Sorry, you need to enable JavaScript to visit this website.

ബാങ്ക് വഴി പണം തട്ടിപ്പിന് പുതിയ രീതി; അക്കൗണ്ട് വിൽപ്പനയിൽ കമ്മീഷൻ വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്

കൊച്ചി / തിരുവനന്തപുരം / കോഴിക്കോട് - ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്ത് വിവിധ ബാങ്ക് അക്കൗണ്ട് മുഖേനയുള്ള കമ്മീഷൻ തട്ടിപ്പു സംഘങ്ങളും സജീവം. തൊഴിൽരഹിതരെയും വിദ്യാർത്ഥി-യുവജനങ്ങളെയും പ്രവാസികളെയും വിവിധ സംരംഭകരെയും മറ്റും ലക്ഷ്യമിട്ട് വൻ തോതിൽ അക്കൗണ്ടിലൂടെ കമ്മീഷൻ വ്യവസ്ഥയിൽ പണം മാറുന്നവരുടെ എണ്ണം കൂടിവരികയാണെന്നും ഇത്തരം പണമിടപാടുകൾ നിരീക്ഷിച്ചുവരികയാണെന്നും ഇവരെ കാത്തിരിക്കുന്നത് വലിയ നടപടികളാണെന്നുമാണ് പോലീസ് പറയുന്നത്.

ഇന്ത്യയെ കണ്ട് ഞെട്ടണം; വൃത്തിയിൽ ലോകത്ത് ഏറ്റവും പിറകിൽ!

ബി.ജെ.പിക്കാരോട് പൊറുക്കണം, വെറുക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ
 വിവിധ ഏജന്റുമാർ മുഖേന അക്കൗണ്ടിൽ എത്തുന്ന പണം മാറ്റിനൽകിയാൽ അക്കൗണ്ട് ഉടമയ്ക്ക് ഒരു ലക്ഷത്തിന് എണ്ണായിരവും പതിനായിരവും രൂപ കമ്മീഷൻ നൽകി പണം വെളുപ്പിക്കുന്ന വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെയെല്ലാം നിരീക്ഷിച്ച് വരികയാണെന്നും നിയമത്തിന്റെ പഴുതുകളുപയോഗിച്ച് നിയമവിരുദ്ധ മാർഗങ്ങളിലൂടെ പണം വെളുപ്പിച്ച് വൻ സാമ്പത്തിക തട്ടിപ്പുസംഘങ്ങൾ വിലസുകയാണെന്നുമാണ് പറയുന്നത്. ഈ തട്ടിപ്പുസംഘത്തിന്റെ കണ്ണികളെ തിരിച്ചറിഞ്ഞ് ഉറവിടം കണ്ടെത്താനുള്ള നീക്കത്തിലാണ് അധികൃതർ.
 സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും തൊഴിൽരഹിതരുമായ അക്കൗണ്ട് ഉടമകളെ കണ്ടെത്തി അവർക്ക് അവരുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ എത്തിച്ച് പരിചയക്കാരിലൂടെ തന്നെ പണം കമ്മീഷനായി നൽകി നിശ്ചിത വ്യക്തിയിലൂടെ ലക്ഷങ്ങൾ മാറ്റി നൽകുകയാണ് ചെയ്യുന്നത്. തങ്ങളുടെ അക്കൗണ്ടിലേക്ക് ആരോ മാറ്റുന്ന ഈ പണം പരിചയക്കാരനായ ഏജന്റു മുഖേന ബാങ്കിൽനിന്ന് പിൻവലിച്ച് കമ്മീഷൻ കിഴിച്ചുള്ള സംഖ്യ ഏജന്റ് യഥാർത്ഥ സംഘത്തിന് എത്തിക്കുന്ന രീതിയിലുള്ള നെറ്റ്‌വർക്ക് ഗ്രാമ-നഗരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി പ്രവർത്തിക്കുന്നതായാണ് വിവരം. 
 സ്വന്തം അക്കൗണ്ടിലേക്ക് യാതൊരു റിസ്‌കുമില്ലാതെ ഏജന്റുമാർ മുഖേന ലഭിക്കുന്ന പണം മാറ്റിനൽകുന്നതിലൂടെ, അക്കൗണ്ട് ഉടമയ്ക്ക് കാര്യമായ അധ്വാനമൊന്നും ഇല്ലാതെ വലിയൊരു തുകയാണ് കമ്മീഷനിലൂടെ ലഭിക്കുന്നത്. ഇത് അക്കൗണ്ട് ഉടമയ്ക്ക് വലിയൊരു ആശ്വാസമാണുതാനും. നിയമത്തിന്റെ കണ്ണിൽ നിർദ്ദിഷ്ട നികുതികളെല്ലാം അടച്ചുള്ള ഈ പണവിനിമയത്തിലൂടെ വൻ റാക്കറ്റ് സംഘം കോടികളാണ് വെളുപ്പിച്ചെടുക്കുന്നത്. 
 ഇങ്ങനെ, നിർണായക നീക്കങ്ങളിലൂടെ നിസ്സാര കമ്മീഷൻ ലാഭത്തിനും മറ്റും ബാങ്ക് അക്കൗണ്ട് വിൽപ്പന നടത്തുന്നവർ സൂക്ഷിക്കണമെന്നും നിങ്ങളെ കാത്തിരിക്കുന്നത് വലിയ നടപടികളാണെന്നുമാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് നൽകുന്ന മുന്നറിയിപ്പ്. ഇപ്രകാരം വിൽപ്പന നടത്തിയ നിരവധി അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നാണ് വിവരം. 
 ബാങ്ക് അക്കൗണ്ടുകൾ വിൽക്കുന്നവരിലേറെയും കോളേജ് വിദ്യാർത്ഥികളും യുവാക്കളുമാണ്. സൈബർ തട്ടിപ്പുകേസുകളിൽ മിക്കവാറും ആദ്യം പിടിയിലാകുന്നത് അക്കൗണ്ട് ഉടമകളാണ്. സുഹൃത്തിന് കുറച്ച് പണം വരാനുണ്ടായിരുന്നെന്നും അതിനായി അക്കൗണ്ട് എടുത്തു നല്കിയെന്നുമാണ് പിടിയിലായവർ പറയുന്നത്. പലപ്പോഴും ഈ 'സുഹൃത്ത്' അജ്ഞാതനായിരിക്കും. ഇനി ഇവർ പറയുന്ന സുഹൃത്തിനെ പിടികൂടിയാലോ ഒന്നുമറിയില്ലെന്ന് പറഞ്ഞ് അയാൾ കൈമലർത്തുകയാണെന്നും പോലീസ് പറയുന്നു. തട്ടിപ്പുസംഘത്തിന് അക്കൗണ്ട് എടുത്ത് നല്കുന്നവരുമുണ്ട്. അക്കൗണ്ടിൽ വരുന്ന തുകയ്ക്കനുസരിച്ച് അപ്പപ്പോൾ തന്നെ ഏജന്റ് മുഖേന യാതൊരു മുടക്കവുമില്ലാതെ കമ്മീഷൻ ക്ലിയറാക്കുന്നതിനാൽ ഒട്ടേറെ ബാങ്ക് അക്കൗണ്ട് ഉടമകളാണ് ഈ നെറ്റ്‌വർക്കിൽ പെട്ടത്. പണം അക്കൗണ്ടിലേക്ക് അയയ്ക്കുന്നത് ആരാണെന്നോ, എവിടെനിന്നാണെന്നോ, എന്തിനാണെന്നോ പോലും മനസ്സിലാക്കാതെയാണ് അക്കൗണ്ട് ഉടമകൾ കമ്മീഷൻ മോഹത്തിൽ 'തട്ടിപ്പിൽ' പങ്കാളികളാകുന്നത്. അറസ്റ്റിലാകുമ്പോഴാണ് പലരും കാര്യത്തിന്റെ ഗൗരവം മനസിലാക്കുന്നതെന്നും പോലീസ് പറഞ്ഞു.
  കേരളത്തിൽ പുതുതായി പടരുന്ന അപകടകരമായ തട്ടിപ്പ് രീതിയാണിതെന്ന് എറണാകുളം ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പ്രതികരിച്ചു. നേരത്തെ മറ്റു സംസ്ഥാനങ്ങളിലാണ് ഇത്തരം തട്ടിപ്പുകൾ നടന്നിരുന്നതെങ്കിൽ ഇന്ന് കേരളത്തിലെ പല ജില്ലകളിലും ഈ റാക്കറ്റുകൾ വട്ടമിട്ട് പറക്കുകയാണ്. വ്യക്തികളും പൊതുസമൂഹവും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ അതുണ്ടാക്കുന്ന പരുക്കുകൾ നിസ്സാരമാവില്ലെന്നും അധികൃതർ ഓർമപ്പെടുത്തുന്നു. നിസ്സാര ലാഭത്തിന് അക്കൗണ്ട് വിൽക്കുന്നവർ വൻ ചതിക്കുഴികളിൽ പെടുമെന്നും അഴിക്കുള്ളിലാകുമെന്നും പോലീസ് പറയുന്നു.

Latest News