കൊല്ലം- കേരളത്തില് കൊറോണ ദേവിയെ പൂജിച്ചു തുടങ്ങിയെന്ന വാർത്തക്ക് ദേശീയ മാധ്യമങ്ങളിലടക്കം വലിയ പ്രാധാന്യമാണ് ലഭിച്ചത്. ഒടുവില് യാഥാർഥ്യം വെളിപ്പെടുത്തി അനിലന് മൂഹുർത്തം.
കേരളത്തിൽ കൊറോണാ വൈറസ് ദേവി: സത്യമോ, മിഥ്യയോ?
➖➖➖➖➖➖➖
സുഹൃത്തുക്കളേ...
ഞാൻ അനിലൻ മുഹൂർത്തം. കേരളത്തിൽ കൊറോണാ ദേവിയെ എൻ്റെ ഭവനത്തിൽ പൂജിക്കുന്നതായി പോസ്റ്റു ചെയ്ത വ്യക്തി.
കേട്ടപാതി, കേൾക്കാത്ത പാതി വൈറസ് രോഗശാന്തി പൂജയും അർച്ചനയുമുണ്ടെന്നും മറ്റും പറഞ്ഞു തലക്കെട്ടും ഫോട്ടോയും അടിച്ചുമാറ്റി ചിലർ ട്രോളുകളുമായി ഇറങ്ങിത്തിരിച്ചു...
ക്യാപ്ഷൻ മാത്രം കണ്ടിട്ട് അസഭ്യവർഷവും ഭീഷണിയുമായി പടപ്പുറപ്പാടുമായി ഇറങ്ങിയവർ വേറേ
വലിയൊരു വിഭാഗം!
'ചാച്ചര'കേരളത്തിൻ്റെ പ്രബുദ്ധത നീണാൾ വാഴട്ടെ.
ദൈവ സങ്കൽപ്പങ്ങളുടെ പേറ്റൻ്റ് കൈവശമുള്ളവരോ ദേവതാ സങ്കൽപ്പങ്ങളുടെ കുത്തകാവകാശം കൈവശം നേടിയിട്ടുള്ളവരോ ആണോ ഓലപ്പാമ്പു കാട്ടി സൈബർ ആക്രമണം നടത്തുന്നതെന്നെനിക്കറിഞ്ഞുകൂടാ.
കോവിഡ്ബന്ധന മന്ത്രങ്ങളും ആവാഹനപൂജകളുമായി ഇറങ്ങിത്തിരിച്ച ചില വങ്കന്മാർക്കെതിരെയുള്ള എൻ്റെ പ്രതിഷേധമായിരുന്നു ആ പോസ്റ്റ് എന്നു അതു മുഴുവൻ വായിക്കുന്ന കേവല ബുദ്ധിയുള്ളവർ തിരിച്ചറിയുകയും അവർ മോശം കമൻ്റിട്ടവരെ തിരുത്താൻ ശ്രമിക്കുകയും ചെയ്തു. അഭിനന്ദനങ്ങളെയും അസഭ്യങ്ങളെയും ഭീഷണികളെയും ഒരേ മനോഭാവത്തോടെ നോക്കിക്കാണാൻ എന്നേ മനസ്സു കൊണ്ടു ശീലിച്ച എന്നെ സംബന്ധിച്ചു ഇതൊന്നും സ്പർശിക്കാറില്ലെന്നതാണു വാസ്തവം.
സാധാരണക്കാരെ ദൈവ വ്യാപാരികളുടെ തട്ടിപ്പിനിരയാക്കാൻ മുഖ്യപങ്കു വഹിച്ചിട്ടുള്ളത് ചില (? ) പേനായുന്തി ജീവികളാണെന്ന് എനിക്കു തെളിവുകൾ നിരത്തി നിസ്സംശയം പറയാനാകും.മുഖ്യധാരാ ചാനൽ - പത്രമാധ്യമങ്ങളും പരസ്യവരുമാനാർത്ഥം വിശ്വാസത്തട്ടിപ്പു മേഖലയിൽ നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഊർമ്മിളാ ഉണ്ണി, ദിവ്യാ ഉണ്ണി തുടങ്ങിയ ഉണ്ണി നടിമാരൊക്കെ വലംപിരി ശംഖിൻ്റെ മാഹാത്മ്യം വിളിച്ചു പറഞ്ഞപ്പോൾ വലംപിരി ശംഖിൻ്റെ പരസ്യവും വിപണനവും ഗവൺമെൻ്റ് നീയമം മൂലം നിരോധിച്ചിട്ടു രണ്ടു പതിറ്റാണ്ടുകളിലേറെയായി എന്നു വിളിച്ചു പറയാൻ ഒരു ഫെയ്സ് ബുക്ക് മുതലാളിയെയും ഗ്രൂപ്പന്മാരെയും കണ്ടില്ല...
ധനാകർഷണ ഭൈരവ യന്ത്രം അതു കൊടുക്കുന്നവനെ മാത്രമേ സമ്പന്നനാക്കൂ എന്നും പരസ്യങ്ങളിൽ കാണുന്ന കുട്ടിച്ചാത്തനെ തേടിപ്പോകുന്നവരുടെ കീശ കാലിയാകുന്നതല്ലാതെ യാതൊരു ഗുണവുമുണ്ടാകില്ലെന്നു പറയാൻ ഏതെങ്കിലും സൈബർ തൊഴിലാളികൾക്കോ രാഷ്ട്രീയ, സാമൂഹ്യ, മാധ്യമ പ്രവർത്തകനോ ആർജ്ജവമുണ്ടായോ?
അനന്തം, അജ്ഞാതം... അവിശ്വസനീയം!
ഇത്രയും പറയാൻ കാരണം ഇന്നാരും നമ്മുടെ പൈതൃക അറിവുകളെയും ആചാരങ്ങളെ പറ്റിയും മനസ്സിലാക്കുന്നില്ല...അത് മനസ്സിലാക്കിരുന്നു എങ്കിൽ ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്ന് എന്നേ ഹൈന്ദവജനത മോചിതരായേനേ...
ത്രിസന്ധ്യയ്ക്കു മുമ്പേ അടിച്ചു തളിച്ചു ശുദ്ധവൃത്തി വരുത്തി വിളക്കു വെച്ചു നാമം ജപിക്കുന്ന ഐശ്വര്യവും നവ മാധ്യമ കൂട്ടായ്മകളിൽ കൂടി നടത്തുന്ന നാമജപവുംതട്ടിച്ചു നോക്കിയാൽ രണ്ടാമത്തേതു 'സെൽഫ് എക്സിബിഷനിസം' എന്ന മനോവൈകൃതമാണെന്നു പറയാൻ എനിക്കൊരു മടിയുമില്ല. പക്ഷേ, അതു ചെയ്യുന്ന പാവങ്ങളെ ഞാൻ കുറ്റപ്പെടുത്തില്ല.
പണ്ട് കാലങ്ങളിൽ എല്ലാ ഹൈന്ദവ വീടുകളിലും ഉമ്മറത്ത് ഭസ്മം തൂക്കി സൂക്ഷിക്കുമായിരുന്നു...എന്തിനാണന്നറിയാമോ: രാവിലെ കുളിച്ചതിന് ശേഷം ഭസ്മം ധരിച്ചാൽ ശരീരം രോഗാണുവിമുക്തമാകും. പക്ഷേ, ഇന്ന് മിക്ക ക്ഷേത്രങ്ങളിൽ നിന്നും പ്രസാദമായി ലഭിക്കുന്ന വ്യാജ ഉത്പ്പന്നങ്ങളായ ഭസ്മവും ചന്ദനവും പൂശിയാൽ നെറ്റിയും കഴുത്തും പൊള്ളി കാലക്രമേണ പാട് (അടയാളം) വീഴും!
വൈകുന്നേരം ഒരു പത്ത് മിനിട്ടെങ്കിലും സന്ധ്യനാമം ജപിക്കുന്നവന് കാര്യസിദ്ധിപൂജയുടെയോ വഴിയരികിൽ അടുപ്പു കൂട്ടി പായസം വെക്കുകയോ ചെയ്യേണ്ട ആവശ്യമുണ്ടോ?
ഇല്ല എന്നു പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല തന്നെ!
കൊവിഡ് 19-സാമൂഹ്യ വ്യാപനമായിട്ടുണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദർ വിലയിരുത്തുന്ന സാഹചര്യത്തിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഭരണാധികാരികൾ നൽകിയ അനുമതി പ്രകാരം തുറന്നു വെച്ചിരിക്കുന്ന ആരാധനാലയങ്ങളിൽ പോയി ഈ വൈറസിനെ ചുമന്നുകൊണ്ടു വന്ന് വീട്ടിലും നാട്ടിലും വിതരണം ചെയ്യരുതെന്നും 'മാനവസേവയാണ് ഏറ്റവും ശ്രേഷ്ഠമായ മാധവസേവ' എന്നു പറയാനുമുള്ള ഒരു സങ്കേതമാണ് യഥാർത്ഥത്തിൽ ഞാൻ കൊറോണാദേവിയെ അവലംബിച്ചു പ്രയോഗിച്ചത്.
എനിക്കോ കുടുംബത്തിനോ ഒരു ജലദോഷപ്പനി വന്നാൽ ഞാൻ പൂജ ചെയ്യുകയല്ല ചെയ്യുന്നത്. ഡോക്ടറുടെ സേവനം തേടുകയാണു പതിവ്. അതേ ഞാൻ തന്നെ കൊറോണ വൈറസിനെ പിടിച്ചു കുടത്തിലാക്കുമെന്നു പ്രഖ്യാപിക്കാൻ മാത്രം വിഡ്ഢിയാണെന്നു കരുതുന്നവർ സാക്ഷര കേരളത്തിന് അലങ്കാരമല്ല,അലങ്കോലമാണ്!
അവസാനമായി ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഈ മഹാവ്യാധിയുടെ കാലത്ത് ലോകാരോഗ്യ സംഘടന നിഷ്ക്കർഷിക്കുന്ന മുഖാവരണം ( മാസ്ക് ) താടിയ്ക്ക് അലങ്കാരമായി ധരിക്കുന്ന നേതാക്കന്മാരെ തിരുത്താൻ നിൽക്കാതെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം മാനിച്ചു മേൽക്കാലം ജീവിക്കാൻ ആഹ്വാനം ചെയ്ത എന്നെ ആക്ഷേപിക്കുന്നവരോട് സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ!
ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കു പിന്തുണ കൊടുക്കാനുള്ള സമയം രാഷ്ട്രീയ കോലാഹലങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ആഹ്വാനം ചെയ്ത ഞാൻ കൊടിയ കുറ്റവാളി...
സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നു വരുന്ന ആളുകൾ കയറി വന്ന് തങ്ങളുടെ സംസ്ക്കാരം പ്രകടിപ്പിക്കുന്ന ഒരു വലിയ മാർക്കറ്റായി സോഷ്യൽ മീഡിയാ മാറിക്കഴിഞ്ഞതായി തലയിൽ ആൾത്താമസമുള്ളവർക്കറിയാം. അതു കൊണ്ടു തന്നെ നവ മാധ്യമങ്ങളിൽ കൂടി കൊറോണാദേവിക്കും അതുവഴി ഞാൻ ഉദ്ദേശിച്ച പ്രതിഷേധം വൈറലാക്കിയവർക്കും നമോവാകം പറഞ്ഞു കൊണ്ടു നിർത്തട്ടെ.
ഒത്തിരി സ്നേഹത്തോടെ -
അനിലൻ മുഹൂർത്തം.
- 88488 94277, 95390 97174