മാഞ്ചസ്റ്റര്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ഏതാനും സീസണുകളിലെ പോലെ അവസാന ഘട്ടമായപ്പോഴേക്കും മാഞ്ചസ്റ്റര്‍ സിറ്റി മുന്നില്‍ കയറി. എര്‍ലിംഗ് ഹാളന്റിന്റെ ഇരട്ട ഗോളില്‍ എവര്‍ടനെ സിറ്റി 2-0 ന് തോല്‍പിച്ചു. 71ാം മിനിറ്റ് വരെ എവര്‍ടന്‍ പിടിച്ചുനിന്നുവെങ്കിലും സിറ്റിയുടെ വെടിമരുന്ന് താങ്ങാനുള്ള ശേഷി അവര്‍ക്കുണ്ടായിരുന്നില്ല. 71, 85 മിനിറ്റുകളിലായിരുന്നു ഹാളന്റിന്റെ ഗോളുകള്‍.
തുടക്കം മുതല്‍ മുന്നിലായിരുന്ന ആഴ്‌സനലിനെയും (49 പോയന്റ്) സമീപകാലത്ത് കുതിച്ച ലിവര്‍പൂളിനെയും (51) ഇരുപത്തിമൂന്നാം റൗണ്ട് പിന്നിട്ടപ്പോഴേക്കും സിറ്റി (52) മറികടന്നു. കഴിഞ്ഞ ദിവസം ലിവര്‍പൂളിനെ ആഴ്‌സനല്‍ തോല്‍പിച്ചത് ഫലത്തില്‍ സിറ്റിയെയാണ് സഹായിച്ചത്. ഇതാദ്യമായി തുടര്‍ച്ചയായി നാല് തവണ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാവുന്ന ടീമാവാന്‍ ഒരുങ്ങുകയാണ് സിറ്റി.
കോര്‍ണര്‍ കിക്കില്‍ നിന്ന് വെടിമരുന്ന് നിറച്ച ഷോട്ടോടെയാണ് ഹാളന്റ് ആദ്യം എവര്‍ടന്റെ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോര്‍ദന്‍ പിക്ഫഡിനെ കീഴടക്കിയത്. എവര്‍ടന്റെ ആക്രമണം നിര്‍വീര്യമാക്കിയ ശേഷം കെവിന്‍ ഡിബ്രൂയ്‌നെ നടത്തിയ പ്രത്യാക്രമണത്തിനൊടുവില്‍ രണ്ടാം ഗോളും സ്‌കോര്‍ ചെയ്തു.