എയ്ഡ്‌സ് മഹാമാരിയുടെ തുടക്കം മുതൽ എത്രയോ കാലം വിദേശ യാത്രകൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധമായിരുന്നു. ടൂറിസ്റ്റു വിസയ്ക്ക് പോലും മിക്ക രാജ്യങ്ങളും ഈ ടെസ്റ്റ് ആവശ്യപ്പെട്ടിരുന്നു. ഈ മനുഷ്യത്വ ഹീനമായ പരിപാടി അവസാനിപ്പിച്ചത് ഒബാമ അമേരിക്കൻ പ്രസിഡന്റ് ആയതിനു ശേഷമാണ്. അതിൽ യാതൊരു ലോജിക്കും ഇല്ല എന്നാണു ഒബാമ പറഞ്ഞത്. മറ്റു രാജ്യങ്ങളും അത് നിറുത്തി.
ഗൾഫിലെ മലയാളികൾക്ക് കേരളത്തിലേക്ക് വരണമെങ്കിൽ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം വേണമെന്ന് ഇവിടുത്തെ സർക്കാർ പറയുന്നത് എയ്ഡ്‌സ് കാലത്തെ കരാള ബുദ്ധിയെയാണ് ഓർമിപ്പിക്കുന്നത്. ശാസ്ത്രീയമായി പറഞ്ഞു ഫലിപ്പിക്കാൻ മന്ത്രി ശ്രമിച്ചാലും, സ്വന്തം കൂടപ്പിറപ്പിനെ ഒരു രോഗത്തിന്റെ പേരിൽ വിവേചന ബുദ്ധിയോടു കൂടി കാണുന്നത് അത്യന്തം ഹീനമാണ്. എച്ച്.ഐ.വി ടെസ്റ്റ് ഇല്ലാതെ ഇങ്ങോട്ടു വരണ്ട എന്ന് പറഞ്ഞ രാജ്യങ്ങൾക്കും ഉണ്ടായിരുന്നു ഇതേ 'ശാസ്ത്രീയ' യുക്തി. പക്ഷെ അപ്പോഴും ഒരു രാജ്യവും സ്വന്തം പൗരന്മാർക്ക് നേരെ ആ പോളിസി പ്രയോഗിച്ചിട്ടില്ല എന്നതാണ് സത്യം
കേരളത്തിന്റെ യഥാർത്ഥ കോവിഡ് എപിഡെമിക് നാം ഇത് വരെ കണ്ടതല്ല, അത് കേരളത്തിന് പുറത്തുള്ള മലയാളി അനുഭവിക്കുന്നതാണ്. അതിൽ നിന്നും ഒളിച്ചോടാനാവില്ല, കാരണം അവരുടെ പണമില്ലായിരുന്നെങ്കിൽ ഈ നാട്ടിൽ പട്ടിണി മരണങ്ങൾ ഉണ്ടാവുമായിരുന്നു. സസുഖം രാഷ്ട്രീയവും, പുരോഗമന സാഹിത്യ രാഷ്ട്രീയ കലാ പ്രവർത്തനങ്ങളും നടത്തുന്നത് അവരുടെ ചെലവിലാണ്. റെമിറ്റൻസ്-ഡിപെൻഡൻറ് എന്ന് പറയപ്പെടുന്ന ശ്രീലങ്കയിലും ഫിലിപ്പീൻസിലും പോലും സമ്പത് ഘടനയുടെ വെറും 15 ശതമാനം മാത്രമാണ് റെമിറ്റൻസ്, പക്ഷെ കേരളത്തിൽ അത് 30 ശതമാനവും. ആ പ്രവാസികളോടാണ് ജീവന് വേണ്ടി കേഴുമ്പോൾ ടെസ്റ്റ് ചെയ്തിട്ട് നെഗറ്റീവ് ആണെങ്കിൽ മാത്രം വന്നോ എന്ന് പറയുന്നത്.
ഇവിടെ നിന്നും എത്രയോ രാജ്യങ്ങൾ അവരുടെ പൗരരെ സ്വന്തം നാടുകളിലേക്ക് കൊണ്ട് പോയി, അവരോടൊക്കെ ടെസ്റ്റ് ചെയ്തിട്ട് നെഗറ്റീവ് ആണെങ്കിൽ മാത്രം വന്നാൽ മതിയെന്ന് അവരുടെ സർക്കാരുകൾ പറഞ്ഞോ? മലയാളികൾ ലോകം കാണാൻ പോയതല്ല, ചോര നീരാക്കി കൂലിപ്പണിയും കക്കൂസ് പണിയും ചെയ്തു നാട് പോറ്റാൻ പോയതാണ്. ഗൾഫിലെ ബംഗാളിയാണ് നമ്മുടെ മലയാളി. ഒരു ലക്ഷം കോടി വിദേശ നാണ്യമാണ് അവർ അയയ്ക്കുന്നത്. തമിഴ് നാട്ടിലെ മുഴുവൻ കഠ വ്യവസായം ഉത്പാദിപ്പിക്കുന്ന അത്രയും പണം.
നാട്ടിലെങ്ങും 'അതിഥി തൊഴിലാളികൾ' കഷ്ടപ്പെടുന്നത് കണ്ടപ്പോൾ കണ്ണീരും കവിതയുമായിരുന്നല്ലോ, ഇപ്പോൾ ഞങ്ങൾ മരിച്ചു പോകും, സ്വന്തം ചിലവിൽ നാട്ടിലോട്ട് വന്നോട്ടെ എന്ന് വിലപിക്കുന്ന ഗൾഫിലെ ചേരി നിവാസികളായ മലയാളികളെ കണ്ടിട്ട് കവിതയ്ക്കും വിപ്ലവത്തിനും പകരം ന്യായം പറയുന്നതിൽ പരം നാണമില്ലായ്മയും മനുഷ്യത്വ വിരുദ്ധതയും വേറെ എന്താണ്.