Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജയ്‌സ്വാള്‍ സെഞ്ചുറി, ജയത്തിലേക്ക് ഇന്ത്യ

രാജ്‌കോട് - പരമ്പരയിലാദ്യമായി ഇംഗ്ലണ്ടിന് മേല്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയതോടെ ഇന്ത്യ രാജ്‌കോട്ട് ടെസ്റ്റില്‍ ജയത്തിലേക്ക് ചുവട് വെക്കുന്നു. ആര്‍. അശ്വിന്‍ മത്സരത്തില്‍ ലഭ്യമായിരിക്കില്ലെന്ന ദുഃഖവാര്‍ത്തയുമായി ആരംഭിച്ച മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് മേല്‍ ഇന്ത്യയുടെ ലീഡ് 300 കടന്നു. ഇന്ത്യയുടെ 445 നെതിരെ വെറും മുപ്പത്തഞ്ചോവറില്‍ രണ്ടിന് 207 എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം തുടങ്ങിയത്. 112 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഇംഗ്ലണ്ടിനെ പുറത്താക്കി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരാന്‍ ആതിഥേയര്‍ക്ക് സാധിച്ചു. ഓപണര്‍ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ചുറിയും (133 പന്തില്‍ 104, റിട്ടയേഡ് ഹേര്‍ട്) ശുഭ്മന്‍ ഗില്ലിന്റെ (120 പന്തില്‍ 65 നോട്ടൗട്ട്) അര്‍ധ സെഞ്ചുറിയും വഴി കളിയില്‍ ഇന്ത്യ പിടിമുറുക്കുന്നതു കണ്ടാണ് മൂന്നാം ദിനം അവസാനിച്ചത്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് കളി ജയിക്കാന്‍ മതിയായ 322 റണ്‍സ് ലീഡായി. അവശേഷിച്ച രണ്ട് ദിനം ഇംഗ്ലണ്ടിന് പ്രതിരോധത്തിന്റേതായിരിക്കും. സ്‌കോര്‍: ഇന്ത്യ 445, രണ്ടിന് 196, ഇംഗ്ലണ്ട് 319.
രാവിലെ ഒന്നര സെഷനില്‍ ഇംഗ്ലണ്ടിന്റെ എട്ട് വിക്കറ്റുകള്‍ പിഴുതെറിഞ്ഞാണ് ഇന്ത്യ ആക്രോശം മുഴക്കിയത്. കുല്‍ദീപ് യാദവാണ് (18-2-77-2) തുടങ്ങിയത്. ജോ റൂട്ടിനെയും (18) ജോണി ബെയര്‍സ്‌റ്റോയെയും (0) തുടര്‍ച്ചയായ ഓവറുകളില്‍ പുറത്താക്കി ഇന്ത്യക്ക് ആവേശം പകര്‍ന്നു. മുഹമ്മദ് സിറാജ് (21.1-2-84-2) അതേറ്റെടുത്തു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (41) ഒരു വശത്ത് പൊരുതിനില്‍ക്കെ ബെന്‍ ഫോക്‌സിനെയും (13) റിഹാന്‍ അഹമ്മദിനെയും (6) സിറാജ് പുറത്താക്കി. സ്റ്റോക്‌സിന്റെ ചെറുത്തുനില്‍പ് രവീന്ദ്ര ജദേജ അവസാനിപ്പിച്ചതോടെ ഇംഗ്ലണ്ട് നാടകീയമായി തകര്‍ന്നു. ഇന്ത്യക്ക് 126 റണ്‍സിന്റെ ഇന്നിംഗ്‌സ് ലീഡ്. 
ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ച നായകന്‍ രോഹിത് ശര്‍മയെ (19) എളുപ്പം നഷ്ടപ്പെട്ടെങ്കിലും യുവ ബാറ്റര്‍മാരായ ജയ്‌സ്വാളും ഗില്ലും ഉത്തരവാദിത്തമേറ്റെടുത്തു. 155 റണ്‍സ് കൂട്ടുകെട്ടിലൂടെ അവര്‍ ഇന്ത്യയെ സുരക്ഷിതത്വത്തിലേക്ക് നയിച്ചു. പുറംവേദന കാരണം ജയ്‌സ്വാള്‍ ബാറ്റിംഗ് നിര്‍ത്തി മടങ്ങുകയും രജത് പട്ടിധാര്‍ (0) എവിടെയും അടിച്ചുപറത്താവുന്ന നിരുപദ്രവകരമായ പന്തില്‍ വിക്കറ്റ് വലിച്ചെറിയുകയും ചെയ്തതോടെയാണ് ഇംഗ്ലണ്ടിന് നേരിയ ആശ്വാസമായത്. നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവാണ് ഗില്ലിനൊപ്പം ക്രീസില്‍. 
രാജ്‌കോട്ട് ടെസ്റ്റിനും റാഞ്ചി ടെസ്റ്റിനുമിടയില്‍ മൂന്നു ദിവസം മാത്രം ഇടവേളയുള്ള സാഹചര്യത്തിലാണ് ജയ്‌സ്വാളിന് വിശ്രമം നല്‍കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. 122 പന്തില്‍ അഞ്ച് സിക്‌സറും ഒമ്പത് ബൗണ്ടറിയുമായാണ് ജയ്‌സ്വാള്‍ പരമ്പരയിലെ രണ്ടാമത്തെ സെഞ്ചുറി നേടിയത്. 

Latest News