ഫൈനല്‍
ഇന്ത്യ x ഓസ്ട്രേലിയ
ബെനോനി, നാളെ രാവിലെ 11.00
ബെനോനി - അഹമ്മദാബാദില്‍ ഇന്ത്യയുടെ സീനിയര്‍ ടീം ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റതിന്റെ കണ്ണീരുണങ്ങും മുമ്പെ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇതേ ടീമുകള്‍ കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നു. ഇന്ത്യ വേദിയൊരുക്കിയ സീനിയര്‍ ലോകകപ്പില്‍ അത്യുജ്വലമായാണ് ആതിഥേയ ടീം ഫൈനല്‍ വരെ മുന്നേറിയത്. എന്നാല്‍ ഫൈനലില്‍ പാറ്റ് കമിന്‍സിന്റെയും കൂട്ടരുടെയും തന്ത്രങ്ങള്‍ക്കും പദ്ധതികള്‍ക്കും മുന്നില്‍ രോഹിത് ശര്‍മക്കും ടീമിനും അടിതെറ്റി. കഴിഞ്ഞ വര്‍ഷം നടന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിലും ഇന്ത്യയെ ഓസ്ട്രേലിയ തോല്പിച്ചിരുന്നു.
ജൂനിയര്‍ ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റം അത്ര സുഖകരമായിരുന്നില്ല. സെമി ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കക്കെതിരെ നാലിന് 32 ലേക്ക് ടീം തകര്‍ന്നിരുന്നു. എന്നാല്‍ സചിന് ദാസും ക്യാപ്റ്റന്‍ ഉദയ് സഹാരനും ടീമിനെ രണ്ട് വിക്കറ്റ് ശേഷിക്കെ നാടകീയമായി വിജയത്തിലേക്ക് നയിച്ചു.
സീനിയര്‍ ലോകകപ്പില്‍ ഇരട്ടത്തോല്വിയുമായാണ് ഓസ്ട്രേലിയ തുടങ്ങിയത്. പിന്നീട് ഫോമിലെത്തുകയായിരുന്നു. ജൂനിയര്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ സെമിഫൈനലില്‍ തലനാരിഴക്കാണ് ഓസ്ട്രേലിയ ഒരു വിക്കറ്റിന്റെ വിജയം പിടിച്ചത്.
ജൂനിയര്‍ ലോകകപ്പില്‍ ആഴവും പരപ്പും ഇന്ത്യക്കാണ്. ഇന്ത്യ അഞ്ചു തവണ ചാമ്പ്യന്മാരായി. നിലവിലെ ചാമ്പ്യന്മാരാണ്. ഇത് ഒമ്പതാമത്തെ ഫൈനലാണ്. ഓസ്ട്രേലിയ മൂന്നു തവണ ചാമ്പ്യന്മാരായിട്ടുണ്ട്, അവസാനത്തേത് 2010 ലാണ്. 2018 ല്‍ ഇന്ത്യയോട് ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ഇന്ത്യയും ഓസ്ട്രേലിയയും മൂന്നാം തവണയാണ് ഫൈനലില്‍ ഏറ്റുമുട്ടുക. 2012 ലെ ആദ്യ ഏറ്റുമുട്ടലിലും ഇന്ത്യക്കായിരുന്നു ജയം.
ഇത്തവണ ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ സിക്സസിലും സ്വന്തം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഭാവിവാഗ്ദാനങ്ങളായ നിരവധി കളിക്കാര്‍ ഇരു ടീമിലുമുണ്ട്. ഹ്യൂ വെയ്ബ്ഗനാണ് ഓസീസിനെ നയിക്കുന്നത്.