സെപാഹന്‍ - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇറാനിലെ സെപാഹനെ ഇന്ന് സൗദി അറേബ്യന്‍ ലീഗ് ലീഡര്‍മാരായ അല്‍ഹിലാല്‍ നേരിടുമ്പോള്‍ എല്ലാ കണ്ണുകളും നെയ്മാറിലേക്കാണ്. അല്‍ഹിലാല്‍ ജഴ്‌സിയില്‍ അഞ്ച് മത്സരങ്ങള്‍ കളിക്കുമ്പോഴേക്കും പരിക്കേറ്റ് മടങ്ങിയ നെയ്മാര്‍ ശസ്ത്രക്രിയക്കു ശേഷം തിരിച്ചെത്തിയിരുന്നു. എന്നാല്‍ ബ്രസീല്‍ താരം ഇന്ന് കളിക്കില്ല. ഗുരുതരമായ പരിക്കില്‍ നിന്ന് മോചിതനായി വരുന്നതേയുള്ളൂ താരം. ഓഗസ്റ്റ് എങ്കിലുമാവും നെയ്മാര്‍ പൂര്‍ണ ഫിറ്റ്‌നസ് നേടാനെന്നാണ് ബ്രസീല്‍ ടീം ഡോക്ടര്‍ ലെസ്മാര്‍ പറയുന്നത്.
അവസാന ലീഗ് മത്സരത്തില്‍ ഇത്തിഹാദിനോട് തോറ്റ സെപാഹന്‍ കഷ്ടിച്ചാണ് നോക്കൗട്ടില്‍ കടന്നുകൂടിയത്. ഇറാന്‍ പ്രൊ ലീഗില്‍ രണ്ടാം സ്ഥാനത്താണ് സെപാഹന്‍. തുടര്‍ച്ചയായ മൂന്നു കളികള്‍ ലീഗില്‍ തോറ്റാണ് അവര്‍ ഏഷ്യന്‍ മത്സരത്തിനൊരുങ്ങിയത്. അതേസമയം ഹിലാല്‍ തുടര്‍ച്ചയായി 22 കളികള്‍ ജയിച്ച് ആവേശത്തിലാണ്. റിയാദ് കപ്പില്‍ അന്നസ്‌റിനെ കീഴടക്കിയാണ് അവര്‍ ഇറാനിലെത്തിയത്.
നെയ്മാറിന്റെ അഭാവം അല്‍ഹിലാലിനെ വലുതായി പ്രയാസപ്പെടുത്തില്ല. അലക്‌സാണ്ടര്‍ മിത്രോവിച് ആറ് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ആറ് ഗോളടിച്ചിട്ടുണ്ട്. അന്നസ്‌റിന്റെ മുത്അബ് അല്‍മുഫരിജ്, മുഹമ്മദ് അല്‍ഉവൈസ് എന്നിവര്‍ക്കും പരിക്കുണ്ട്.