- രാഹുലും ആനി രാജയും ടൂറിസ്റ്റ് വിസയിൽ വന്നവരെന്ന് വിമർശം
കൽപ്പറ്റ - കോൺഗ്രസ് നേതാവും വയനാട് ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പാർട്ടി കേന്ദ്ര നേതൃത്വം സുരേന്ദ്രനെ വയനാട്ടിലെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെയാണ് സുരേന്ദ്രന്റെ വിമർശം.
വയനാട്ടിൽ തീപിടുത്തം; ഒരാൾ വെന്തു മരിച്ചു
ബാങ്ക് വഴി പണം തട്ടിപ്പിന് പുതിയ രീതി; അക്കൗണ്ട് വിൽപ്പനയിൽ കമ്മീഷൻ വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്
രാഹുലിനേക്കാൾ കൂടുതൽ തവണ വയനാട് മണ്ഡലത്തിലെത്തിയത് കാട്ടാനയാണെന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം. രാഹുൽ വയനാട്ടിൽ ആകെ വന്നത് ആറോ ഏഴോ തവണ മാത്രമാണ്. എന്നാൽ അതിനേക്കാളേറെ തവണ ഇവിടെ കാട്ടാനയിറങ്ങി. അഞ്ചുകൊല്ലം രാഹുൽ വയനാട്ടിൽ എന്ത് ചെയ്തുവെന്നും രാഹുൽ ടൂറിസ്റ്റ് വിസയിൽ വരുന്ന എം.പിയാണെന്നും സുരേന്ദ്രൻ കളിയാക്കി. വയനാട്ടിൽ ഇത്തവണ ബി.ജെ.പി ശക്തമായ മത്സരം കാഴ്ചവെക്കുമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.
അതിനിടെ, ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ തെരഞ്ഞെടുപ്പ് ഏകോപന ചുമതലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സുരേന്ദ്രന്റെ മോഹത്തിനുള്ള തിരിച്ചടിയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനമെന്നും പാർട്ടിയിൽ സംസാരമുണ്ട്. ഒട്ടും വിജയ പ്രതീക്ഷ പോലും നൽകാത്ത മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തിനായി സംസ്ഥാന പ്രസിഡന്റിനെ തന്നെ ബി.ജെ.പി കേന്ദ്ര നേതൃത്വം ബലിയാടാക്കിയത് പലരെയും ഞെട്ടിപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിൽ യാതൊരു ചലനവും സൃഷ്ടിക്കാനാവാത്ത സുരേന്ദ്രന് പാർട്ടി കേന്ദ്ര നേതൃത്വം പണി കൊടുക്കുകയാണോ സ്ഥാനാർത്ഥിത്വത്തിലൂടെയെന്നും ചിലർ ചോദിക്കുന്നുണ്ട്.
കഴിഞ്ഞ തവണ എട്ടുലക്ഷത്തോളം വോട്ടുകൾ വാങ്ങി നാലര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി ഇവിടെ വിജയക്കൊടി പാറിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ഇടത് സ്ഥാനാർത്ഥി രണ്ടേ മുക്കാൽ ലക്ഷത്തോളം വോട്ടു നേടിയപ്പോൾ എൻ.ഡി.എക്കായി മത്സരിച്ച ബി.ഡി.ജെ.എസിന്റെ തുഷാർ വെള്ളാപ്പള്ളിക്ക് 78000 വോട്ടേ നേടാനായിരുന്നുള്ളൂ. ഇത്തവണ ഈ വോട്ട് നിലനിർത്തുന്നതിനപ്പുറം കൂടുതൽ വോട്ടുകൾ നേടാൻ സുരേന്ദ്രനായില്ലെങ്കിൽ അത് പാർട്ടിക്കകത്തും പുറത്തും വൻ ക്ഷീണമാകും. ഇത് സുരേന്ദ്രന്റെ പാർട്ടിയിലെ വിലപേശൽ ശേഷിയെയും വ്യക്തിത്വത്തെയുമെല്ലാം ബാധിക്കുമെന്നും വിമർശകർ പറയുന്നു.
രാഹുലിനെതിരായ പോരാട്ടം കടുപ്പിക്കുന്നതിനാണ് സുരേന്ദ്രനെ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കിയതെന്നാണ് ബി.ജെ.പിയുടെ പ്രചാരണമെങ്കിലും തെരഞ്ഞെടുപ്പ് ഫലം വൻ പ്രഹസനമാകുമെന്ന് പാർട്ടിയിലെ സുരേന്ദ്രൻ വിരുദ്ധ കേന്ദ്രങ്ങൾ പറയുന്നു. എന്നാൽ, വയനാടുമായുള്ള സുരേന്ദ്രന്റെ വ്യക്തിപരമായ ബന്ധം വോട്ടായി മാറ്റുമെന്നാണ് അനുകൂലികൾ പറയുന്നത്. വയനാട് ജില്ലയിൽ യുവമോർച്ച പ്രസിഡന്റായാണ് സുരേന്ദ്രൻ പൊതുജീവിതം ആംരംഭിച്ചതെന്നും പറയുന്നു. രാഹുലും ആനി രാജയും ടൂറിസ്റ്റ് വിസയിൽ വന്നവരാണെന്നും തനിക്കിവിടെ പെർമെനന്റ് വിസയാണെന്നുമാണ് സുരേന്ദ്രന്റെ അവകാശവാദം.