രാജ്‌കോട് - ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ നിന്ന് അടിയന്തരമായി ആര്‍. അശ്വിന്‍ പിന്മാറിയതിന്റെ കാരണം പുറത്തുവിട്ട് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. അടിയന്തര കുടുംബസാഹചര്യമാണെന്നും അശ്വിന്റെ സ്വകാര്യത മാനിക്കണമെന്നും ബി.സി.സി.ഐ അറിയിച്ചതിന് പിന്നാലെയാണ് വൈസ് പ്രസിഡന്റ് തന്നെ അത് തെറ്റിച്ചത്. അശ്വിന്റെ അമ്മ ഗുരുതരാവസ്ഥയിലാണെന്നും അവര്‍ എളുപ്പം സുഖം പ്രാപിക്കട്ടെയെന്നും രാജീവ് ശുക്ല എക്‌സില്‍ കുറിച്ചു.
അശ്വിന് വെള്ളിയാഴ്ച സംഭവബഹുലമായിരുന്നു. രാവിലെ ബാറ്റ് ചെയ്യുമ്പോള്‍ പിച്ചിലെ ഡെയ്ഞ്ചല്‍ എന്‍ഡില്‍ അശ്വിന്‍ കയറിയതിന് ഇന്ത്യക്ക് അഞ്ച് റണ്‍സ് പെനാല്‍ട്ടി ലഭിച്ചിരുന്നു. പിന്നീട് ബൗളിംഗിന് വന്നപ്പോള്‍ കരിയറിലെ 500 വിക്കറ്റ് തികച്ചു. അതിന് പിന്നാലെയാണ് അമ്മ അത്യാസന്ന നിലയിലായ വാര്‍ത്ത വന്നത്.
അടിയന്തര കുടുംബസാഹചര്യമാണെന്നും അശ്വിന്റെ സ്വകാര്യത മാനിക്കണമെന്നും ബി.സി.സി.ഐ അറിയിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അശ്വിന്‍ ഉണ്ടാവില്ല. ഇന്ത്യന്‍ ടീം പത്തു പേരായിച്ചുരുങ്ങി. മത്സരം രണ്ടു ദിവസമേ പിന്നിട്ടിട്ടുള്ളൂ. കളിക്കാരുടെയും അവരുടെ കുടുംബത്തിന്റെയും ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് ബി.സി.സി.ഐ അറിയിച്ചു.