പടച്ചവന് സ്തുതി.. പ്രാർത്ഥനകൾ കൊണ്ട്, ആശ്വാസ വാക്കുകൾ കൊണ്ട് ചേർന്ന് നിന്ന എല്ലാവരോടും മനസ്സ് നിറഞ്ഞ സ്നേഹം..
കോവിഡ് പോസിറ്റിവ് ആയിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയിൽ അധികമായി ക്വാറന്റൈനിൽ ആണ്. വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ ഏറെക്കുറെ സുഖമായി. അൽഹംദുലില്ലാഹ്.. ഇന്നലെ വരേ ചുവപ്പായിരുന്ന ഖത്തർ ഇഹ്തിറാസ് മൊബൈൽ ആപ്പിൽ ഇന്ന് മഞ്ഞ തെളിഞ്ഞിട്ടുണ്ട്. ഇനിയത് പച്ച ആയാൽ അടുത്ത ആഴ്ച മുതൽ ജോലിക്ക് പോയി തുടങ്ങാം എന്നാണ് വിചാരിക്കുന്നത്.
റൂമിൽ കൂടെ താമസിക്കുന്ന സുഹൃത്തിനാണ് ആദ്യം പനി വന്നത്. തൊട്ടടുത്ത ദിവസം എനിക്കും പനി വന്നു. കൂട്ടുകാരൻ ഡോക്ടറെ കാണിച്ചപ്പോൾ പനിക്കുള്ള ഗുളികയും, ആന്റി ബയോട്ടിക്കും തന്ന് പറഞ്ഞയച്ചു. സാധാരണ പനി ആണെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഞങ്ങളെ കൂടാതെ റൂമിൽ ഉണ്ടായിരുന്ന മൂന്നാമത്തെ ആളെ മറ്റൊരു റൂമിലേക്ക് മാറ്റി താമസിപ്പിച്ചു. കോവിഡ് ആണെങ്കിൽ മറ്റുള്ളവരിലേക്ക് പകരണ്ട എന്ന് കരുതി പരമാവധി ശ്രദ്ധിച്ചിരുന്നു. പ്രത്യേകം റൂമും, ബാത്റൂം ഒക്കെയാണ് ഉപയോഗിച്ചിരുന്നത്. എന്നിട്ട് കൂടി ഒരാഴ്ച കൊണ്ട് തൊട്ടടുത്ത റൂമുകളിലായി താമസിച്ചിരുന്ന ബാക്കിയുള്ള 7 ആളുകൾക്കും പനി പിടിച്ചു.
അങ്ങനെയാണ് രണ്ട് ആളുകൾ ടെസ്റ്റിന് പോയത്. രണ്ടും പോസിറ്റിവ്.! പിന്നെ മെഡിക്കൽ ടീം ഫ്ലാറ്റിലേക്ക് വന്ന് ബാക്കിയുള്ളവരെ കൂടി ടെസ്റ്റ് ചെയ്തു. റിസൾറ്റ് വന്നപ്പോ എല്ലാവരും പോസിറ്റിവ്.!! പകരുന്ന കാര്യത്തിൽ കോവിഡിന് ഉസൈൻ ബോൾട്ടിനേക്കാൾ വേഗതയാണ് എന്ന് അന്ന് മനസ്സിലായി.
തുടക്കത്തിൽ നല്ല പനിയും ശരീര വേദനയും എല്ലാവർക്കും ഉണ്ടായിരുന്നു. എല്ലാവർക്കും ഒരുമിച്ചു വന്നത് കൊണ്ടും, ഫ്ലാറ്റിൽ തന്നെ ക്വാറന്റൈൻ ആയത് കൊണ്ടും ആർക്കും വലിയ രീതിയിലുള്ള ടെൻഷൻ ഒന്നും ഇല്ലായിരുന്നു. എങ്കിലും ചിലരുടെയൊക്കെ ചിരിക്ക് ആ പഴയ വോൾട്ടേജ് ഇല്ലായിരുന്നു എന്ന് പറയുന്നതാവും ശരി.
ഞങ്ങളുടെ അനുഭവത്തിൽ നിന്ന് പഠിച്ച കുറച്ചു കാര്യങ്ങൾ പറയാം.. ഒരാൾ കോവിഡ് പോസിറ്റിവ് ആയാൽ ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ, നേരിടുക എന്നതാണ് കോവിഡിനെ പ്രധിരോധിക്കാനുള്ള ഒന്നാമത്തെ മരുന്ന്. കോവിഡിന് ഇതുവരെ മറ്റ് മരുന്നുകളൊന്നും കണ്ട് പിടിച്ചിട്ടില്ല എന്ന സത്യം ആദ്യം മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക. പോസിറ്റിവായി നമ്മളിലേക്ക് വരുന്ന കോവിഡിനെ പോസിറ്റിവായി തന്നെ നേരിടുക. കോവിഡ് താനേ നെഗറ്റിവായി പടിയിറങ്ങി പൊയ്ക്കോളും.
ദിവസവും 8-9 മണിക്കൂർ എങ്കിലും ഉറങ്ങുക.3 -4 ലിറ്റർ വെള്ളം കുടിക്കുക. നന്നായി ഭക്ഷണം കഴിക്കുക. രോഗ പ്രധിരോധ ശേഷി വർധിപ്പിക്കുന്ന ഫ്രൂട്സും, പച്ചക്കറികളും കഴിക്കുക. രണ്ടോ മൂന്നോ പ്രാവശ്യം ആവി പിടിക്കുക. ചെറുനാരങ്ങ, ഇഞ്ചി, കരിഞ്ജീരകം ഇവയൊക്കെ ചെറു ചൂട് വെള്ളത്തിൽ ചേർത് ഇടക്കിടെ കുടിക്കുന്നതും നല്ലതാണ്.
ഇതെല്ലാം ഫലം ചെയ്യണമെങ്കിൽ ആത്മവിശ്വാസവും, ധൈര്യവും ഉണ്ടായിരിക്കണം എന്നത് പ്രധാനമാണ്. മാനസിക പിരിമുറുക്കം ശാരീരികമായ മറ്റ് പല അസുഖങ്ങൾക്കും കാരണമാകും. ഉറക്കം നഷ്ടപ്പെടും. നന്നായി ഭക്ഷണം കഴിക്കാൻ കഴിയില്ല. രോഗ പ്രധിരോധ ശേഷി കുറയുകയും കോവിഡ് നമ്മളിൽ കൂടുതൽ അപകടകാരിയാവുകയും ചെയ്യും. നമ്മൾ എത്രത്തോളം നെഗറ്റിവ് ആകുന്നുവോ അത്രത്തോളം കോവിഡ് പോസിറ്റിവായി നമ്മളിൽ തന്നെ തുടരുകയും, മറ്റുള്ളവരിലേക്ക് വ്യാപിക്കുകയും ചെയ്യും.
പലർക്കും അകാരണമായ ഭയമാണ്. ചിലർക്ക് കോവിഡ് വരുമോ എന്ന ഭയം. വന്നവർക്ക് ഞാൻ മരിച്ചു പോകുമോ എന്ന ഭയം. വന്ന് മാറിയവർക്ക് ഭാവിയിൽ ഇതുമൂലം എനിക്ക് വല്ല അസുഖവും വരുമോ എന്ന ഭയം.. തൽക്കാലം ഇത്തരം ഭയങ്ങളെയൊക്കെ എട്ടാക്കി മടക്കി നമുക്ക് കടലിൽ എറിയാം.. കോവിഡിനൊപ്പം ജീവിക്കുക എന്ന രീതിയിലേക്ക് ലോകം പോയിക്കൊണ്ടിരിക്കുമ്പോൾ ആത്മവിശ്വാസതോടെ, ധൈര്യത്തോടെ അതിനെ നേരിടുകയല്ലാതെ നമുക്ക് മുന്നിൽ വേറെ വഴിയൊന്നും ഇല്ല.
നമ്മളിൽ പലരും ഭയപ്പെടുന്നത് പോലെ കോവിഡ് 19 അത്ര അപകടകാരിയായ ഒരു വൈറസ് അല്ല. മറ്റ് അസുഖങ്ങൾ ഒന്നും ഇല്ലാത്ത ആരോഗ്യവാനായ ഒരാളാണ് നിങ്ങളെങ്കിൽ ഒരിക്കലും നിങ്ങളതിനെ ഭയപ്പെടേണ്ട കാര്യമില്ല. ഒരു സാധാരണ പനി വന്ന് പോകുന്നത് പോലെ വന്ന് പോകുന്ന ഒരു രോഗം മാത്രമാണിത്.
തുടക്കത്തിൽ രണ്ടോ മൂന്നോ ദിവസം ഉണ്ടാകുന്ന പനി, ശരീര വേദന, ചുമ, അത് പോലെയുള്ള മറ്റ് ചെറിയ പ്രയാസങ്ങൾ മാറ്റി നിർത്തിയാൽ കോവിഡ് നമ്മളിൽ വലിയ ശാരീരിക പ്രയാസങ്ങളൊന്നും ഉണ്ടാക്കുന്നില്ല. ചിലരിൽ കോവിഡ് യാതൊരു രീതിയിലുള്ള അടയാളം പോലും കാണിക്കുകയില്ല.! നിലവിലെ കണക്ക് പ്രകാരം കോവിഡ് മൂലമുള്ള മരണ സാധ്യത ഗൾഫിലും, കേരളത്തിലും ഒക്കെ ഒരു ശതമാനത്തിലും താഴെ മാത്രമാണ്.
ഒരു അസുഖവും ഇല്ലാത്ത ആരോഗ്യവാന്മാരായ ആളുകളും കോവിഡ് വന്ന് മരിക്കുന്നില്ലേ എന്ന് ചിലർ ചോദിച്ചേക്കാം.. അപൂർവമായി ഉണ്ടാവാം..
കോവിഡിന് മുമ്പും ആരോഗ്യവാന്മാരായ ആളുകൾ മറ്റ് അസുഖങ്ങൾ മൂലമോ, അല്ലെങ്കിൽ ഒരു കാരണവും ഇല്ലാതെ പോലും മരിക്കാറുണ്ടായിരുന്നില്ലേ എന്ന മറു ചോദ്യം മാത്രമാണ് അവരോട് തിരിച്ചു ചോദിക്കാനുള്ളത്.
പിന്നെ ഈ വൈറസ് അപകടകാരിയാവുന്നത് നിലവിൽ ഇതുവരെ കോവിഡിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതും, മറ്റുള്ളവരിലേക്ക് പെട്ടെന്ന് പടർന്ന് പിടിക്കുന്നു എന്ന കാര്യത്തിലും മാത്രമാണ്. ഈ കാര്യത്തിലാണ് നമ്മൾ ഓരോരുത്തരും ജാഗ്രത പുലർത്തേണ്ടത്. നമ്മൾ കാരണം ഈ രോഗം ഒരാളിലേക്കും പടരാൻ ഇടവരരുത്. കാരണം നമ്മുടെ ശരീരത്തിൽ യാതൊരു ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും, ഉണ്ടാക്കാത്ത വൈറസ് ഏതെങ്കിലും തരത്തിൽ ആരോഗ്യ പ്രശ്നമുള്ളവരിലേക്കോ, പ്രായമായവരിലേക്കോ, കുട്ടികളിലേക്കോ, ഇമ്മ്യൂണിറ്റി പവർ കുറഞ്ഞ ആളിലേക്കോ ആണ് പടരുന്നത് എങ്കിൽ ഒരുപക്ഷെ അത് അവരുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കും.
അത് കൊണ്ടാണ് ഓരോ രാജ്യത്തെ ഗവർമെന്റുകളും, ആരോഗ്യപ്രവർത്തകരും, കർശനമായ നിയന്ത്രണങ്ങൾ നമുക്ക് മുന്നിൽ വെക്കുന്നത്. അത് പാലിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരുമാണ്.
ഞാൻ കാരണം ഒരാളിലേക്കും രോഗം പടരില്ല.. ഒരു ജീവനും പൊലിയുകയില്ല.. എന്ന് ഓരോരുത്തരും ചിന്തിച്ചു തുടങ്ങിയാൽ, ആരോഗ്യ മേഖലയിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു തുടങ്ങിയാൽ, നമ്മുക്ക് പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു നടന്ന് തുടങ്ങാം...
എന്റെ വീട്ടുകാരെ ഇത് എഴുതുന്ന നിമിഷം വരേ അസുഖ വിവരം അറിയിച്ചിട്ടില്ല. വെറുതെ എന്തിനാ അവരെ കൂടി നമ്മൾ സങ്കടപ്പെടുത്തുന്നതെന്ന് കരുതിയിട്ടാണ്. എന്താണ് ജോലിക്ക് പോകാത്തത്.? എന്താണ് ചുമക്കുന്നത് എന്നൊക്കെയുള്ള കൂടെ കൂടെയുള്ള അവരുടെ ചോദ്യങ്ങൾക്ക് പല കള്ളങ്ങൾ പറഞ്ഞാണ് ഇത് വരേ പിടിച്ചു നിന്നത്.
നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരോട് പോലും പങ്ക് വെക്കാൻ കഴിയാത്ത വിഷമങ്ങളുണ്ടാക്കുന്ന ഇതുപോലുള്ള ചില സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടായേക്കാം. അത്തരം വിഷമങ്ങൾ മനസ്സിൽ കിടന്ന് നീറി ചങ്കോളം എത്തി നിൽക്കുമ്പോൾ അത് പറയാൻ കഴിയുന്ന ചില സൗഹൃദങ്ങൾ ഉണ്ടാവുക എന്നതും ഒരു ഭാഗ്യമാണ്.
അങ്ങനെ പറഞ്ഞ ചങ്കുകൾ തിരിച്ചു നൽകിയ പ്രാർത്ഥനകൾ.. ആശ്വാസ വാക്കുകൾ.. എന്തെങ്കിലും ആവശ്യമുണ്ടോ, സുഖമായോ എന്നൊക്കെ ചോദിച്ചുള്ള മെസ്സേജുകൾ, ഫോൺ കോളുകൾ.. അതൊക്കെ കാണുമ്പോഴാണ് നമ്മൾ തനിച്ചല്ലെന്നും നമ്മളെ സ്നേഹിക്കുന്ന കുറേയാളുകൾ നമുക്ക് ചുറ്റുമുണ്ടെന്നും തിരിച്ചറിയുന്നത്. അതൊക്കെ നമുക്ക് നൽകുന്ന പോസിറ്റിവ് എനർജി വളരെ വലുതാണ്.
അത്തരം നല്ല സൗഹൃദങ്ങളെ, ബന്ധങ്ങളെ, നട്ട് നനച്ച് വളർത്തി കൊണ്ട് വരിക. എങ്കിൽ പ്രശ്നങ്ങളുടെ, സങ്കടങ്ങളുടെ, ചൂടേറ്റ് വാടിത്തളരുമ്പോൾ വന്നിരിക്കാൻ ആ സൗഹൃദത്തിന്റെ തണലുണ്ടാകും.. ചേർത്തു പിടിച്ച് തളരരുത് എന്ന് പറയാൻ ആ ചങ്കുകളുണ്ടാകും.
ഒരു പ്രയാസത്തിൽ തണലായി കൂടെ നിന്ന, പ്രാർത്ഥനകൾ കൊണ്ട്, ആശ്വാസ വാക്കുകൾ കൊണ്ട് കരുത്ത് പകർന്ന് തന്ന എല്ലാവരോടും മനസ്സ് നിറഞ്ഞ സ്നേഹം...
അസാധാരണമായ ഈ സാധാരണ ജീവിതത്തിൽ നിന്നും മാസ്കില്ലാത്ത, ഗ്ലൗസില്ലാത്ത, സാമൂഹിക അകലങ്ങൾ ഇല്ലാത്ത, പരസ്പരം കാണുമ്പോൾ കൈപിടിച്ച് ചേർന്ന് നിൽക്കാൻ കഴിയുന്ന,സന്തോഷവും, സ്വാതന്ത്ര്യവും നിറഞ്ഞ,ആ നല്ല കാലത്തിലേക്ക് എത്രയും വേഗം തിരിച്ചു നടക്കാൻ നമുക്കൊക്കെ സാധിക്കട്ടേ എന്ന പ്രാർത്ഥനയോടെ...