ലണ്ടൻ- ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ തുടർച്ചയായ വിജയങ്ങളുമായി മുന്നേറുകയായിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന് വീണ്ടും അടിതെറ്റി. ഫുൾഹാമാണ് 2-1ന് യുനൈറ്റഡിനെ അവരുടെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ അട്ടിമറിച്ചത്. സമനിലയാകുമെന്ന് തോന്നിച്ച മത്സരത്തിൽ ഇൻജുറി ടൈമിന്റെ അവസാന വേളയിൽ അലെക്സ് ഇവോബിയാണ് യുനൈറ്റഡിനെ ഞെട്ടിച്ച് ഫുൾഹാമിന്റെ വിജയ ഗോൾ നേടിയത്.
65ാം മിനിറ്റിൽ കാൽവിൻ ബാസ്സി ഫുൾഹാമിനെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ 89ാം മിനിറ്റിൽ ഹാരി മഗൈ്വർ യുനൈറ്റഡിന് സമനില നേടിക്കൊടുത്തു. വിജയത്തിനായി യുനൈറ്റഡ് കൈമെയ് മറന്ന് പൊരുതുമ്പോഴാണ് ഇവോബിയുടെ ഗോൾ. 44 പോയന്റുമായി ലീഗിൽ ആറാം സ്ഥാനത്താണിപ്പോൾ യുനൈറ്റഡ്.
നാലാം സ്ഥാനാക്കാരായ ആസ്റ്റൺ വില്ല 4-2ന് നോട്ടിംഗ്ഹാമിനെ തകർത്തു. ഡഗ്ലസ് ലൂയിസ് വില്ലക്കുവേണ്ടി രണ്ടു ഗോൾ നേടി. ഏഴാം സ്ഥാനക്കാരായ ബ്രൈറ്റണെ, എവർട്ടൺ സമനിലയിൽ തളച്ചു, 1-1. ക്രിസ്റ്റൽ പാലസ് 3-1ന് ബേൺലിയെ കീഴടക്കി.