കൊറോണ വൈറസ് അത്യധികം ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ രോഗബാധിതരായവര്‍ക്കും രോഗം ബാധിക്കാന്‍ ഇടയുണ്ടെന്ന് തോന്നുന്നവര്‍ക്കും കൃത്യസമയത്തു തന്നെ ചികിത്സ ഉറപ്പാക്കാനായി ലോകാരോഗ്യ സംഘടന കൃത്യമായ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍, ജീവിക്കുന്ന ചുറ്റുപാടുകള്‍, അടുത്തിടെ നടത്തിയ യാത്രകളുടെ വിവരങ്ങള്‍, ഏര്‍പ്പെട്ടിരിക്കുന്ന തൊഴില്‍ എന്നിവയെ അടിസ്ഥാനമാക്കി ലബോറട്ടറി പരിശോധനാഫലം വരുന്നതിനു മുമ്പു തന്നെ രോഗനിര്‍ണയം നടത്താനും ചികിത്സ തീരുമാനിക്കാനും ഈ മാനദണ്ഡങ്ങള്‍ ഒരു പരിധി വരെ സഹായിക്കുന്നു.
ഈ രോഗത്തെ ചെറുക്കാന്‍ ഫലപ്രദമായ മരുന്നു ലഭ്യമല്ലാത്തതു കാരണം ലക്ഷണങ്ങളും അവയുടെ സങ്കീര്‍ണതകളും മുന്‍നിര്‍ത്തി അവ കുറയ്ക്കാനുള്ള ചികിത്സയാണ് ഇപ്പോള്‍ നടപ്പാക്കിവരുന്നത്. രോഗപ്രതിരോധം മാത്രമാണ് ഒരേ ഒരു പോംവഴി. ഇതിനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോള്‍ ചെയ്യേണ്ട മുന്‍കരുതലുകള്‍ നിര്‍ദേശിക്കുകയാണ് കംപ്യൂട്ടേഷനല്‍ ബയോളജിസ്റ്റും വൈറോളജി ആന്റ് കാന്‍സര്‍ ബയോളജി ഗവേഷകയുമായ ഡോ. സബീന മുസ്തഫ, റിയാദ്
1) വ്യക്തിശുചിത്വം പാലിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
2) തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോള്‍ മൂക്കും വായയും തൂവാല അല്ലെങ്കില്‍ ടിഷ്യൂ ഉപയോഗിച്ച് മൂടുക.
3) കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക. അല്ലെങ്കില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.
4) വൃത്തിയാക്കാത്ത കൈകള്‍ ഉപയോഗിച്ച് കണ്ണിലോ മൂക്കിലോ തൊടരുത്.
5) ശരിയായ രീതിയില്‍ പാകപ്പെടുത്തിയതും വൃത്തിയായതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുക. കുടിക്കുന്ന വെള്ളം മലിനമല്ലെന്ന് ഉറപ്പു വരുത്തുക.
6) തിരക്കേറിയ സ്ഥലങ്ങളില്‍ പോകുന്നത് കഴിയുന്നതും ഒഴിവാക്കുക.
7) അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക.
8) രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കവും രോഗബാധിതമായ മേഖലയിലേക്കുള്ള യാത്രകളും ഒഴിവാക്കുക.
9) രോഗികളെ ശുശ്രൂഷിക്കുന്നവര്‍ പ്രത്യേകം കരുതല്‍ സ്വീകരിക്കണം.
10) രോഗബാധ ഉള്ളവരെ പ്രത്യേക മുറിയിലാക്കിയാണ് ചികിത്സ നടത്തേണ്ടത്.
11) രോഗികളുമായി നേരിട്ട് ഇടപഴകുന്നത് ഒഴിവാക്കണം. ഗ്ലൗസ്, മാസ്‌ക് എന്നിവ ശരിയായ രീതിയില്‍ ധരിക്കേണ്ടതാണ്.
12) രോഗലക്ഷണങ്ങളുള്ളവരുമായി പ്രായമുള്ളവരും ഗുരുതര രോഗങ്ങള്‍ ഉള്ളവരും അടുത്ത സമ്പര്‍ക്കം പുലര്‍ത്തരുത്.
13) രോഗിയുടെ വിവിധ ശരീര സ്രവങ്ങള്‍ വഴി മറ്റുള്ളവരിലേക്ക് രോഗം പെട്ടെന്ന് പകരാനിടയാക്കുന്നു. ഇതു തടയുന്നതിനായി മാസ്‌ക്, ഗ്ലൗസ് എന്നിവ ശരിയായ വിധം ധരിക്കണം.
14) മൃഗങ്ങളില്‍ നിന്നും പകരാന്‍ സാധ്യത ഉള്ളതിനാല്‍ അവയില്‍ നിന്നും അകലം പാലിക്കുക