മുംബൈ - വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്ന വിരാട് കോലി ഇംഗ്ലണ്ടിനെതിരായ അവശേഷിച്ച മൂന്നു ടെസ്റ്റിനും ഉണ്ടാവില്ലെന്ന് ബി.സി.സി.ഐയെ ഔദ്യോഗികമായി അറിയിച്ചു. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ശ്രേയേസ് അയ്യര്‍ക്കും തുടര്‍ന്നുള്ള ടെസ്റ്റുകള്‍ നഷ്ടപ്പെടും.
കരിയറില്‍ ആദ്യമായാണ് നാട്ടില്‍ നടക്കുന്ന ഒരു പരമ്പരയില്‍ പൂര്‍ണമായും കോലി വിട്ടുനില്‍ക്കുന്നത്. വ്യക്തിപരമായ അടിയന്തരമായ വിഷയങ്ങളുള്ളതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് കോലി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അറിയിച്ചിരിക്കുന്നത്. കോലി വിദേശത്താണെന്നാണ് സൂചന.
ശ്രേയസ് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഉള്ളത്. പരിക്ക് ഭേദമാവുന്നതു വരെ അവിടെ തുടരും. നേരത്തെയുണ്ടായിരുന്ന പുറംവേദന വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
പരിക്കു കാരണം രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന കെ.എല്‍ രാഹുലും രവീന്ദ്ര ജദേജയും ടീമില്‍ തിരിച്ചെത്തി. ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കണമോയെന്ന് ആലോചിച്ചിരുന്നുവെങ്കിലും രാജ്‌കോട്ടിലെ പിച്ച് പെയ്‌സനുകൂലമാണെന്നതിനാല്‍ മൂന്നാം ടെസ്റ്റില്‍ പെയ്‌സ്ബൗളര്‍ കളിക്കും.