ദോഹ - രണ്ടാം പകുതിയില്‍ അതിശക്തമായി തിരിച്ചുവന്ന ജോര്‍ദാനെ ഹാട്രിക് പെനാല്‍ട്ടിയില്‍ പിടിച്ചുകെട്ടി ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ കിരീടം നിലനിര്‍ത്തി. സ്വന്തം കാണികളെ സാക്ഷിയാക്കിയാണ് ഖത്തര്‍ 3-1 ന് ജയിച്ചത്. ആദ്യ ഫൈനല്‍ കളിക്കുന്ന ജോര്‍ദാന്‍ പിന്നില്‍ പ്രാര്‍ഥനയോടെ നാട് കൂടെ നിന്നെങ്കിലും ഖത്തറിന്റെ വിജയം തടയാനായില്ല. ഇഞ്ചുറി ടൈമില്‍ അഫീഫിന്റെ മുന്നേറ്റം ഫൗളിലൂടെ തടഞ്ഞ ജോര്‍ദാന്‍ ഗോളി ചുവപ്പ് കാര്‍ഡ് കണ്ടു. എട്ട് ഗോളോടെ അഫീഫ് ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി.
അവസാനമായി ജപ്പാനാണ് തുടര്‍ച്ചയായി കിരീടം നേടിയത്, 2000 ല്‍ ലെബനോനിലും 2004 ല്‍ ചൈനയിലും. 1984 ലും 1988 ലും സൗദി അറേബ്യ ചാമ്പ്യന്മാരായിരുന്നു. 1968, 1972, 1976 വര്‍ഷങ്ങളില്‍ ഇറാന് ഹാട്രിക് കിരീടം നേടി. 1956 ലും 1960 ലും തെക്കന്‍ കൊറിയയും തുടര്‍ച്ചയായി ചാമ്പ്യന്മാരായി.
ഇരു പകുതികളിലും ഇഞ്ചുറി ടൈമിലുമായി കിട്ടിയ മൂന്ന് പെനാല്‍ട്ടികള്‍ ലക്ഷ്യത്തിലെത്തിച്ച അക്രം അഫീഫായിരുന്നു ഖത്തറിന്റെ ഹീറോ. 13 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമില്‍ ഗോളി പുറത്തായതോടെ ജോര്‍ദാന്‍ പൂര്‍ണമായി പ്രതിരോധത്തിലായി.
രണ്ടാം പകുതിയില്‍ ജോര്‍ദാന്റെ നിരന്തര സമ്മര്‍ദ്ദം ഫലം കാണുകയും അവര്‍ ഗോള്‍ മടക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഖത്തറിന് രണ്ടാം പെനാല്‍ട്ടി ലഭിച്ചത്.
ഇരുപത്തിരണ്ടാം മിനിറ്റില്‍ അക്രം അഫീഫിന്റെ ആദ്യ പെനാല്‍ട്ടി ഗോളില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തര്‍ ലീഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇടവേളക്കു ശേഷം ജോര്‍ദാന്‍ ആഞ്ഞടിച്ചു. അറുപത്തേഴാം മിനിറ്റില്‍ യസാന്‍ അല്‍നിഅ്മത്തിലൂടെ ജോര്‍ദാന്‍ തിരിച്ചടിച്ചു.
എന്നാല്‍ മൂന്നു മിനിറ്റിനകം ഖത്തര്‍ ലീഡ് വീണ്ടെടുത്തു. ഇസ്മായീലിനെ അല്‍മര്‍ദി വീഴ്ത്തിയതോടെ വീഡിയൊ റഫറി ഇടപെട്ടു. അഫീഫിന് ഇത്തവണയും പിഴച്ചില്ല. രണ്ടാം പകുതിയില്‍ മനോഹരമായി കളിയിലേക്ക് തിരിച്ചുവന്ന ജോര്‍ദാന്‍ അത് കനത്ത തിരിച്ചടിയായി.