അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ഏക സിവില്‍ കോഡ് നടപ്പാക്കല്‍ തുടങ്ങിയവ ദശാബ്ദങ്ങളായി ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള രാഷ്ട്രീയ അജണ്ടകളാണ്. ഹിന്ദുക്കളെ ഏകീകരിക്കാന്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നല്ലാതെ ഇവയൊന്നും യാഥാര്‍ഥ്യമാക്കാന്‍ ബി.ജെ.പിക്ക് സാധിക്കുമെന്നോ അതിനായി അവര്‍ ശ്രമിക്കുമെന്നോ ആരും വിചാരിച്ചതല്ല.
ഇനി അങ്ങനെയല്ല. ജമ്മു കശ്മീരിനെ വെട്ടിമുറിക്കാനും സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും പുഷ്പം പോലെ സാധിച്ചിരിക്കുന്നു. കശ്മീര്‍ വിഭജന ബില്‍ പൂ പറിക്കുന്നതു പോലെയാണ് രാജ്യസഭയില്‍ പാസാക്കിയത്.
ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലുന്ന മുസ്ലിം പുരുഷനെ മൂന്ന് വര്‍ഷത്തേക്ക് ജയിലിലടക്കുന്ന നിയമം നിര്‍മിച്ച് ഒരാഴ്ച പിന്നിടും മുമ്പാണ് ബി.ജെ.പിയുടെ പുതിയ വിജയം. ആശയപരമായും ജനസംഖ്യാപരമായുമുള്ള എല്ലാ വേലിക്കെട്ടുകളും ഭേദിക്കാന്‍ സാധിക്കുമെന്നാണ് രാജ്യസഭയില്‍ പാസായ മുത്തലാഖ് ബില്‍ ബി.ജെ.പിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും കാണിച്ചു കൊടുത്തത്. അല്ലെങ്കില്‍ അവര്‍ ഇന്ത്യക്കാര്‍ക്കുമുന്നില്‍ തെളിയിച്ചത്.
സ്വാഭാവികമായും അടുത്ത ലക്ഷ്യം ഏക സിവില്‍ കോഡാണ്. വലിയ വിവാദം സൃഷ്ടിച്ചിരുന്ന ഏക സിവില്‍ കോഡ് എന്ന തലക്കെട്ട് ഉപയോഗിക്കില്ലെങ്കിലും വ്യക്തി നിയമങ്ങളിലെ ഓരോ വ്യവസ്ഥയുമെടുത്ത് സുക്ഷ്മ പരിശോധന നടത്തുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അങ്ങനെ അത് ഏകീകൃത സിവില്‍ കോഡിലെത്തിക്കാന്‍ സാധിക്കുമെന്നും ലക്ഷ്യം നേടുക പ്രയാസമാണെന്ന് ഇപ്പോള്‍ തോന്നുമെങ്കിലും പ്രായോഗികമായി അത് എളുപ്പമാകുമെന്നും ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും നേതാക്കള്‍ കരുതുന്നു.
ബാബ്‌രി മസ്ജിദ് പ്രശ്‌നം അവസാനത്തിലേക്ക് അടുക്കുകയാണ്. കേസ് തീര്‍ക്കുന്നതിന് സുപ്രീം കോടതി വാദം കേള്‍ക്കലിന് വേഗം കൂട്ടുന്നു. എല്ലാ ദിവസവും വാദം കേള്‍ക്കുമെന്നാണ് പരമോന്നത നീതിപീഠം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടിലൊന്ന് തീരുമാനിക്കാന്‍ ആര്‍.എസ്.എസ് വലിയ സമ്മര്‍ദമാണ് ചെലുത്തുന്നത്. മതപരമായും രാഷ്ട്രീയമായും എന്തൊക്കെ കോലാഹലമുണ്ടാക്കിയാലും അയോധ്യ ഗെയിം ഫൈനലിലേക്ക് നീങ്ങുന്നു.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് രാജ്യസഭയില്‍ പാസാക്കിയെടുത്തത് തീവ്രദേശീയതയിലൂടെ ഹിന്ദുത്വ അജണ്ട മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള മാര്‍ഗം കൂടിയാണ് കാണിച്ചിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു കൊണ്ടുനടന്നിരുന്ന ആശയങ്ങളല്ല, ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജി സമരം ചെയ്ത ഹിന്ദുത്വ രാഷ്ട്രീയമാണ് ശരിയെന്നാണ് പാര്‍ലമെന്റില്‍ ബി.ജെ.പി തെളിയിച്ചിരിക്കുന്നത്.
മതേതര പാര്‍ട്ടികളുടെ മനസ്സ് ആഭ്യന്തര മന്ത്രി അമിത് ഷാ എങ്ങനെ കീഴടക്കിയെന്നും എന്തു കൈവിഷമാണ് നല്‍കിയതെന്നും വ്യക്തമാകാന്‍ കാലം കുറച്ചെടുക്കും.
കെട്ടിക്കിടന്ന ബില്ലുകള്‍ പാസാക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയ അമിത് ഷാ ഒരു മാസം മുമ്പ് തന്നെ കശ്മീരിന്റെ കാര്യത്തിലുള്ള ഒരുക്കം തുടങ്ങിയിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. സ്ഥിതി മാറിയെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് പൊതുവികാരം അനുകൂലമാകുമെന്നും നാളിതുവരെ പുലര്‍ത്തിപ്പോന്ന നിലപാടുകളില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തുകടക്കുമെന്നും മതേതര പാര്‍ട്ടികളുടെ തൊട്ടുകൂടായ്മ അവസാനിക്കുമെന്നും മനസ്സിലാക്കിയ അമിത് ഷായെ സംബന്ധിച്ചിടത്തോളം തന്ത്രങ്ങള്‍ എളുപ്പമായിരുന്നു.
ബി.ജെ.ഡി, ടി.ആര്‍.എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലുഗുദേശം പാര്‍ട്ടി എന്നിവയൊക്കെ കശ്മീര്‍ വിഭജന ബില്ലിനെ പിന്തുണക്കാന്‍ മുന്നോട്ടുവന്നത് അടുത്ത കാലം വരെ ബി.ജെ.പിക്ക് രാജ്യസഭ കടമ്പയാകുമെന്ന ധാരണയാണ് ഇല്ലാതാക്കിയിരിക്കുന്നത്.
കശ്മീര്‍ കാര്യത്തിലുണ്ടായത് ദേശീയോദ്ഗ്രഥനത്തിലേക്കുള്ള ചരിത്ര തീരുമാനമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു. തങ്ങളുടെ ജീവവായുവായ തീവ്ര ദേശീയത പ്രകടമാകുന്ന തീരുമാനങ്ങള്‍ ഇനിയും വരാനിരിക്കുന്നുവെന്നും പടക്കങ്ങള്‍ പൊട്ടിക്കാനും നൃത്തം ചെയ്യാനും ഇനിയും എ.ബി.വി.പിക്കാര്‍ക്കും യുവമോര്‍ച്ചക്കാര്‍ക്കും അവസരമുണ്ടാകുമെന്നുമാണ് അദ്ദേഹം പറഞ്ഞുവെച്ചിരിക്കുന്നത്.