ചെന്നൈ -പ്രൈം വോളിബോള്‍ ലീഗിന്റെ മൂന്നാം എഡിഷന്‍ നാളെ ചെന്നൈയില്‍ ആരംഭിക്കും. മാര്‍ച്ച് 21 ന് നടക്കുന്ന ഫൈനലില്‍ കിരീടമുയര്‍ത്താന്‍ ഒമ്പത് ഫ്രാഞ്ചൈസികള്‍ പൊരുതും.
ഫ്രാഞ്ചൈസികള്‍
അഹമ്മദാബാദ് ഡിഫന്റേഴ്‌സ്, ബംഗളൂരു ടോര്‍പിഡോസ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ ബ്ലിറ്റ്‌സ്, ദല്‍ഹി തൂഫാന്‍സ്, ഹൈദരാബാദ് ബ്ലാക്ക്‌ഹോക്‌സ്, കൊച്ചി ബ്ലൂസ്‌പൈക്കേഴ്‌സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്‌സ്, മുംബൈ മീറ്റിയേഴ്‌സ് എന്നിവയാണ് ടീമുകള്‍. അഹമ്മദാബാദാണ് നിലവിലെ ചാമ്പ്യന്മാര്‍.
ഉദ്ഘാടന മത്സരം
നിലവിലെ ചാമ്പ്യന്മാരായ അഹമ്മദാബാദ് ഡിഫന്റേഴ്‌സും ആതിഥേയരായ ചെന്നൈ ബ്ലിറ്റ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. നിലവിലെ റണ്ണര്‍അപ് ബംഗളൂരു ടോര്‍പിഡോസ് നാളത്തെ രണ്ടാമത്തെ കളിയില്‍ ആദ്യ സീസണിലെ ചാമ്പ്യന്മാരാ്യ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്‌സുമായി ഏറ്റുമുട്ടും.
സൂപ്പര്‍ ഫൈവ്‌സ്
ഇത്തവണത്തെ പ്രത്യേകതയാണ് സൂപ്പര്‍ ഫൈവ്‌സ്. ലീഗ് ഘട്ടത്തിലെ അഞ്ച് സ്ഥാനക്കാര്‍ സൂപ്പര്‍ ഫൈവ്‌സില്‍ റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ ഏറ്റുമുട്ടും. ആദ്യ സ്ഥാനക്കാര്‍ നേരിട്ട് ഫൈനല്‍ കളിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മിലുള്ള പ്ലേഓഫിലെ വിജയികളും ഫൈനലിലേക്ക് മുന്നേറും.
അഞ്ച് സെറ്റ്
എല്ലാ കളിയും അഞ്ച് സെറ്റുകളിലായിരിക്കും. ആദ്യം 15 പോയന്റ് നേടുന്ന ടീമിനാണ് സെറ്റ്. അഞ്ച് സെറ്റും നേടിയാല്‍ മൂന്ന് പോയന്റ്, ഒരു സെറ്റെങ്കിലും കൈവിട്ടാണ് ജയമെങ്കില്‍ രണ്ട് പോയന്റ്. പോയന്റുകള്‍ തുല്യമായാല്‍ നേടിയ സെറ്റുകളുടെ എണ്ണം പരിഗണിക്കും. ഫൈനലും പ്ലേഓഫും ബെസ്റ്റ് ഓഫ് ഫൈവിലായിരിക്കും.
സൂപ്പര്‍ പോയന്റ്
സൂപ്പര്‍ പോയന്റ് വിളിക്കുന്ന ടീമിന് ആ പോയന്റ് നേടിയാല്‍ രണ്ട് പോയന്റ് ലഭിക്കും. നഷ്ടപ്പെട്ടാല്‍ എതിര്‍ ടീമിന് രണ്ട് പോയന്റ് കിട്ടും. എതിരാളികള്‍ ആരും സ്പര്‍ശിക്കാതെ കോര്‍ടില്‍ പന്ത് വീഴുന്ന സൂപ്പര്‍ സെര്‍വിനും രണ്ട് പോയന്റാണ്.