ബെനോനി -ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിനും സീനിയര്‍ ലോകകപ്പ് ഫൈനലിനും പിന്നാലെ അണ്ടര്‍-19 ലോകകപ്പ് ഫൈനലിലും ഇന്ത്യക്കും കിരീടത്തിനും ഇടയില്‍ വഴിയടച്ച് ഓസ്ട്രേലിയ. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലില്‍ ഓസ്ട്രേലിയക്കു മുന്നില്‍ നിറംകെട്ടു. തീര്‍ത്തു ഏകപക്ഷീയമായ ഫൈനലില്‍ ഇന്ത്യ 79 റണ്‍സിന് തോറ്റു. വാലറ്റത്ത് മുരുകന് അഭിഷേകും (42) നമാന്‍ തിവാരിയും (14 നോട്ടൗട്ട്) പൊരുതിയതിനാലാണ് ഇന്ത്യയുടെ പരാജയഭാരം കുറഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ഫീല്ഡിംഗിനിറങ്ങേണ്ടി വന്ന ഇന്ത്യ ഓപണര്‍ സാം കോണ്‍സ്റ്റാസിനെ അക്കൗണ്ട് തുറക്കും മുമ്പ് പുറത്താക്കി ഉജ്വലമായാണ് തുടങ്ങിയത്. പിന്നീട് തൊട്ടതെല്ലാം പിഴച്ചു. ഏഴിന് 253 റണ്‍സെടുത്ത ഓസീസിനെതിരെ ഇന്ത്യയുടെ പ്രമുഖ ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടു. 43.5 ഓവറില്‍ 174 ന് ചാമ്പ്യന്മാര് ഓളൗട്ടായി. ഓപണര്‍ ആദര്‍ശ് സിംഗും (47) മുശീര്‍ ഖാനും (22) മുരുഗന് അഭിഷേകും (42) നമാന്‍ ിവാരിയും മാത്രമാണ് രണ്ടക്കം കണ്ടത്.
ഓപണര്‍ അര്ഷിന് കുല്‍ക്കര്‍ണിയെ (3) മൂന്നാം ഓവറില്‍ പെയ്സ്ബൗളര്‍ കാലം വൈഡ്ലറുടെ ബൗളിംഗില്‍ വിക്കറ്റ്കീപ്പര്‍ റയാന് ഹിക്സ് പിടിച്ചു. പകരം വന്ന മുശീര്‍ ഖാനെയും (22) പ്രതിസന്ധികളിലെ രക്ഷകനായ ക്യപ്റ്റന്‍ ഉദയ് സഹാരനെയും (8) മാലി ബിയേഡ്മാന്‍ പുറത്താക്കി. സെമിഫൈനലില്‍ ഉദയ് സഹാരനൊപ്പം ഇന്ത്യയെ നാടകീയമായി വിജയത്തിലേക്ക് നയിച്ച സചിന് ദാസിനും (9) പിടിച്ചുനില്‍ക്കാനായില്ല. റാഫ് മാക്മിലന്റെ ആദ്യ ഓവറില്‍ വിക്കറ്റ്കീപ്പര്‍ക്ക് പിടികൊടുത്തു.
നേരത്തെ ഇന്ത്യന്‍ വംശജനായ ഹര്‍ജാസ് സിംഗാണ് (64 പന്തില്‍ 55) ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയമായ ഹര്‍ജാസ് മൂന്നു സിക്സറും മൂന്നു ബൗണ്ടറിയും പായിച്ചു. സ്പിന്നര്‍ മുരുഗന് അഭിഷേകിനെ ഉയര്‍ത്തിയത് ഗ്രൗണ്ടിന് പുറത്താണ് പതിച്ചത്. ചണ്ഡിഗഢില്‍ നിന്ന് കാല് നൂറ്റാണ്ട് മുമ്പ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ കുടുംബത്തിലാണ് ഹര്‍ജാസ് ജനിച്ചത്.
ഓപണര്‍ സാം കോണ്‍സ്റ്റാസിനെ (0) രാജ് ലിംബാനി പുറത്താക്കിയതോടെ ഓസീസിനും മൂന്നാം ഓവറില്‍ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഹാരി ഡിക്സനും (42) ക്യാപ്റ്റന്‍ ഹ്യൂ വയ്ബ്ഗനും (48) ഇന്നിംഗ്സ് പടുത്തുയര്‍ത്തി. അവസാന ഓവറുകളില്‍ ഒലിവര്‍ പീക്കാണ് (43 പന്തില്‍ 46 നോട്ടൗട്ട്) ഫിനിഷിംഗ് ടച്ച് നല്‍കിയത്.
ഓപണിംഗ് ബൗളര്‍മാരായ രാജ് ലിംബാനിയും (10-0-38-3) നമാന്‍ തിവാരിയും (9-0-63-2) അഞ്ച് വിക്കറ്റ് പങ്കുവെച്ചു.