ദോഹ - നാടകീയത നിറഞ്ഞ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആതിഥേയരായ ഖത്തറിന്റെ കിരീടധാരണത്തോടെ അവസാനി്ച്ചപ്പോള് പുതിയ പ്രതീക്ഷകളാണ് നാമ്പിട്ടത്. അടുത്ത ലോകകപ്പില്‍ ഏഷ്യയുടെ മികച്ച പ്രകടനം കാണാമെന്ന മോഹം നാമ്പിടുന്നതായിരുന്നു ഖത്തറില്‍ പല ടീമുകളുടെയും പ്രകടനം. പരമ്പരാഗത ശക്തികളായ സൗദി അറേബ്യയും ജപ്പാനും തെക്കന്‍ കൊറിയയും ഓസ്ട്രേലിയയും നിരാശപ്പെടുത്തിയപ്പോള്‍ ഏഷ്യയുടെ ആഴവും പരപ്പും വെളിപ്പെടുത്തി പുതിയ ടീമുകള്‍ ഉദയം ചെയ്തു. അതേസമയം ഏഷ്യയില്‍ പോലും പിടിച്ചുനില്ക്കാന് ഇന്ത്യയും ചൈനയും പാടുപെടുന്നത് ഖത്തര്‍ കണ്ടു. രണ്ട് ടീമിനും ഒരു ഗോള്‍ പോലും സ്കോര്‍ ചെയ്യാനായില്ല.
ജോര്‍ദാന്‍ ഫൈനല്‍ വരെ മുന്നേറുമെന്ന് അധികമാരും പ്രതീക്ഷിച്ചില്ല. കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം നാട്ടിലെ അരങ്ങേറ്റത്തില്‍ നിരാശപ്പെടുത്തിയ ഖത്തര്‍ അഭിമാനം വീണ്ടെടുക്കുന്നതിന് ടൂര്‍ണമെന്റ് സാക്ഷിയായി. ഉസ്ബെക്കിസ്ഥാനും അരങ്ങേറ്റക്കാരായ താജിക്കിസ്ഥാനും പ്രതീക്ഷകള്‍ കവച്ചുവെച്ചു. ഖത്തറിന്റെ അക്രം അഫീഫിലൂടെ പുതിയ താരോദയത്തിനും ടൂര്‍ണമെന്റ് സാക്ഷിയായി. നിരവധി യൂറോപ്യന്‍ ക്ലബ്ബ് താരങ്ങള്‍ പന്ത് തട്ടിയ ടൂര്‍ണമെന്റില്‍ ഫൈനലിലെ മൂന്ന് പെനാല്‍ട്ടി ഗോളുള്‍പ്പെടെ എട്ട് ഗോളോടെ ഇരുപത്തഞ്ചുകാരന് ടോപ്സ്കോററായി.
പല മത്സരങ്ങളും നാടകീയമായാണ് അവസാനിച്ചത്. പ്രി ക്വാര്‍ട്ടറില്‍ സൗദി അറേബ്യക്കെതിരെ എക്സ്ട്രാ ടൈമിന്റെ പത്താം മിനിറ്റില്‍ തെക്കന്‍ കൊറിയ സമനില നേടുകയും ഷൂട്ടൗട്ടില്‍ ജയിക്കുകയും ചെയ്തു. സൗദി കോച്ച് റോബര്‍ടൊ മാഞ്ചീനി ഷൂട്ടൗട്ട് തീരും മുമ്പെ ഗ്രൗണ്ട് വിട്ട് വിവാദം സൃഷ്ടിച്ചു. ജോര്‍ദാനോട് തോറ്റ് സെമിഫൈനലില്‍ കൊറിയ അമ്പരന്നു നില്‍ക്കവെ കോച്ച് യൂര്‍ഗന്‍ ക്ലിന്സ്മാന് സുസ്മേരവദനനായി ക്യാമറകളെ അഭിമുഖീകരിച്ചത് ആരാധകരെ സംബന്ധിച്ചിടത്തോളം എരിതീയില്‍ എണ്ണയൊഴിച്ച പോലെയായി.
അജയ്യ മുന്നേറ്റത്തോടെ, റെക്കോര്‍ഡ് തവണ ജേതാക്കളെന്ന തിലകക്കുറിയുമായി വലിയ പ്രതീക്ഷയോടെ വന്ന ജപ്പാനാണ് ഏറ്റവുമധികം നിരാശപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാഖിനോട് തോറ്റ അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറാന് മുന്നില്‍ മുട്ടുമടക്കി ടൂര്‍ണമെന്റ് വിട്ടു. കൊറിയയുടെയും സൗദിയുടെയും നീണ്ട കാത്തിരിപ്പിനും ഖത്തറില്‍ തീരുമാനമായില്ല. 1960 ലാണ് കൊറിയ അവസാനം ഏഷ്യന്‍ ചാമ്പ്യന്മാരായത്. സൗദി 1996 ലും. എന്നാല്‍ ഖത്തര്‍ അജയ്യരായി കിരീടം നിലനിര്‍ത്തി, തുടര്‍ച്ചയായി ചാമ്പ്യന്മാരാവുന്ന അഞ്ചാമത്തെ ടീമായി.
അടുത്ത ലോകകപ്പില്‍ ഏഷ്യക്ക് എട്ട് ബെര്‍ത്തുണ്ടാവും. ഒരു ഇന്റര്‍കോണ്ടിനന്റല്‍ പ്ലേഓഫ് സ്ഥാനവും. കൊറിയ, ജപ്പാന്, ഓസ്ട്രേലിയ, സൗദി, ഇറാന്, ഖത്തര്‍ ടീമുകളാണ് കഴിഞ്ഞ ലോകകപ്പില്‍ കളിച്ചത്. ജര്‍മനിയെയും സ്പെയിനിനെയും ജപ്പാന് അട്ടിമറിച്ചു. അര്‍ജന്റീനയെ സൗദി ഞെട്ടിച്ചു. ജോര്‍ദാന്‍, ഉസ്ബെക്കിസ്ഥാന്, താജിക്കിസ്ഥാന്‍, യു.എ.ഇ, ബഹ്റൈന്‍ പോലുള്ള ടീമുകള്‍ അവശേഷിച്ച സ്ഥാനങ്ങള്‍ക്കായി കച്ച മുറുക്കും. 2034 ലെ ലോകകപ്പിന് വേദിയൊരുക്കുന്നത് സൗദിയാണ്.
ഏഷ്യന്‍ ഫുട്ബോളിന്റെ നിലവാരം പലമടങ്ങ് വര്‍ധിച്ചതായും അറ്റാക്കിംഗ് ഫുട്ബോളിലൂടെ വിജയം കാണാന്‍ കഴിയുന്ന കളിക്കാര്‍ രംഗപ്രവേശം നേടിയതായും കോച്ചുമാര്‍ വിലയിരുത്തുന്നു. ലോക റാങ്കിംഗില്‍ 87ാം റാങ്കുകാരായ ജോര്‍ദാന്റെ ആക്രമണ ഫുട്ബോള്‍ കാണികളുടെ മനം കവര്‍ന്നു. ടൂര്‍ണമെന്റിലെ ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീമായ ഹോങ്കോംഗ് ഇറാനെ വിറപ്പിച്ചു. തെക്കന്‍ കൊറിയക്കെതിരെ മലേഷ്യ 3-3 സമനില നേടി.