ഉറപ്പിക്കണം. ഉമ്മ പറഞ്ഞു, നിനക്ക് ഇഷ്ടം ആയിട്ടുണ്ടെങ്കിൽ നീ പോകൂ, കാണൂ, ഇഷ്ടായാൽ നമുക്ക് ഉറപ്പിക്കാം. തുടർന്ന് വീട്ടിൽ പോയി കണ്ടു തിരിച്ചു വന്നപ്പോൾ റഷീദ്ക്ക വീണ്ടും ചോദിച്ചു എന്തായി എന്ന് ? ഞാൻ പാഞ്ഞു കുഴപ്പമില്ല, കണ്ടു ഇഷ്ടപ്പെട്ടു. അത് തന്നെ ഞാൻ ഉമ്മയോടും പറഞ്ഞു.എന്നാൽ വള ഇടട്ടെ എന്ന് ഉമ്മ ചോദിച്ചു. എൻ്റെ സമ്മതം അറിയിച്ചതോടെ ഉമ്മയും പെങ്ങളും പോയി വളയണിയിച്ചു. സത്യത്തിൽ ആ വിവാഹത്തിൻ്റെ തുടക്കം മുതൽ അവസാനം വരെ ഒരു ജ്യേഷ്ഠ സഹോദരൻ്റെ ഭാഗത്ത് നിന്നാണ് റഷീദ്ക്ക അതെല്ലാം ചെയ്തത്.സ്വന്തം സഹോദരി പുത്രിയുടെ വിവാഹത്തിന് അദ്ദേഹമെടുത്ത താൽപര്യം ഒരു സഹോദര, സഹോദരി ബന്ധത്തിൻ്റെ കൂടി അടയാളമാണ്.
ആ കുടുംബത്തിലെ ഒരു വല്യേട്ടനായിട്ടാണ് എനിക്ക് റഷീദ്ക്കയെ തോന്നിയിട്ടുള്ളത്. ഒരുപാട് ആളുകളെ അദ്ദേഹം സഹായിക്കുന്നു. അപ്പോഴും സ്വന്തമായി ധാരാളം വേദനകൾ അദ്ദേഹത്തിനുണ്ടായിരുന്നു. അതൊക്കെയും അടക്കിപ്പിടിച്ച് സഹോദരങ്ങൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും വേണ്ടി ഒരു ത്യാഗിയെ പോലെ എന്നും പ്രവർത്തിച്ച ആളാണ് റഷീദ്ക്ക.ആ സ്നേഹം അവർ സഹോദരങ്ങൾക്കിടയിൽ എന്നും ശക്തവും രൂഢമൂലവുമായി നിന്നിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. കണ്ണൂരിൽ വന്നാൽ റഷീദ്ക്കയുടെ ഉമ്മയെ കാണാൻ അവിടെ എത്തും, കുറേ സമയം ചെലവഴിക്കും, തിരിച്ചുപോരും. ഇങ്ങനെയൊക്കെ റഷീദ്ക്ക എന്ന നാമം തന്നെ അലിവിന്റെയും ആർദ്രതയുടെയും ഒരു സാമ്രാജ്യമായിരുന്നു. ഞാൻ 'മിഷൻ കോഴിക്കോട്'എന്നൊരു സംരംഭം ഉണ്ടാക്കിയപ്പോൾ അതിൽ സജീവമായി റഷീദ്ക്ക ഉണ്ടായിരുന്നു.പ്രളയകാലത്തൊക്കെ തുണിത്തരങ്ങൾ കണ്ടെത്താനും അത് മിഷൻ കോഴിക്കോട് വഴി വിതരണം ചെയ്യാനുമൊക്കെ അദ്ദേഹമെടുത്ത താൽപര്യം മറക്കാനാവില്ല. എന്ത് കാര്യം പോയി പറഞ്ഞാലും അത് വിജയിപ്പിക്കുക എന്നൊരു ലക്ഷ്യമായിരുന്നു. കോവിഡ് ബാധിക്കുന്നതിൻ്റെ രണ്ട് ദിവസം മുമ്പ് അദ്ദേഹം എന്നോടൊപ്പം വീട്ടിലുണ്ടായിരുന്നു. ഞങ്ങളെയെല്ലാം സ്നേഹിച്ചും വാരിപ്പുണർന്നും അദ്ദേഹം കൂടെ ചെലവഴിച്ചു .രണ്ട് ദിവസം കഴിഞ്ഞ് കേൾക്കുന്നത് അദ്ദേഹത്തിന് കോവിഡ് ബാധിച്ചു എന്നാണ്.അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കും വന്നു. അദ്ദേഹം ഹോസ്പിറ്റലൈസ്ഡ് ആയി. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹമെന്നെ ഫോണിൽ വിളിച് സംസാരിക്കുകയും ചെയ്തു.പക്ഷേ അതിന് പിറ്റേ ദിവസം ഞാൻ കേട്ട വാർത്ത അദ്ദേഹത്തിന് ശ്വാസതടസ്സം നേരിട്ട് ഐ സി യുവിലേക്ക് മാറ്റി എന്നാണ്. ആ ഐ സി യു വിലേക്കുള്ള യാത്ര, പിന്നീട് അതിൽ നിന്നും തിരിച്ചു വരാൻ പറ്റാത്ത തരത്തിൽ ഇൻഫക്ഷനും മറ്റുമായി സങ്കീർണ്ണമാവുകയായിരുന്നു. അതിനിടയിലെപ്പോഴോ എനിക്ക് സന്തോഷത്തോട് കൂടി അമ്മായിയോടും റിജുവിനോടുമൊപ്പം റഷീദ്ക്ക ഇരിക്കുന്ന ഒരു ഫോട്ടോ അയച്ചു തന്നു. വലിയ സന്തോഷത്തോടെ, ഒരു ചെറുപുഞ്ചിരിയോട് കൂടി റഷീദ്ക്ക ഇരിക്കുന്ന ആ ഫോട്ടോയാണ് അവസാനമായി അദ്ദേഹത്തിൻ്റേതായി എനിക്കയച്ചു തന്ന ഫോട്ടോ.
പിന്നെ അദ്ദേഹം എല്ലാവരോടും യാത്ര പറഞ്ഞ്, സ്വന്തം വീട്ടിൽ എന്നന്നേക്കുമായുള്ള വിശ്രമത്തിൽ കിടക്കുമ്പോൾ ഇത്രയും ദിവസം ഹോസ്പിറ്റലിൽ കിടന്നതിൻ്റെ യാതൊരു ലക്ഷണവുമില്ലാത്ത, പ്രസന്നതക്ക് ഒട്ടും കുറവില്ലാത്ത സുന്ദരമായ മുഖത്തോടെ, കണ്ണടച്ചു കിടക്കുന്ന റഷീദ്ക്കയെ ആണ് പിന്നെ എനിക്ക് കാണാൻ പറ്റിയത്.റഷീദ്ക്ക ഇപ്പോഴും ഇവിടെയുണ്ട്, അദ്ദേഹത്തിൻ്റെ വീടിൻ്റെ ഉമ്മറത്ത് ഇപ്പോഴും ഇരിക്കുന്നുണ്ട് എന്നൊരു തോന്നൽ. ഒരിക്കലും വിട്ടുപോയിട്ടില്ല എന്നൊരു വല്ലാത്ത തോന്നൽ. ജീവിതം അദ്ദേഹം പൂർണ്ണമാക്കുന്നതിനും മുമ്പ് തൽക്കാലത്തേക്ക് യാത്ര പറഞ്ഞു പിരിഞ്ഞതാണെന്ന ഒരു തോന്നൽ. പക്ഷേ അള്ളാഹുവിൻ്റെ അലംഘനീയമായ വിധിക്ക് എല്ലാവർക്കും അടിമപ്പെട്ടേ സാധിക്കൂ.അങ്ങനെയുള്ള ദു:ഖ സാന്ദ്രമായ ഈ അന്തരീക്ഷത്തിൽ റഷീദ്ക്ക സ്വർഗ്ഗാവകാശിയായി മാറുന്നതിന് പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിൻ്റെ ഖബറിനെ സർവ്വശക്തനായ നാഥൻ സ്വർഗ്ഗപൂങ്കാവനമാക്കി നൽകി അനുഗ്രഹിക്കട്ടെ..
ആമീൻ !