അനിയത്തിമാരും അമ്മമാരുമില്ലേ? നല്ല ഭാഷ വേണ്ടേ..പോലീസ് ചോദിക്കുന്നു

തിരുവനന്തപുരം- ട്രോളും തമാശകളുമൊക്കെ ഉപയോഗിച്ച് ജനങ്ങളെ ബോധവല്‍കരിക്കുന്നതാണ് അഭിമാനത്തോടെ മുന്നോട്ടു പോകുന്ന കേരള പോലീസിന്റെ ഫേസ് ബുക്ക് പേജ്. വെറുതെയല്ല അത് ഇതിനകം 11 ലക്ഷത്തിലേറെ ഫോളേവേഴ്‌സിനെ ഉണ്ടാക്കിയത്.

ഭാഷയുടെ കടുപ്പം കുറച്ച് സൗഹൃദത്തിന്റെ രീതി അവലംഭിച്ച പോലീസിന്റെ മേക്കിട്ട് കയറുകയാണോ ഇപ്പോള്‍ ഫേസ് ബുക്ക് ഉപയോക്താക്കള്‍. ഇത് നോക്കൂ.. പോലീസിന്റെ പരിദേവനം.

ലേശം കൂടുന്നോന്ന് ഒരു ഡൗട്ട്. ഈ പേജില്‍ നമ്മളെല്ലാരും ഒരു കുടുംബം പോലല്ലേ.. അനിയത്തിമാരുണ്ടാകും.. അമ്മമാരുണ്ടാകും.. ചേച്ചിമാരുണ്ടാകും. അനിയന്‍മാരുണ്ടാകും.. അപ്പോ മ്മള് ഉപയോഗിക്കുന്ന ഭാഷ ശ്രദ്ധിക്കണ്ടേ? അല്ല ങ്ങള് തന്നെ പറ.. വേണ്ടേ? ഈ പറഞ്ഞവരുടെയൊക്കെ മുന്നേ വെച്ച് പറയാവുന്ന വാക്കുകള്‍ മാത്രം പോരെ നമുക്കും.

http://malayalamnewsdaily.com/sites/default/files/2019/06/11/policefbpost.png

പകയും വിദ്വേഷവും പ്രചരിപ്പിക്കുന്നവരും പരിസര ബോധമില്ലാതെ എന്തും കുറിക്കുന്നവരും സമൂഹ മാധ്യമങ്ങളില്‍ ധാരാളമാണ്. അവര്‍ കേരള പോലീസിന്റെ പേജിലും കയറി നിരങ്ങാന്‍ തുടങ്ങിയെന്നു തെളിയിക്കുന്നതാണ് പോലീസിന്റെ ഈ കമന്റ്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം തടയാന്‍ കേരള പോലീസിന്റെ കീഴിലുള്ള സൈബര്‍ ഡോമും ഇന്റര്‍പോളും സഹകരണം ഊര്‍ജിതമാക്കുമെന്ന പോസ്റ്റിനു താഴെയാണ് ഫെയ്‌സ് ഉപയോക്താക്കളെ ചിന്തിപ്പിക്കേണ്ട കമന്റ്. എന്നാല്‍ ഭാഷ ശ്രദ്ധിക്കണമെന്ന പോലീസിന്റെ ഉപദേശത്തിനു ശേഷവും കമന്റ് എഴുതുന്നവര്‍ അത് ഉള്‍ക്കൊണ്ട മട്ടില്ല.
എന്നെ തല്ലണ്ടമ്മാവാ.. ഞാന്‍ നന്നാവില്ല എന്ന മട്ടില്‍ തന്നെയാണ് കമന്റുകള്‍ പുരോഗമിക്കുന്നത്.

എല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ എടുക്കാനും തമാശയായി കാണേണ്ടത് അതു പോലെ കാണാനും ശ്രദ്ധിക്കുന്ന ഒരു പോലീസ് പേജുള്ളത് മലയാളി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഭാഗ്യം.
രാജ്യന്തര തലത്തില്‍ തന്നെ ശ്രദ്ധയമായ ഒരു പേജാണിതെന്ന കാര്യം മലയാളികള്‍ മറക്കരുത്.
 

 

Latest News