അർപ്പുതം അമ്മാളിന് ഇനി വിശ്രമിക്കാം

  • പേരറിവാളൻ ജയിൽ മോചിതനായേക്കും
  • രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള സുപ്രീം കോടതി വിധി

ബോംബ് സ്‌ഫോടനത്തിൽ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് പത്തൊൻപത് വയസുകാരനായ തമിഴ് യുവാവ് പേരറിവാളനെ കേവലം വിവരങ്ങൾ ആരായുന്നതിന് വേണ്ടിയാണ് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടത്. അടുത്ത ദിവസം തന്നെ വിട്ടയക്കാമെന്ന ഉറപ്പിൻമേൽ മാതാവ് അർപുതം അമ്മാളും അധ്യാപകനുമായ ഭർത്താവുമാണ് മകനെ പോലിസിന് കൈമാറിയത്. എന്നാൽ രണ്ടര പതിറ്റാണ്ടിലേറെക്കാലം പോലിസ് പറഞ്ഞ അടുത്ത പ്രഭാതത്തിന് വേണ്ടി അവരിപ്പോഴും കാത്തിരിക്കുകയാണ്. 2018 ജൂൺ 11-ന് പേരറിവാളൻ ജയിലിൽ 27 വർഷം പൂർത്തിയാക്കി. ജയിലിന് പുറത്ത് ജീവിച്ച് തീർത്തതിനേക്കാൾ ഏഴ് വർഷം കൂടുതൽ. 


ഒൻപത് വോൾട്ടിന്റെ രണ്ട് ബാറ്ററി വാങ്ങി എന്നതാണ് പേരറിവാളന്റെ പേരിലുള്ള കുറ്റം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി പേരറിവാളനെ ബന്ധിപ്പിക്കുന്നതും ആ രണ്ടു ബാറ്ററികളായിരുന്നു.  'അറിവ്' എന്നറിയപ്പെടുന്ന 'പേരറിവാള'ന്റെ പേര് ഇന്ന് തമിഴ്നാട്ടിലെ ഓരോ വ്യക്തിക്കുമറിയാം. എന്നാൽ 1991-ൽ സി.ബി.ഐ അന്വേഷണം തുടങ്ങുമ്പോൾ അതായിരുന്നില്ല സ്ഥിതി. അടുത്ത ദിവസം തന്നെ വിട്ടയക്കാമെന്ന് പറഞ്ഞ് അറിവിനെ കൊണ്ടു പോയ സി.ബി.ഐ ഉദ്യോഗസ്ഥർ പിന്നീടയാളെ സ്വന്തം മാതാവിനെ പോലും കാണാൻ അനുവദിച്ചില്ല. തുടർന്ന് 60 ദിവസത്തോളം പേരറിവാളനെക്കുറിച്ച് ആർക്കും ഒരു വിവരവും ഇല്ലായിരുന്നു. മകൻ പോലിസ് കസ്റ്റഡിയിലാണ് എന്ന കാര്യം നാട്ടുകാർ അറിയുമെന്ന് കരുതി  ഹേബിയസ് കോർപ്പസ് ഹരജി കൊടുക്കാൻ പോലും രക്ഷിതാക്കൾ മടിച്ചു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ  പ്രതീക്ഷയർപ്പിച്ച് നിരപരാധിയായ മകനെ പോലിസ് വൈകാതെ വിട്ടയക്കുമെന്ന പ്രതീക്ഷയിലായിരുന്നു അർപുതം അമ്മാൾ എന്ന മാതാവ്. പിന്നീട് രണ്ടര പതിറ്റാണ്ട് കാലം വിശ്രമമില്ലാതെ നിയമപോരാട്ടത്തിൽ  അർപുതം അമ്മാൾ എന്ന മാതൃഹൃദയം ഒരിക്കലും തളർന്നില്ല. കേസിന്റെ വിവിധ ഘട്ടങ്ങളിൽ ഓരോ തവണയും പുതിയ ഊർജം സംഭരിച്ച് അവർ ഒന്നിൽ നിന്ന് വീണ്ടും തുടങ്ങി. മകന്റെ മോചനത്തിന് വേണ്ടിയുള്ള സമരം ജനകീയ പ്രക്ഷോഭമാക്കി മാറ്റിയെടുത്തത് കാഴ്ച മങ്ങി തുടങ്ങിയ 71-കാരിയായ ഈ മാതൃഹൃദയം തന്നെയായിരുന്നു. അവരുടെ വിശ്രമമില്ലാത്ത പോരാട്ടവും. ജയിലുകളിൽനിന്ന് ജയിലുകളിലേക്ക് കോടതികളിൽനിന്ന് കോടതികളിലേക്ക് അവർ ഓടുകയായിരുന്നു. തന്റെ മകനെ പോലെയുള്ള ആയിരക്കണക്കിന് നിരപരാധികൾക്ക് വേണ്ടി പോരാടുന്ന മനുഷ്യാവകാശ കൂട്ടായ്മകളുടെ ഭാഗമാവാൻ ഇന്ത്യയുടെ മുക്കിലും മൂലകളിലും അവർ ഓടിയെത്തി. നിരവധി തവണ അവർ കേരളത്തിലും വന്നു.
ഒടുവിൽ... രാജീവ് ഗാന്ധി വധക്കേസിൽ പ്രതിപ്പട്ടികയിലുൾപ്പെട്ട തമിഴ്‌നാട് സ്വദേശി പേരറിവാളന്റെ ദയാഹരജി പരിഗണിക്കുന്ന കാര്യത്തിൽ തമിഴ്‌നാട് ഗവർണർ ഇടപെടണമെന്ന സുപ്രീംകോടതി ഉത്തരവ് തമിഴ്‌നാട്ടിൽ വൻ ചർച്ചയായിരിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിലും തമിഴ്‌നാട് രാഷ്ട്രീയത്തിലും കാര്യമായ അനുരണനമുണ്ടാക്കുന്നതാണ് ജ.രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ രണ്ടംഗ ബഞ്ചിന്റെ മർമ പ്രധാനമായ ഈ വിധി. അത് കൊണ്ട് തന്നെ ഇതിനേറെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. രാജീവ് വധക്കേസിലെ പ്രതികൾക്ക് മാപ്പ് നൽകണമെന്ന് തമിഴ്‌നാട് ഭരണ-പ്രതിപക്ഷ കക്ഷികൾ നേരത്തെ ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കിയിരുന്നു. പിന്നീട് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി തമിഴ് സിനിമാ സംവിധായകൻ രഞ്ജിത്ത് ഡൽഹിയിൽ വെച്ച് നടന്ന അഭിമുഖത്തിൽ പേരറിവാളന്റെ ജയിൽ മോചനത്തിന് തനിയ്ക്കും, തന്റെ കുടുംബത്തിനും എതിർപ്പില്ലെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. 
പേരറിവാളന് പുറമെ, 27 വർഷമായി ജയിലിൽ കഴിയുന്ന മുരുകൻ, ശാന്തൻ, നളിനി, റോബർട്ട്പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നീ പ്രതികൾക്കും സുപ്രീം കോടതിയുടെ ഇടപെടലോടെ ജയിൽ മോചിതരാകാനുള്ള സാധ്യത തെളിയുകയാണ്. അപ്രതീക്ഷിത അൽഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ രാജീവ് വധക്കേസ്സിലെ പ്രതികളെല്ലാം തന്നെ താമസംവിനാ ജയിൽ മോചിതരായേക്കും. എന്നാൽ പ്രതികൾക്ക് മാപ്പ് നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ വിഘാതം സൃഷ്ടിക്കുമെന്നതാണ് ഇക്കാര്യത്തിലുള്ള ആശങ്കയും. പ്രതികളെ വിട്ടയക്കുന്നത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നതിനാൽ തമിഴ്‌നാടിന്റെ നിലപാടിനോട് യോജിക്കാനാകില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ പ്രധാനമന്ത്രിയെ വധിച്ച കേസ്സിലെ കുറ്റവാളികളെ പുറത്തു വിടുന്നത് അന്താരാഷ്ട്ര തലത്തിലും പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് കേന്ദ്ര സർക്കാറിന്റെ നിലപാട്. ഇക്കാര്യം അടിവരയിട്ട് സൂചിപ്പിച്ച് കേന്ദ്രസർക്കാർ തമിഴ്നാട് ഭരണകൂടത്തിന് കത്തുമയച്ചിട്ടുണ്ട്.

രാജീവ്ഗാന്ധി വധം
1991 മെയ് 21-ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. 'തനു'വെന്ന പേരിലുള്ള വനിതാ ചാവേറംഗം രാജീവ് ഗാന്ധിയെ ഹാരമണിയിക്കുന്നതിനിടെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. രാജീവ് ഗാന്ധിയുൾപ്പെടെ 14 പേരാണ് അന്നത്തെ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. യുവതിയണിഞ്ഞ ബെൽറ്റ് ബോംബിൽ ഉപയോഗിച്ച 9 വോൾട്ട് ബാറ്ററി വാങ്ങിച്ചു നൽകിയെന്നതാണ് പേരറിവാളനെതിരെ ചാർത്തപ്പെട്ട കുറ്റം. തന്റെ കടയിൽനിന്നാണ് ബാറ്ററി വാങ്ങിയതെന്ന കടക്കാരന്റെ മൊഴിയായിരുന്നു പോലിസ് അവതരിപ്പിച്ച തെളിവ്. തന്റെ കടയിൽനിന്ന് വാങ്ങിയ എല്ലാ സാധനങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും മാസങ്ങൾക്കു ശേഷവും കടയുടമ ഓർത്തുവെക്കുന്നു എന്നത് സാമാന്യ യുക്തിയിൽ ഉൾക്കൊള്ളാവുന്നതല്ല. ബാറ്ററി വാങ്ങി മാസങ്ങൾക്കു ശേഷം പേരറിവാളന്റെ പോക്കറ്റിൽനിന്ന് സി.ബി.ഐ അതിന്റെ ബില്ല് കണ്ടെടുത്തു എന്നതും അതിനേക്കാൾ ആശ്ചര്യമുളവാക്കുന്ന വസ്തുതയാണ്. പേരറിവാളന്റെ റെക്കോഡ് ചെയ്യപ്പെട്ട മൊഴിയാണ് അയാൾക്കെതിരെ കോടതിയിലെത്തിയ പ്രധാന തെളിവും. ടാഡ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസ്സിൽ പോലിസ് നൽകുന്ന റെക്കോഡ് ചെയ്യപ്പെട്ട മൊഴി തെളിവായി സ്വീകരിക്കും. നേരത്തെ എഴുതി തയ്യാറാക്കിയ പേപ്പറുകളിൽ മൂന്നാംമുറ ഉപയോഗിച്ച് പേരറിവാളനെ കൊണ്ട് ഒപ്പ് വെപ്പിച്ചതായ വിവരങ്ങൾ പിന്നീടാണ് പുറത്ത് വന്നത്. കേസ്സിലെ എല്ലാ പ്രതികൾക്കും വധശിക്ഷ വിധിച്ചെങ്കിലും, പിന്നീട് സുപ്രീംകോടതി അത് ജീവപര്യന്തമാക്കി കുറച്ചു. ഇതോടെ മുരുകൻ, പേരറിവാളൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ, നളിനി എന്നീ ഏഴു പ്രതികൾ രണ്ടര പതിറ്റാണ്ടിലേറെക്കാലം ജയിൽവാസം തുടരുകയാണ്. 
പേരറിവാളൻ വാങ്ങിച്ച ബാറ്ററി രാജീവ് വധക്കേസിലെ ബുദ്ധികേന്ദ്രമായ ശിവരശന് കൈമാറി എന്നാണ് രേഖകളിൽ പറയുന്നത്. എന്നാൽ ഈ മൊഴി കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് 2017 ഒക്ടോബർ 27-ന്  പഴയ അന്വേഷണ ഉദ്യോഗസ്ഥൻ  വെളിപ്പെടുത്തിയിരുന്നു. അറിവിന്റെ മൊഴി രേഖപ്പെടുത്തിയത് താനാണെന്നും കുറ്റസമ്മത മൊഴിയുടെ ഒരു ഭാഗം ഒഴിവാക്കിയാണ് രേഖകളിൽ ചേർത്തതെന്നും മുൻ സി.ബി.ഐ ഓഫിസർ വി.ത്യാഗരാജൻ സുപ്രിം കോടതിയിൽ സത്യവാങ്മൂലവും നൽകി. താൻ ബാറ്ററി വാങ്ങിയിരുന്നു എന്നതാണ് മൊഴിയുടെ ആദ്യ ഭാഗം. എന്നാൽ, ആ ബാറ്ററി എന്തിന് ഉപയോഗിക്കാനുള്ളതാണെന്ന് തനിക്ക് അറിവില്ലെന്നതായിരുന്നു മൊഴിയുടെ രണ്ടാം ഭാഗം. ഈ ഭാഗം കൂടി രേഖപ്പെടുത്തിയിരുന്നെങ്കിൽ രാജീവ് ഗാന്ധി കൊലക്കേസിൽ പേരറിവാളൻ പ്രതിയാകുമായിരുന്നില്ലെന്ന് ത്യാഗരാജന്റെ സത്യാവാങ്മൂലത്തിൽ പറയുന്നു. കേസ്സിൽ പേരറിവാളന്റെ  പങ്കിനെക്കുറിച്ച് സി.ബി.ഐക്ക് ഉറപ്പില്ലായിരുന്നു. തങ്ങൾ മൂന്ന് പേർക്കല്ലാതെ (ശിവരശൻ, ശുഭ, തനു) തങ്ങളുടെ ലക്ഷ്യം അറിയില്ലെന്നാണ് 1991 മെയ് 7-ന് ശിവരശൻ എൽ.ടി.ടി.ഇയുടെ മുതിർന്ന നേതാവ് പൊട്ടുഅമ്മന് അയച്ച വയർലസ് സന്ദേശത്തിൽ പറഞ്ഞിരുന്നത്.  


ദീർഘകാലം നിയമ യുദ്ധം നടത്തിയ പ്രതികളുടെ കുടുംബാംഗങ്ങൾ തീർത്തും നിരാശരായിരുന്നു. പേരറിവാളൻ നൽകിയ മൊഴിയുടെ ഒരു ഭാഗം വെട്ടി മാറ്റിയാണ് സി.ബി.ഐ ഉദ്യോഗസ്ഥൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്ന് മാതാവ് അർപുതം അമ്മാൾ കേസ്സ് വിചാരണയുടെ തുടക്കത്തിലേ ആരോപിച്ചിരുന്നു. അന്വേഷണത്തിനെന്ന് പറഞ്ഞ് തന്റെ മകനെ പോലീസ് കൊണ്ട് പോകുമ്പോൾ അവന് 19 വയസായിരുന്നു. ഇപ്പോൾ 49 വയസ്സായി. അവന്റെ യൗവ്വനവും, ജീവിതവും ഇതിനകം നഷ്ടപ്പെട്ടു. 27 വർഷത്തിൽ 23 വർഷവും പേരറിവാളൻ ഏകാന്ത തടവിലായിരുന്നു.  തൂക്കിലേറ്റാനുള്ള തിയ്യതി പല തവണ കുറിക്കപ്പെട്ടിരുന്നു. പോലിസ് കസ്റ്റഡിയിൽ അനുഭവിച്ച പീഡനങ്ങൾക്ക് കണക്കില്ല. എന്നാൽ, അതിനൊന്നും ആ ചെറുപ്പക്കാരന്റെ മുഖത്തെ മന്ദഹാസം മായ്ക്കാൻ കഴിഞ്ഞില്ല. അത് ജന്മനാ ഉള്ള ഒരനുഗ്രഹമായിരുന്നു പേരറിവാളന്.
നിശ്ചയദാർഢ്യത്തോടെ അഭിഭാഷകരോടൊപ്പം കേസിന്റെ രേഖകൾ തയ്യാറാക്കി മകന്റെ മോചനത്തിനായി സദാ ഓടിപ്പാഞ്ഞ് നടന്ന അർപുതം അമ്മാളിന് തികഞ്ഞ പ്രതീക്ഷകളായിരുന്നു കൂട്ട്. ഒടുവിൽ ആ മാതൃഹൃദയം തകർന്ന് അവർ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഒരു ഹരജി സമർപ്പിച്ചു. പേരറിവാളൻ ഉൾപ്പടെയുള്ളവരെ വിട്ടയക്കണമെന്ന തമിഴ്‌നാട് സർക്കാറിന്റെ ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതോടെ തന്റെ മകൻ എ.ജി പേരറിവാളന് 'ദയാവധം' അനുവദിക്കണമെന്നായിരുന്നു ആ ഹരജിയിൽ. ഇതിനിടയിലാണ് ഇപ്പോൾ സുപ്രീം കോടതിയുടെ സുപ്രധാന വിധിയുണ്ടാകുന്നത്.

കാൽ നൂറ്റാണ്ടിന് ശേഷം
ജോലാർപേട്ട എന്ന ചെറിയ ഗ്രാമത്തിലെ സ്‌കൂൾ അധ്യാപകന്റെ മകനായ പേരറിവാളിന്റെ അറസ്റ്റ് അദ്ദേഹത്തെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം വലിയ ആഘാതം തന്നെയായിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 91.33 ശതമാനം മാർക്കോടെ പാസ്സായ പേരറിവാളൻ തമിഴ്നാട് ഓപ്പൺ യൂനിവേഴ്സിറ്റി നടത്തിയ ഡിപ്ലോമ കോഴ്സിൽ സ്വർണ മെഡൽ നേടി. കംപ്യൂട്ടർ അപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി, ജയിലിൽ വിവിധ പരീക്ഷകൾ എഴുതുന്നവർക്ക് ട്യൂഷൻ നൽകി ജയിലിൽ എത്തുന്നവർക്കെല്ലാം അറിവ് എന്ന പേരറിവാളൻ തികഞ്ഞ പ്രചോദനമാവുകയായിരുന്നു. പേരറിവാളൻ ജയിലിലായ ശേഷം ജനിച്ച 24 വയസ്സുള്ള സഹോദരിയുടെ മകൻ  അൻപരസൻ വല്യമ്മ അർപുതം അമ്മാളിനൊപ്പം പലതവണ സെൻട്രൽ ജയിലിൽ പോയിരുന്നെങ്കിലും ഒരിക്കൽ പോലും അയാൾക്ക് അമ്മാവൻ പേരറിവാളനെ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. 26 വർഷത്തെ ജയിൽവാസത്തിന് ശേഷം പേരറിവാളന് ജാമ്യം ലഭിച്ചപ്പോഴാണ് അനന്തിരവൻ ആദ്യമായി അമ്മാവനെ കാണുന്നത്. സ്വയം പരിചയപ്പെടുത്തി ഇരുവരും കണ്ണീരോടെ കെട്ടിപ്പുണർന്ന രംഗം നാട്ടുകാരെ പോലും വിഷമത്തിലാക്കിയിരുന്നു. തമിഴ്‌നാട്-ജോലാർപേട്ടിലെ കെ.കെ തങ്കവേൽ സ്ട്രീറ്റിലെ ഇടുങ്ങിയ വഴിയോരത്തെ വീട്ടിൽ അന്ന് പേരറിവാളനെ കാണാൻ ബന്ധുക്കൾക്ക് പുറമെ, നാട്ടുകാരെല്ലാം തടിച്ച് കൂടിയിരുന്നു. പേരും വിലാസവും ഫോൺ നമ്പരും പോലീസ് ഉദ്യോഗസ്ഥർക്ക് എഴുതി നൽകിയ ശേഷമാണ് സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെയുള്ള നാട്ടുകാർക്ക്  അന്ന് പേരറിവാളനെ ഒരു നോക്ക് കാണാനായത്. രാജ്യം ഉറ്റ് നോക്കിയ രാജീവ് ഗാന്ധി വധക്കേസ്സിൽ ഇപ്പോൾ ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള പുതിയ സംഭവ വികാസങ്ങൾ ഇന്ത്യയിൽ  മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവർക്ക് പുതിയ ഊർജ്ജം നൽകുകയാണ്. 
 

Latest News