നാലുവര്‍ഷത്തിന് ശേഷം വനിതാ ടെസ്റ്റ് ക്രിക്കറ്റ് വരുന്നു, മാര്‍ച്ച് 28 മുതല്‍

ന്യൂദല്‍ഹി- നാലു വര്‍ഷത്തെ ഇടവേളക്കുശേഷം ആഭ്യന്തര വനിതാ ടെസ്റ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താന്‍ ബി.സി.സി.ഐ. മാര്‍ച്ച് 28-ന് പുനെയില്‍വെച്ച് സീനിയര്‍ ഇന്റര്‍ സോണ്‍ ത്രിദിന
ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താനാണ് തീരുമാനം. 2018-ലാണ് ഇതിനു മുന്‍പ് വനിതകള്‍ക്കായുള്ള ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റ് നടന്നിട്ടുള്ളത്.

കഴിഞ്ഞ ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയക്കെതിരെയും നടന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ വിജയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തര റെഡ് ബോള്‍ ക്രിക്കറ്റ് വീണ്ടും കൊണ്ടുവരാനുള്ള തീരുമാനം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വനിതാ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റ് കഴിഞ്ഞ് പത്തു ദിവസത്തിനു ശേഷമാണ് ടെസ്റ്റ് ആരംഭിക്കുക. മാര്‍ച്ച് 17-നാണ് ഡബ്ല്യൂ.പി.എല്‍. അവസാനിക്കുക.

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനാണ് ആഭ്യന്തര ടെസ്റ്റ് മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുക. ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത്-ഈസ്റ്റ് സോണുകളായി തിരിച്ചുള്ള ടീമുകളാണ് മത്സരിക്കുക. മൂന്ന് ദിവസമായിരിക്കും ഓരോ മത്സരവും. മുന്‍പ് നടന്ന മത്സരങ്ങളില്‍ രണ്ട് ദിവസമായിരുന്നു. ഓരോ ടീമിനും അഞ്ച് മത്സരങ്ങളുണ്ടാകും.

മാര്‍ച്ച് 28-ന് ഈസ്റ്റ് സോണും നോര്‍ത്ത് ഈസ്റ്റ് സോണും തമ്മിലും വെസ്റ്റ് സോണും സെന്‍ട്രല്‍ സോണും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളോടെയാണ് ഇത് ആരംഭിക്കുക. ഏപ്രില്‍ ഒന്‍പതിനാണ് ഫൈനല്‍.

 

 

Latest News