Sorry, you need to enable JavaScript to visit this website.

കഥയും സംഗീതവും ഇഴചേർന്ന ജീവിതം

റഫീഖ് മക്കളോടൊത്ത്
ലിജോ ജോസ് പെല്ലിശ്ശേരി, ഹരീഷ് പേരടി എന്നിവർക്കൊപ്പം
സക്കറിയക്കൊപ്പം
ഷൂട്ടിംഗ് ലൊക്കേഷനിൽ താരങ്ങൾക്കൊപ്പം
എം. മുകുന്ദനൊപ്പം
ഓർമക്കുറിപ്പുകൾ ഉമ്മൂമ്മപ്പാലം കടന്ന എപ്പി

ദാരിദ്ര്യം നിറഞ്ഞതും ഒറ്റപ്പെട്ടുപോകുന്ന അല്ലെങ്കിൽ അപമാനിക്കപ്പെട്ടുപോകുന്ന ഒരു ബാല്യവും അതിന്റെ തുടർച്ചയായുള്ള കൗമാരവുമായിരുന്നു ജീവിതം. നമ്മുടെ ഉള്ളിലേയ്ക്കു തന്നെ നോക്കാനും ചിലയാളുകൾക്കു മാത്രം പ്രിവിലേജ് കിട്ടുന്നതും മറ്റുള്ളവർ തഴയപ്പെട്ടു പോകുന്നതും എന്തുകൊണ്ടാണെന്നുള്ള ചിന്തയാണ് വായനയിലേക്കും എഴുത്തിലേയ്ക്കും അന്വേഷണങ്ങളിലേക്കുമുള്ള പാതയൊരുക്കിയത്.
 


എല്ലായ്‌പോഴും ഉണർന്നിരിക്കുന്ന കഥകളാണ് പി.എസ്. റഫീഖിന്റേത്. അതൊരു രാഷ്ട്രീയ ജാഗ്രതയാണ്. താൻ ജീവിക്കുന്ന കാലത്തോടും മനുഷ്യരോടും ചരിത്രത്തിന്റെ ബലിക്കല്ലുകളിൽ ചവിട്ടിനിന്നുകൊണ്ട് ആ കഥകൾ ചോദ്യം ചോദിക്കുകയും വിരൽ ചൂണ്ടുകയും ചെയ്യുന്നു. പ്രപഞ്ചത്തിലെ എല്ലാ നന്മകളെയും കാരുണ്യപൂർവം സ്വീകരിക്കുകയും ഇരുണ്ട മനസ്സുകളെ ഒഴിവാക്കുകയും ചെയ്യുന്നു. നീതിമാന്റെ രക്തമാണ് റഫീഖിന്റെ കഥകളിലൂടെ തിളച്ചോടുന്നത്.
കഥയും സംഗീതവും തിരക്കഥയുമെല്ലാം ഇഴചേർന്നു കിടക്കുന്ന ജീവിതം. പച്ചയായ ജീവിത യാഥാർഥ്യങ്ങളോടുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. ഉമ്മൂമ്മ പാലം കടന്ന എപ്പി എന്ന ഓർമക്കുറിപ്പുകളിൽ ആ ജീവിത പരിസരം കാണാം. എൺപതുകളിലും തൊണ്ണൂറുകളിലും ബാല്യകൗമാരങ്ങൾ ജീവിച്ച ദരിദ്രനായ ഒരു മനുഷ്യന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ സംശയങ്ങളെ ഈ കുറിപ്പുകളിൽനിന്നും ഇഴപിരിച്ചെടുക്കാം. ദേശം അയാളിൽ നടത്തിയിട്ടുള്ള ഇടപെടലുകളും കാലം അയാളെക്കൊണ്ട് നടത്തിയ ഇടപെടുവിക്കലുമാണ് ഈ ഗ്രന്ഥത്തിൽ വരച്ചുവെച്ചിരിക്കുന്നത്. പല സമയങ്ങളിൽ, പല സാഹചര്യങ്ങളിൽ എഴുതിയ ഓർമക്കുറിപ്പുകൾ ചേർത്തുവെയ്ക്കുമ്പോൾ അതൊരു ആത്മകഥയായി മാറുന്നു. ആത്മകഥയെന്നാൽ ഒരാൾ ജീവിച്ച ജീവിതമല്ലെന്നും അതയാൾ എങ്ങനെ ഓർത്തു പറയുന്നു എന്നതാണെന്നും മാർകേസ് തന്റെ ആത്മകഥയുടെ ആമുഖത്തിൽ പറയുന്നുണ്ട്.


കഥാകൃത്തും തിരക്കഥാകൃത്തും ഗാനരചയിതാവുമെല്ലാമായ റഫീഖിന്റെ സദ്ദാമിന്റെ ബാർബർ, കടുവ എന്നീ ചെറുകഥാ സമാഹാരങ്ങളും ഉമ്മൂമ്മ പാലം കടന്ന എപ്പി എന്ന ഓർമക്കുറിപ്പുകളും ആസ്വാദകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കഥാരചനയിൽനിന്നും തിരക്കഥ രചനയിലേയ്ക്ക് ചുവടുമാറിയപ്പോഴും ആ ഗരിമ നിലനിർത്തിപ്പോന്നു. ഒന്നര പതിറ്റാണ്ടു മുൻപ് നായകൻ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്കു കടന്നുവന്ന ഈ കൊടുങ്ങല്ലൂരുകാരൻ ഈയിടെ പുറത്തിറങ്ങിയ മലൈക്കോട്ടെ വാലിബനു വേണ്ടിയും തിരക്കഥയൊരുക്കി. തിയേറ്ററുകളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രം. തന്റെ രചന ജീവിതത്തെക്കുറിച്ച് മലയാളം ന്യൂസിനു വേണ്ടി മനസ്സ് തുറക്കുകയാണദ്ദേഹം.

രചന ജീവിതത്തിലേയ്ക്കുള്ള കടന്നുവരവ്
ദാരിദ്ര്യം നിറഞ്ഞതും ഒറ്റപ്പെട്ടുപോകുന്ന അല്ലെങ്കിൽ അപമാനിക്കപ്പെട്ടുപോകുന്ന ഒരു ബാല്യവും അതിന്റെ തുടർച്ചയായുള്ള കൗമാരവുമായിരുന്നു ജീവിതം. നമ്മുടെ ഉള്ളിലേയ്ക്കു തന്നെ നോക്കാനും ചിലയാളുകൾക്കു മാത്രം പ്രിവിലേജ് കിട്ടുന്നതും മറ്റുള്ളവർ തഴയപ്പെട്ടു പോകുന്നതും എന്തുകൊണ്ടാണെന്നുമുള്ള ചിന്തയാണ് വായനയിലേക്കും എഴുത്തിലേയ്ക്കും അന്വേഷണങ്ങളിലേക്കുമുള്ള പാതയൊരുക്കിയത്. മിക്കവാറും എല്ലാ എഴുത്തുകാരുടെയും വരവ് അങ്ങനെത്തന്നെയാണ്. ഏകാന്തത, ഒറ്റപ്പെടൽ, തീവ്രമായ ദുഃഖങ്ങൾ... ഇതൊക്കെത്തന്നെയാണ് എഴുത്തിലേയ്ക്കുള്ള വഴി തുറന്നത്. എം.ഇ.എസ് കോളേജിലെ ഇംഗ്ലീഷ് ബിരുദപഠനകാലത്ത് കോളേജ് മാഗസിനുകളിൽ എഴുതിക്കൊണ്ടായിരുന്നു തുടക്കം. എഴുത്തിന്റെ തുടക്കകാലം എന്നു പറയാവുന്ന അക്കാലത്തെ രചനകൾ വളരെ പക്വതയോടെയുള്ള എഴുത്തായിരുന്നില്ല. 
പിന്നീട് എഴുത്തിന്റെ വഴിയിൽ സജീവമായത് ഭാഷ്യം എന്നൊരു മാസിക തുടങ്ങിയതോടെയാണ്. കഥ പറയാൻ സാധിക്കുമെന്ന തോന്നലുണ്ടായത് അക്കാലത്താണ്. വളരെയധികം ബുദ്ധിമുട്ടിയാണ് രണ്ടു കൊല്ലത്തോളം ആ മാഗസിൻ നടത്തിപ്പോന്നത്. പല വിഷയങ്ങളെക്കുറിച്ചും നമ്മൾ തന്നെ എഴുതേണ്ടുന്ന ഒരു അവസ്ഥയുണ്ടായത് അക്കാലത്താണ്. പുസ്തകവുമായി ബന്ധപ്പെട്ട് പല പ്രസിദ്ധീകരണങ്ങളിലും ജോലി നോക്കിയിരുന്നു.

2007 ലാണ് എന്റെ ആദ്യത്തെ കഥയ്ക്ക് ഭാഷാപോഷിണി അവാർഡ് ലഭിക്കുന്നത്. ഗ്രൗണ്ട് സീറോ എന്ന കഥയ്ക്ക് മൂന്നാം സമ്മാനമാണ് ലഭിച്ചത്. അതിനു മുൻപു തന്നെ നാടകങ്ങളെഴുതിയിരുന്നു. 
ഞങ്ങളുടെ ഗ്രാമത്തിലെ ക്ലബ്ബുകൾക്കു വേണ്ടിയായിരുന്നു നാടകങ്ങൾ രചിച്ചത്. പാട്ടുകളും എഴുതിയിട്ടുണ്ട്. എഴുത്തിനെ ഗൗരവമായി കാണാനുള്ള ഒരു പരിശീലനമായിട്ടാണ് ഇതിനെയൊക്കെ കണ്ടത്. രണ്ടു കഥാസമാഹാരങ്ങളാണ് ഇതിനകം പുറത്തിറങ്ങിയത്. മൂന്നാമതൊരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. അതിനുള്ള കഥകളെല്ലാം കൈയിലുണ്ട്. സമാഹാരത്തിന്റെ പേരൊന്നും നിശ്ചയിച്ചിട്ടില്ല. ഒന്നുരണ്ടു കഥകൾ കൂടി എഴുതിയിട്ടു വേണം പ്രസിദ്ധീകരിക്കാൻ. പല കഥകളിലും എന്റെ ആത്മാംശമുണ്ട്. എന്റെ നാട്ടിൽ നടന്ന പല സംഭവങ്ങളും ഈ കഥകളിലുണ്ട്. ഗുജറാത്ത് എന്ന കഥയിലെ ഗ്രാമം എന്റെ ഗ്രാമം തന്നെയായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വന്ന എന്റെ ആദ്യത്തെ കഥകളിലൊന്നാണത്. തീരദേശ ജീവിതമാണ് ആ കഥയിലെ പ്രതിപാദ്യം. പഴയൊരു പ്രേമകഥയിലും എന്റെ ജീവിതമുണ്ട്.

സിനിമയിലേക്കുള്ള വരവ്? 
സിനിമയിലേക്ക് കഥ പറയാൻ എവിടെയും പോയിട്ടില്ല. എപ്പോഴെങ്കിലും സിനിമയ്ക്ക് കഥയെഴുതണമെന്നുണ്ടായിരുന്നു. എന്നാൽ അതൊരു ഭാഗ്യത്തിന്റെ കളിയാണെന്നും നമുക്കൊന്നും എത്തിപ്പിടിക്കാൻ കഴിയാത്ത മേഖലയാണെന്നുമുള്ള ബോധ്യമുണ്ടായിരുന്നു. അവിചാരിതമായിട്ടായിരുന്നു സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നുകിട്ടിയത്. ചാലക്കുടിയിലെ ചില സുഹൃത്തുക്കൾ ഒരു സിനിമയെടുക്കുന്നുണ്ടെന്നും അവർക്ക് ഒരു കഥ വേണമെന്നും പറഞ്ഞ് മറ്റൊരു സുഹൃത്ത് വിളിക്കുകയായിരുന്നു. ആ സുഹൃത്തിനെ ഞാൻ കണ്ടിട്ടു പോലുമില്ലായിരുന്നു. മറ്റൊരാൾ പറഞ്ഞാണ് അയാളെന്നെ വിളിക്കുന്നത്. ചാലക്കുടിയിലെത്തി. അദ്ദേഹത്തെ കണ്ടു. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്കും പിന്നണി പ്രവർത്തകർക്കും  കഥ പറഞ്ഞുകൊടുത്തു. ഇഷ്ടപ്പെട്ടതുകൊണ്ടാകണം അതൊന്ന്  എഴുതിക്കൊണ്ടുവരാമോ എന്നു ചോദിച്ചു. കുറച്ചു സീനുകൾ ഡയലോഗുകളോടെ എഴുതിക്കൊടുത്തു. ഉടനെ തുടങ്ങാമെന്നായി. ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തിയ നായകൻ എന്ന ചിത്രമായിരുന്നു അത്. ലിജോ ജോസ് പെല്ലിശ്ശേരിയും ഞാനും ഒന്നിച്ച ആദ്യചിത്രം. സിനിമ പ്രേക്ഷകർ ഇഷ്ടപ്പെട്ടു. ഇന്ദ്രജിത്ത് നല്ലൊരു നടനാണെങ്കിലും താരമൂല്യം കുറവായതിനാൽ ഹിറ്റായില്ല.

പാട്ടെഴുത്ത്
സ്‌കൂൾ പഠനകാലത്ത് യുവജനോത്സവ വേദികളിൽ ആലപിക്കാനായി ഒട്ടേറെ ലളിത ഗാനങ്ങൾ എഴുതിയിട്ടുണ്ട്. കോളേജ് പഠനകാലത്താണ് നീലരാവിൻ ജാലകപ്പാളികൾ... എന്ന ഗാനമെഴുതിയത്. ജയചന്ദ്രന്റെ ശബ്ദത്തിൽ ആ ഗാനം ഹിറ്റായി മാറുകയായിരുന്നു. നിരവധി മ്യൂസിക് ആൽബങ്ങൾക്കു വേണ്ടിയും പാട്ടുകളെഴുതിയിട്ടുണ്ട്. ഇപ്പോഴും യുവജനോത്സവ വേദികളിൽ ഈ ഗാനം പാടുന്ന കുട്ടികളുണ്ട്. ആമേൻ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചതോടൊപ്പം പാട്ടുകളും എഴുതിയിരുന്നു. ചിത്രത്തിലെ സോളമനും ശോശന്നയും കണ്ടുമുട്ടി.. എന്ന ഗാനം ഹിറ്റായിരുന്നു. ലിജോയുടെ മറ്റു ചിത്രങ്ങളിലും പാട്ടുകളെഴുതിയിട്ടുണ്ട്.  പുതിയ ചിത്രമായ വാലിബനിലെ മുഴുവൻ പാട്ടുകളും എന്റേതാണ്. ഗാനരചനയെ ഒരു പ്രൊഫഷനായി കണ്ടിട്ടില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ മാത്രം പാട്ടെഴുതുന്നതാണ് രീതി. അല്ലാതെ ആരേയും സമീപിച്ച് പാട്ടുകളെഴുതുന്ന സ്വഭാവമില്ല.


മലൈക്കോട്ടെ വാലിബൻ
ആരാധകരെയും സിനിമ പ്രേമികളെയും ഒരുപോലെ ആവേശത്തിലാക്കിയ ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. സ്ഥിരം മാതൃകകളിൽനിന്നുള്ള വഴിമാറി നടക്കലാണ് ഈ ചിത്രം.
 മോഹൻലാൽ എന്ന നടനും ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തിരക്കഥാകൃത്ത് എന്ന നിലയിൽ എന്റെ കരിയറിലെ ഒരു വെല്ലുവിളിയാണ് ഈ ചിത്രം. നാടകീയമായ ഭാഷയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രേക്ഷകനെ കൺമുന്നിൽ കണ്ടുകൊണ്ടാണ് ഓരോ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. കാരണം മലയാളികളെപ്പോലെ അപ്‌ഡേറ്റഡായ പ്രേക്ഷകരാണ് മുന്നിലുള്ളതെന്ന ചിന്ത എപ്പോഴുമുണ്ട്. ലോക സിനിമയെ വിലയിരുത്തുന്നവരും പുതിയ സാങ്കേതിക വിദ്യകൾ പരിചയമുള്ളവരുമാണ് ഇന്നത്തെ ചെറുപ്പക്കാർ. ലിജോ ജോസ് എന്ന സംവിധായകനും മോഹൻലാൽ എന്ന നടനും കൂടെയുള്ളതുകൊണ്ട് ആ ഭയം ഇല്ലാതാകുന്നുണ്ട്. എങ്കിലും ഊഹാപോഹങ്ങളിലും കണക്കുകൂട്ടലുകളിലും അഭിരമിക്കാതെ തിയേറ്ററിൽ പോയി കാണേണ്ട ചിത്രമാണ് മലൈക്കോട്ടെ വാലിബൻ.

ലിജോ ജോസ്, റഫീക്ക് കൂട്ടുകെട്ടിനെ എങ്ങനെ കാണുന്നു?
നായകൻ എന്ന ചിത്രത്തിലൂടെ ഞങ്ങൾ ഒന്നിക്കുമ്പോൾ മുൻപരിചയമൊന്നുമുണ്ടായിരുന്നില്ല. കഥാകൃത്താണെങ്കിലും എനിക്ക് സിനിമ ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. സ്വാധീനവും കുറവ്. സിനിമ മേഖല അപ്രാപ്യമാണെന്ന കാഴ്ചപ്പാടായിരുന്നു ഉണ്ടായിരുന്നത്. 
ഞങ്ങൾ രണ്ടുപേരും അരങ്ങിലൂടെയാണ് സിനിമയിലെത്തിയത് എന്ന ചേർച്ചയുണ്ടായിരുന്നു. നായകനു ശേഷം ഞങ്ങൾ ഒന്നിച്ചത് ആമേൻ എന്ന ചിത്രത്തിലായിരുന്നു. ഫഹദിനെ ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങിയ കാലമായിരുന്നു അത്. ലിജോ തന്റെ നാട്ടിലെ ക്രൂരനായ ഒരു അച്ചന്റെ കഥ പറഞ്ഞപ്പോൾ ആമേന് വിഷയമാക്കുകയായിരുന്നു. മലയാള സിനിമ അന്നുവരെ കാണാത്ത തരത്തിലൊരുക്കിയ തിരക്കഥയും സംവിധാന രീതിയുമാണ് ആ സിനിമയെ വ്യത്യസ്തമാക്കിയത്. സിനിമ കരിയറിലെ ഒരു ടേണിംഗ് പോയന്റായിരുന്നു ആ ചിത്രം. ഞങ്ങൾ തമ്മിൽ നല്ല ചങ്ങാത്തമായിരുന്നു. ഒരുമിച്ചുള്ള സിനിമയില്ലാത്ത സമയത്തും ആ ബന്ധം അതുപോലെ തുടർന്നു. സിനിമയെ ഒരു പാഷനായി കൊണ്ടുനടക്കുന്ന ആളാണ് ലിജോ. അദ്ദേഹത്തിന്റെ പിതാവ് ജോസ് പെല്ലിശ്ശേരി നല്ലൊരു നടനായിരുന്നു. നാടകമായിരുന്നു ലിജോയുടെയും ലാവണം. നാടക പരിചയമാണ് സിനിമയിലേയ്ക്കുള്ള ചാലകശക്തിയായത്. അദ്ദേഹം ഇന്നു കാണുന്ന നിലയിലെത്തിയത് ഏറെ നാളത്തെ അധ്വാനത്തിന്റെ ഫലം കൂടിയാണ്. 
ഓരോ സിനിമയെടുക്കുമ്പോഴും അതിന് മുൻപുള്ള ചിത്രങ്ങളുടെ ആവർത്തനമുണ്ടാകുന്നില്ല എന്നുറപ്പു വരുത്തുകയും വ്യത്യസ്തത ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സംവിധായകനാണ് അദ്ദേഹം. മനസ്സിന്റെ പൂർണതയോട് നീതി പുലർത്തുന്ന അദ്ദേഹത്തിന് സിനിമ ഒരു വികാരമാണ്. മലയാളത്തിൽ അല്ലായിരുന്നെങ്കിൽ കുറേക്കൂടി ഉയർന്നു വരേണ്ട സംവിധായകനാണ് അദ്ദേഹം.
 

തിരക്കഥയൊരുക്കിയ മറ്റു ചിത്രങ്ങൾ
കമൽ സാർ സംവിധാനം ചെയ്ത് മമ്മൂക്ക നായകനായ ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിനായിരുന്നു പിന്നീട് തിരക്കഥയൊരുക്കിയത്. ആസിഫ് അലി നായകനായ തൃശ്ശിവപേരൂർ ക്ലിപ്തമായിരുന്നു മറ്റൊരു ചിത്രം. ഷാനവാസ് ബാവ സംവിധാനം ചെയ്ത തൊട്ടപ്പനിലൂടെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. വിനായകനായിരുന്നു ചിത്രത്തിലെ നായകൻ.

ഇന്നത്തെ മലയാള സിനിമയെ എങ്ങനെ വിലയിരുത്തുന്നു?
വളരെ പോസിറ്റിവായ പാതയിലൂടെയാണ് മലയാള സിനിമയുടെ സഞ്ചാരം. ലോക സിനിമകളുടെ തുടിപ്പുകളെ അനുഭവിച്ചറിയാൻ കെൽപുള്ള പ്രേക്ഷകരാണ് ഇവിടെയുള്ളത്. വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ മലയാളിയുടെ വളർച്ചയാണ് കലയെ മനസ്സിലാക്കുന്ന കാര്യത്തിലും മലയാളിയെ ഒരുപടി മുന്നിൽ നിർത്തുന്നത്. കാലാനുസൃതമായ മാറ്റം സിനിമയുൾപ്പെടെ എല്ലാ കലകൾക്കുമുണ്ടെന്ന തിരിച്ചറിവുണ്ടാകണം. അതിനു കഴിയാത്തവർ വിസ്മൃതമാകുന്നത് സ്വാഭാവികം.
ഒരു എഴുത്തുകാരന് എഴുത്ത് മാത്രമാണ് ആശ്രയം. എന്നാൽ കഥ എഴുതി മാത്രം ജീവിക്കാനാവില്ല. മാത്രമല്ല, വലിച്ചുവാരി എഴുതുന്ന ശീലവുമില്ല. ലിജോയുടെ കൂടെ പുതിയൊരു ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോൾ.

Latest News