Sorry, you need to enable JavaScript to visit this website.

മുനവ്വറലി ശിഹാബ് തങ്ങളുടെ മനം കവര്‍ന്ന ചൈനക്കാരന്‍

മലയാളം സംസാരിക്കുന്ന ചൈനക്കാരന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മനം കവര്‍ന്നു. മലേഷ്യയില്‍ ഈദാഘോഷത്തില്‍ പങ്കെടുത്ത അദ്ദേഹം ചൈനക്കാരന്റെ മലയാളം സംസാരം ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. മലേഷ്യയില്‍ വിവിധ സമുദായക്കാര്‍ ഒന്നിച്ചു ചേര്‍ന്ന മനോഹരമായ ഈദ് സംഗമവും മുനവ്വറലിയുടെ മനം കവര്‍ന്നു.

ആള്‍ മലേഷ്യ മലയാളി അസോസിയേഷന്‍ (അമ്മ) പെര്‍സാച്ചുവന്‍ മലബാരി മലേഷ്യ (പിഎംഎം) എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഈദാഘോഷ പരിപാടി വ്യത്യസ്തവും ശ്രദ്ധേയവുമായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റില്‍നിന്ന്

മലയാളികളുടെ ഏറ്റവും കൂടുതല്‍ അംഗത്വമുള്ള ഒരു സംഘടനയാണ് അമ്മ എന്നത്. ശ്രീ ദാത്തോ രാജന്‍ മേനോന്‍ അമ്മയുടെ പ്രസിഡന്റായത് മുതല്‍ മികച്ചതും ഉപകാരപ്രദവുമായ പ്രോഗ്രാമുകളും സംരംഭങ്ങളും നടത്തി വിജയിച്ചു മുന്നേറുന്നത് തീര്‍ത്തും പ്രശംസനീയമാണ്.
ഞാന്‍ ഇവിടെ വിദ്യാര്‍ത്ഥിയായിരിക്കെ ഏറെ അടുപ്പം
പുലര്‍ത്തിയിരുന്ന വ്യക്തിത്വങ്ങളാണ് ഇപ്പോള്‍ അമ്മയെന്ന സംഘടനയെ നയിക്കുന്നത്. അമ്മ പ്രസിഡന്റ് ദാത്തോ രാജന്‍ മേനോന്റെയും വൈസ് പ്രസിഡന്റ് ദാത്തോ മുഹമ്മദ് ശിഹാബിന്റെയും അതു പോലെ പിഎംഎമ്മിന്റെ ഇബ്രാഹിം, ഹനീഫ,ദാത്തോ എ.കെ തുടങ്ങിയവരുടെയും നേതൃത്വത്തില്‍ മലേഷ്യ ഇന്നേവരെ കാണാത്ത വലിയ മലയാളി സംഗമമായിരുന്നു ഇന്നലെ ക്വലാലംമ്പൂരില്‍ നടന്നത്. മലയാളികളായി ഇവിടെ വന്ന് ചേര്‍ന്നതും ജനിച്ചതുമായ നിരവധി വ്യക്തിത്വങ്ങളെ ഇവിടെ വെച്ച് കാണാനും അറിയാനും സാധിച്ചു.

മലേഷ്യയുടെ അറ്റോര്‍ണി ജനറല്‍ ടോമി തോമസ്,മുന്‍ ചീഫ് സെക്രട്ടറി താന്‍ശ്രീ അലി,മലേഷ്യയിലെ സിങ്കപ്പൂര്‍ ഹൈകമ്മീഷണര്‍ വേണുഗോപാല മേനോന്‍ തുടങ്ങിയ ഒട്ടുമിക്ക വിശിഷ്ട വ്യക്തിത്വങ്ങളും ഈ സംഗമത്തില്‍ പങ്കെടുക്കുകയുണ്ടായി.
ആദ്യമായാണ് അമ്മ എന്ന സംഘടന ഒരു ഈദ് സംഗമം അഥവാ 'ഹരിറായ ഓപ്പണ്‍ ഹൗസ്' മലേഷ്യയില്‍ സംഘടിപ്പിക്കുന്നത്. ഹിന്ദു,മുസ്ലിം,ക്രിസ്ത്യന്‍ തുടങ്ങി ഇവിടുത്തെ എല്ലാ മതവിശ്വാസി സമൂഹങ്ങളും ഒന്നിച്ചു ചേര്‍ന്ന മനോഹരമായ കൂടിച്ചേരല്‍ കൂടിയായിരുന്നു ഇത്.

വിശ്വാസങ്ങളെ മനുഷ്യനെ വിഭജിക്കാന്‍ ഉപയോഗിക്കുന്ന ഇക്കാലത്ത്, വിശ്വാസങ്ങള്‍ മനുഷ്യന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും എല്ലാവരെയും ഉള്‍കൊള്ളുന്ന സാമൂഹിക ശാക്തീകരണ പ്രവര്‍ത്തനങ്ങളാണ് നമുക്കാവശ്യമെന്നും ഇത്തരം സംഗമങ്ങള്‍ കാണിച്ച് തരുന്നു.

സാമുദായിക സഹവര്‍ത്തിത്വലൂടെയാണ് പുരോഗതി യാഥാര്‍ത്ഥ്യമാവുന്നതെന്നും വ്യക്തിയുടേയും സമൂഹത്തിന്റെയും വിജയം അതിലാണെന്നും ഈ സംഗമത്തിന്റെ മഹത്തായ സന്ദേശമായി നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നുവെന്നതാണ് ഈ സംഗമത്തിന്റെ സവിശേഷത. എല്ലാ ഭാവുകങ്ങളും..

 

Latest News