പെര്‍ത്ത് -ഓസ്ട്രേലിയന്‍ മണ്ണിലെ തന്റെ അവസാന അന്താരാഷ്ട്ര മത്സരത്തില്‍ ഡേവിഡ് വാണര്‍ ടീമിന്റെ ടോപ്സ്കോററായി. എന്നാല്‍ വാണര്‍ക്ക് ഉചിതമായ വിടവാങ്ങല്‍ നല്കാന് ഓസീസിനായില്ല. ആന്ദ്രെ റസ്സലിന്റെയും ഷെര്‍ഫയ്ന്‍ റൂഥര്‍ഫോഡിന്റെയും റെക്കോര്‍ഡ് ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ വെസ്റ്റിന്‍ഡീസ് മൂന്നാം ട്വന്റി20 മത്സരം 37 റണ്‍സിന് ജയിച്ചു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഓസീസ് പരമ്പര നേടിയിരുന്നു. റസ്സല്‍ 29 പന്തില്‍ ഏഴ് സിക്സറും നാല് ബൗണ്ടറിയുമായി 71 റണ്‍സടിച്ചു. റൂഥര്‍ഫോഡ് 40 പന്തില്‍ അഞ്ച് സിക്സറും അഞ്ച് ബൗണ്ടറിയുമായി 67 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. റോസ്റ്റണ്‍ ചെയ്സ് (20 പന്തില്‍ 37) ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ (14 പന്തില്‍ 21) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
വിന്‍ഡീസിന്റെ ആറിന് 220 നെതിരെ അഞ്ചിന് 183 റണ്‍സ് മറുപടി നല്‍കാനേ ഓസീസിന് സാധിച്ചുള്ളൂ. വാണറും (49 പന്തില്‍ 81) ടിം ഡേവിഡും (19 പന്തില്‍ 41 നോട്ടൗട്ട്) മാത്രമേ കാര്യമായി സ്കോര്‍ ചെയ്തുള്ളൂ. ചെയ്സ് നാലോവറില്‍ 19 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.