Sorry, you need to enable JavaScript to visit this website.

വായന: അവയവ ദാനം ഇസ്‌ലാമിൽ

ഇസ്‌ലാമിക കർമശാസ്ത്ര പഠനങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ട് പോവുകയാണ് 'അവയവ ദാനം പ്രമാണങ്ങളിൽ' എന്ന ഗ്രന്ഥം.
മനുഷ്യരെല്ലാവരും അടിസ്ഥാനപരമായി സഹോദരീ സഹോദരൻമാരാണ്. അവർ പരോപകാരികളായി കഴിയണം. 'ഉപകാരം എല്ലാ കാലത്തും ഒരുപോലെയല്ല'.
ആമുഖത്തിലെ ഈ വരിയാണ് ഗ്രന്ഥത്തിന്റെ മർമം.
അവയവദാന കർമം ഇസ്‌ലാമിൽ സങ്കീർണമാണെന്ന തെറ്റിദ്ധാരണ തിരുത്താനും ഇസ്‌ലാമിന്റെ മാനവികതയും സമകാലീനതയും സമൂഹത്തെ ബോധ്യപ്പെടുത്താനും ഒരു സുവർണാവസരമായിട്ടാണ് ഗ്രന്ഥകാരൻ മുസ്തഫൽ ഫൈസി ഈ ചർച്ചയെ കാണുന്നത്.
അവയവം മറ്റൊരാൾക്ക് ദാനം ചെയ്യുന്നതിലെ സാംഗത്യം പിടികിട്ടാതെ നിൽക്കുന്നവർക്ക് ആദിമ മനുഷ്യനും പ്രവാചകനുമയ ആദം നബി തന്റെ പൗത്രൻ ദാവൂദ് നബിക്ക് ആയുസ്സ് തന്നെ ദാനം ചെയ്തത് മാതൃകയായി ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നു. ആയുസ്സ് നൽകിയതിന്റെ പൊരുളാണ് ശ്രദ്ധേയം. സമൂഹത്തിനും കുടുംബത്തിനും ആവശ്യമുള്ളവരെ ആയുസ്സ് വരെ നൽകി പ്രോൽസാഹിപ്പിക്കണമെന്ന മാനവികതയെയാണ് ഇത് ഉയർത്തിക്കാട്ടുന്നത്.
അവയവമാറ്റ ചർച്ചകൾ ആധുനിക വൈദ്യശാസ്ത്രത്തിന് മുമ്പേ പുരാതന കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ തന്നെ പറഞ്ഞിട്ടുണ്ടെന്ന് ലക്ഷ്യസഹിതം ഗ്രന്ഥം സമർത്ഥിക്കുന്നു. ഇത് വിശ്വാസികൾക്ക് അഭിമാനബോധം പകരുന്നുണ്ട്.
മറ്റൊരാളുടെ ജീവൻ നിലനിർത്തുകയെന്ന കർമത്തിന് പരമാവധി സഹായം നൽകുകയെന്ന പുണ്യ പ്രവൃത്തിക്ക് വേണ്ടി അവയവം നൽകാൻ മനുഷ്യർ തയാറാകുമ്പോഴും മതം വിലങ്ങ് തടിയാണെന്ന് വിലപിക്കുന്നവരേയും ഇക്കാര്യം പറഞ്ഞ് മതത്തെ പരിഹസിക്കുന്നവരേയും ഖുർആനിലേക്ക് കൂട്ടിെക്കാണ്ട് പോവുകയാണ് ഗ്രന്ഥകാരൻ.
ആരോപണമുയർത്തുന്നവരെപ്പോലും ഖുർആന്റെ ആശയ ഗാംഭീര്യത്തേയും ഒപ്പം അതിന്റെ സൗന്ദര്യത്തേയും ഈ ഗ്രന്ഥം ആസ്വദിപ്പിക്കുന്നുണ്ട്.
'ആരെങ്കിലും ഒരാളെ ജീവിപ്പിച്ചാൽ അവൻ മനുഷ്യരാശിയെ മുഴുവൻ ജീവിപ്പിച്ചവനെപ്പോലെയാകുന്നു.' ഈ ഖുർആൻ സൂക്തത്തിന്റെ അർത്ഥ വ്യാപ്തി വളരെ വിശാലമാണെന്ന ഗ്രന്ഥകാരന്റെ നിരീക്ഷണത്തിൽ അനുവാചകർ മിഴിച്ച് നിൽക്കും. പരിശുദ്ധ ഇസ്‌ലാമിന്റെ സൗന്ദര്യം തകർക്കാൻ യുക്തിവാദികൾ വികസിപ്പിച്ചെടുത്ത സ്‌ഫോടക ശേഖരം കേവലം മഷിത്തുള്ളികളെക്കൊണ്ട് നിർവീര്യമാക്കുന്ന ഗ്രന്ഥകാരന്റെ കരവിരുത് ആധികാരിക ഗ്രന്ഥങ്ങൾക്കിടയിൽ മനനം ചെയ്തതിന്റെ കൂടി അനന്തരഫലം തന്നെയാണ്. രചയിതാവിന്റെ വായനയുടെ ആഴവും പരപ്പും ബോധ്യപ്പെടുത്തുന്ന ഗ്രന്ഥം മതപ്രബോധകരുടെ നേത്രം മേശപ്പുറത്ത് മാത്രം പതിഞ്ഞാൽ പോരെന്ന ശക്തമായ സന്ദേശം കൂടി നൽകുന്നുണ്ട്.
നംറൂദിന്റെ അഗ്‌നി കുണ്ഡത്തിന് നശിപ്പിക്കാൻ കഴിയാത്ത പ്രവാചക പരമ്പരയുടെ അനന്തരവകാശികൾ തന്നെയാണ് പണ്ഡിതരെന്ന് തെളിയിച്ചതാണ് ഈ ഗ്രന്ഥമേറ്റെടുത്ത ധർമം.
മരിച്ച വ്യക്തിയുടെ ശരീരത്തിൽ നിന്ന് അവയങ്ങളെടുക്കൽ ആ ശരീരത്തെ വികൃതമാക്കലാണെന്ന് സഹതിപിക്കുന്നവർക്ക് നബി തിരുമേനിയുടെ അനുചരരുടെ ചര്യയിൽ നിന്ന് തന്നെ മാതൃക കാണിച്ച് കൊടുക്കുന്നുമുണ്ട്. 
ഒരു യുദ്ധ ചരിത്രം ഇതിനായി ഉദ്ധരിച്ചത് ഗ്രന്ഥകാരന്റെ ഗവേഷണ തൃഷ്ണയെയാണ് പ്രകാശിപ്പിക്കുന്നത്. കർമശാസ്ത്ര പഠനങ്ങൾക്കൊപ്പം ചരിത്രാവഗാഹവും നേടിയാലേ വെല്ലുവിളികളെ നേരിടാനാകൂ എന്ന ഗൗരവമേറിയ സത്യം ഗ്രന്ഥം പണ്ഡിതന്മാരെ ബോധ്യപ്പെടുത്തുന്നുണ്ട്. അവയവം ദാനം ചെയ്യാൻ മാതൃകയും തെളിവും തെരയുന്നവരെ തിരുനബിയുടെ ചര്യയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഭാഷാചാരുത ആരെയും ആശ്ചര്യപ്പെടുത്തും! തീർത്തും അവിചാരിതമായ വഴികളിലൂടെ ചരിത്ര സൗന്ദര്യമാസ്വദിപ്പിച്ചാണ് ഗ്രന്ഥം വായനക്കരെ ആസ്വാദനത്തിലേക്ക് ആനയിക്കുന്നത്.
മസ്തിഷ്‌ക മരണം യാഥാർഥ്യ മരണമാണോ എന്ന വൈദ്യശാസ്ത്ര ചർച്ചക്കിടയിലേക്ക് ഖുർആൻ പരാമർശിച്ച ഗുഹാവാസികളുടെ മുന്നൂറ്റി ഒൻപത് കൊല്ലത്തെ ദീർഘമായ ഉറക്കത്തെ എഴുന്നള്ളിച്ച് ചർച്ചക്ക് കൊഴുപ്പ് കൂട്ടുന്നുണ്ട്. രണ്ട് മരണമുണ്ടെന്ന ഖുർആനിലെ ആശയം കൂടി ഇതിനോട് ചേർത്ത് ചർച്ചയെ കൂടുതൽ ചൂട് പിടിപ്പിക്കുന്നുമുണ്ട്. ശാസ്ത്രമെത്ര കുതിച്ചാലും മതം കിതക്കില്ലെന്ന് തെളിയിക്കുകയാണ് ഗ്രന്ഥം.
അമേരിക്കയിലെ പ്രശസ്ത ന്യൂറോളജിസ്റ്റായ ഡോ. ആലൻ ഷീമന്റെ മസ്തിഷ്‌ക മരണം യഥാർഥ മരണമല്ലെന്ന നിരീക്ഷണം ഗ്രന്ഥം ഗൗരവത്തോടെ ഭിഷഗ്വരരെ ഓർമപ്പെടുത്തുന്നു.
മസ്തിഷ്‌ക മരണം ഹൃദയ മരണം തന്നെയാണെന്ന് തീർപ്പ് കൽപിക്കാത്ത കാലത്തോളം മതപണ്ഡിതർക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ വഴിമുടക്കികളാണെന്ന് വിലപിക്കുന്നതിലെന്തർത്ഥമെന്ന ചോദ്യം വരികൾക്കിടയിൽ ഒളിച്ചിരിപ്പുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ വൈജ്ഞാനികാതിർത്തി വികസിപ്പിക്കാനുള്ള വഴിയാണെന്ന ഗ്രന്ഥകാരന്റെ പോസിറ്റിവ് ചിന്തക്ക് ചന്തമേറെയാണ്. വൈദ്യശാസ്ത്രത്തിന്റെ തീർപ്പനുസരിച്ച് കർമശാസ്ത്രത്തിന് കൃത്യമായി മറുപടി പറയാൻ കഴിയുമെന്ന് ഗ്രന്ഥം തീർച്ചപ്പെടുത്തുന്നു. കർമശാസ്ത്രത്തിലെ ശാഫീ സരണിയനുസരിച്ച് 
സ്വശരീരത്തിന്റെ ഉടമസ്ഥാവകാശം വ്യക്തികൾക്കില്ല. പിന്നെയെങ്ങനെ അവയവം ദാനം ചെയ്യും? ഈ ചോദ്യത്തിനുത്തരം പറയുന്ന ഗ്രന്ഥം
ചതുർമദ്ഹബിന്റെ ചാരുതയും ആവശ്യകതയും ബോധ്യപ്പെടുത്തുന്നു.
അതാത് കാലങ്ങളിലെ പ്രശ്‌നങ്ങൾ മദ്ഹബുകളിലൂടെ പരിഹരിക്കാൻ കഴിയുമെന്ന കരുത്ത് ഗ്രന്ഥം വിശ്വാസികൾക്ക് പകരുന്നുണ്ട്.
കർമശാസ്ത്രം രോഗികളോടും ഗത്യന്തരമില്ലാത്തവരോടും കാണിക്കുന്ന കൃപക്ക് പിന്നിൽ നിന്നാണ് രോഗിക്ക് ജീവൻ നിലനിർത്താൻ വേണ്ടി അവയവ മാറ്റമാവാം എന്ന് കണ്ടെത്തുന്നത്. സമ്പത്തും ശരീരവും നൽകി അപരനെ സഹായിക്കൽ അത്യുത്തമമാണെന്നഖുർ ആനിക അധ്യാപനം, ഹിജ്‌റ വേളയിൽ അൻസ്വാറുകൾ കാണിച്ച അസാമാന്യമായ സഹായ സഹകരണങ്ങൾ, യർമൂഖ് യുദ്ധത്തിൽ അന്ത്യശ്വാസം വലിക്കുന്ന സമയത്ത് പോലും സ്വഹാബത്ത് കാണിച്ച സഹകരണത്തിന്റെ അവർണനീയ മാതൃകകൾ തുടങ്ങിയവയിൽ നിന്നുമാണ് അപരന്റെ ജീവൻ നിലനിർത്താൻ സോപാധികമായി അവയവം ദാനം ചെയ്യാമെന്ന് നിരീക്ഷിക്കുന്നത്. കൃത്യമായ തെളിവുകളിലൂടെ തീർപ്പുകളിലേക്കെത്തുന്നുണ്ടെങ്കിലും വിഷയം ചർച്ചക്ക് വെക്കുകയാണ് ഗ്രന്ഥകാരൻ. അത് വിനയമാണെന്ന് വായനക്കാർക്ക് വിശ്വസിക്കാം.
അറബി ഉദ്ധരണികൾ, ലോക മുസ്‌ലിം പണ്ഡിതരുടെ ഫത്‌വകൾ, ഇതരമത കാഴ്ചപ്പാടുകൾ, വൈദ്യശാസ്ത്ര പ്രമുഖരുടെ പഠനങ്ങൾ തുടങ്ങിയവയൊക്കെ ഉൾക്കൊള്ളിച്ച ഈ ഗ്രന്ഥം എല്ലാ അർഥത്തിലും ഈ വിഷയത്തിലെ റഫറൻസ് രേഖ തന്നെയാണ്.

Latest News