Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇത് എന്റെ കളി കണ്ട് അറ്റാക്ക് സംഭവിച്ച അച്ഛന് -അ്ശ്വിന്‍

രാജ്‌കോട് - നേട്ടത്തിലും ദുരിതത്തിലും തന്നോടൊപ്പം നിന്ന അച്ഛന് 500 വിക്കറ്റ് നേട്ടം സമര്‍പ്പിച്ച് ആര്‍. അശ്വിന്‍. എന്റെ യാത്രയിലുടനീളം അദ്ദേഹം കൂടെയുണ്ട്. ഞാന്‍ കളിച്ച ഓരോ സമയത്തും അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുന്നതു പോലെയാണ്. എന്റെ കളി സ്ഥിരമായി ടി.വിയില്‍ കാണാനിരുന്നതാണ് അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചത് -ഐ.ടി എഞ്ചിനിയര്‍ കൂടിയായ അശ്വിന്‍ പറഞ്ഞു. ഇംഗ്ലണ്ട് ടീമിന്റെ ആക്രമണ ശൈലി ഇന്ത്യക്ക് മേല്‍ കനത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നതെന്ന് അശ്വിന്‍ സമ്മതിച്ചു. ഇക്കണക്കിന് ഞങ്ങള്‍ക്ക് അധികം ബൗള്‍ ചെയ്യേണ്ടി വരില്ല. പക്ഷെ ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നില്ലെന്നതാണ് യാഥാര്‍ഥ്യം -ഓഫ്‌സ്പിന്നര്‍ പറഞ്ഞു.
നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് മുപ്പത്തേഴുകാരന്‍ ടെസ്റ്റ് ക്രിക്കറ്റിലെ 500 വിക്കറ്റ് ക്ലബ്ബില്‍ അംഗമായത്. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപണര്‍ സാക് ക്രോളിയാണ് അശ്വിന്റെ അഞ്ഞൂറാമത്തെ വിക്കറ്റായത്. അഞ്ഞൂറോ അധികമോ വിക്കറ്റെടുക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒമ്പതാമത്തെ ബൗളറാണ് അശ്വിന്‍. ഇന്ത്യന്‍ ബൗളര്‍മാരില്‍ അശ്വിനെക്കാള്‍ വിക്കറ്റെടുത്ത ഒരാളേയുള്ളൂ, അനില്‍ കുംബ്ലെ. കുംബ്ലെക്ക് 619 വിക്കറ്റുണ്ട്. 
രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സ് മുതല്‍ അഞ്ഞൂറാം വിക്കറ്റിനായി അശ്വിന്‍ കാത്തിരിക്കുന്നുണ്ട്. ലെഗ്‌സ്റ്റമ്പിലേക്കുള്ള അശ്വിന്റെ ഫുള്‍ ലെംഗ്ത് ബോള്‍ ക്രോളിയുടെ ബാറ്റിന് മുകളില്‍ തട്ടിയുയര്‍ന്നത് ഫൈന്‍ലെഗില്‍ രജത് പട്ടിധാര്‍ പിടിക്കുകയായിരുന്നു. 
സ്പിന്നര്‍മാരായ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ (800), അന്തരിച്ച ഓസ്‌ട്രേലിയന്‍ ലെഗ്‌സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ (708), കുംബ്ലെ, ഓസ്‌ട്രേലിയയുടെ നാഥന്‍ ലയണ്‍ (517) എന്നിവരാണ് അശ്വിനെക്കാള്‍ മുന്നിലുള്ളത്. 2011 ല്‍ അരങ്ങേറിയ അശ്വിന്റെ 98ാം ടെസ്റ്റാണ് ഇത്. അഞ്ച് സെഞ്ചുറിയുള്‍പ്പെടെ 3308 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. 
ബൗളിംഗില്‍ പുതുമകള്‍ കണ്ടെത്താനുള്ള പരീക്ഷണമാണ് അശ്വിന്റെ വിജയരഹസ്യം. ക്രീസിന്റെ വീതി പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നാണ് അശ്വിന്റെ ബൗളിംഗ് ശൈലി. പല ആംഗിളുകളില്‍ എറിയാന്‍ അശ്വിന് സാധിക്കും. ആംബോളം കാരം ബോളുമാണ് അശ്വിന്റെ പ്രത്യേകത. 
2011 ല്‍ ലോകകപ്പും 2013 ല്‍ ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ഇന്ത്യന്‍ ടീമുകളില്‍ അംഗമായിരുന്നു. 2015-16 സീസണില്‍ എട്ട് ടെസ്റ്റില്‍ 48 വിക്കറ്റും 19 ട്വന്റി20യില്‍ 27 വിക്കറ്റുമെടുത്ത് ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി. 34 തവണ ടെസ്റ്റില്‍ അഞ്ചോ അധികമോ വിക്കറ്റെടുത്തു. 59 റണ്‍സിന് ഏഴു വിക്കറ്റാണ് മികച്ച പ്രകടനം. 
പെയ്‌സ്ബൗളറും ബാറ്ററുമായാണ് കരിയര്‍ തുടങ്ങിയത്. പിന്നീടാണ് ഓഫ്‌സ്പിന്‍ ബൗളിംഗിലേക്ക് തിരിഞ്ഞത്. 124 റണ്‍സാണ് അശ്വിന്റെ അഞ്ച് സെഞ്ചുറികളില്‍ ഉയര്‍ന്ന സ്‌കോര്‍. 54 ടെസ്റ്റില്‍ 501 വിക്കറ്റെടുത്ത കുംബ്ലെ-ഹര്‍ഭജന്‍ സിംഗ് ജോഡിയെ മറികടക്കാന്‍ അശ്വിന്‍-രവീന്ദ്ര ജദേജ കൂട്ടുകെട്ടിന് സാധിച്ചു. 

500 വിക്കറ്റ് നേടിയവര്‍ 
ബൗളര്‍, ടീം, കളി, വിക്കറ്റ്, ശരാശരി എന്ന ക്രമത്തില്‍
മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക)     133     800     22.72
ഷെയ്ന്‍ വോണ്‍ (ഓസ്‌ട്രേലിയ)     145     708    25.41
ജെയിംസ് ആന്‍ഡേഴ്‌സന്‍ (ഇംഗ്ലണ്ട്)185*    696    26.39
അനില്‍ കുംബ്ലെ (ഇന്ത്യ)         132     619     29.65
സ്റ്റുവാര്‍ട് ബ്രോഡ് (ഇംഗ്ലണ്ട)     167     604     27.68
ഗ്ലെന്‍ മക്ഗ്രാ (ഓസ്‌ട്രേലിയ)         124     563     21.64
കോട്‌നി വാല്‍ഷ് (വെസ്റ്റിന്‍ഡീസ്) 132     519     24.44
നാഥന്‍ ലയണ്‍ (ഓസ്‌ട്രേലിയ)     127     517     30.73
ആര്‍. അശ്വിന്‍ (ഇന്ത്യ)             98*     500     23.93
 

Latest News