ലെയ്പ്‌സിഷ് - ഗോളടിവീരന്‍ ജൂഡ് ബെലിംഗാം ഇല്ലാതെ കളിച്ച റയല്‍ മഡ്രീഡ് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടറില്‍ ലെയ്പ്‌സിഷിനെതിരെ നേരിയ വിജയം നേടി. ബ്രാഹിം ഡിയാസിന്റെ ഒറ്റക്കുള്ള കുതിപ്പിലാണ് റയല്‍ 1-0 ന് ജയിച്ചത്. ബെലിംഗാമിന്റെ ഗോളാഘോഷം ബ്രാഹിം അനുകരിച്ചു.
48ാം മിനിറ്റില്‍ അസാമാന്യ പദചലനങ്ങളോടെ മൂന്ന് ഡിഫന്റര്‍മാരെ വെട്ടിച്ചുകയറിയാണ് ഡിയാസ് ഗോളടിച്ചത്. നിരവധി കളിക്കാര്‍ക്ക് പരിക്കേറ്റതോടെ പ്രതിരോധം പുതുക്കിപ്പണിതാണ് റയല്‍ ഇറങ്ങിയത്. ഗോളടിച്ച ഡിയാസിന് പിന്നീട് പരിക്കേറ്റ് പിന്മാറേണ്ടി വന്നു. കഴിഞ്ഞ സീസണില്‍ റയലിനെ തോല്‍പിച്ച ടീമാണ് ലെയ്പ്‌സിഷ്. 2003-04 നു ശേഷം എല്ലാ ചാമ്പ്യന്‍സ് ലീഗിലും റയല്‍ പ്രി ക്വാര്‍ട്ടര്‍ കളിച്ചിട്ടുണ്ട്. 2022 ലാണ് അവസാനം കിരീടം നേടിയത്.