രാജ്കോട് - ഇന്ത്യന്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജദേജയുടെ ഭാര്യ റിവാബക്കെതിരെ ഗുരുതരമായ ആരോപണങ്ങളുയര്‍ത്തി ജദേജയുടെ അച്ഛന് അനിരുദ്ധ് സിംഗ് ജദേജ. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്താണ് അച്ഛനും മരുമകളും തമ്മിലുള്ള കലഹം ആദ്യം പുറത്തുവന്നത്. ജദേജയുടേത് കോണ്‍ഗ്രസ് കുടുംബമായിരുന്നു. റിവാബ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുകയും എം.എല്‍.എ ആവുകയും ചെയ്തു.
റിവാബ കുടുംബം കലക്കുകയാണെന്നാണ് ഒരു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ അനിരുദ്ധ് സിംഗ് ആരോപിക്കുന്നത്. രവീന്ദ്ര ജദേജയുമായി റിവാബയുടെ കല്യാണം കഴിഞ്ഞതിനു പിന്നാലെ കുടുംബത്തില്‍ കലഹം ആരംഭിച്ചെന്നും പ്രശ്നങ്ങളുടെ മൂലഹേതു റിവാബയാണെന്നും അനിരുദ്ധ് സിംഗ് ജദേജ കുറ്റപ്പെടുത്തി. രവീന്ദ്ര ജദേജയുടെ റെസ്റ്ററന്റ് ഉള്‍പ്പെടെ കുടുംബസ്വത്തുക്കള്‍ റിവാബ കൈക്കലാക്കുകയാണ്. ഇതെല്ലാം തന്റെ പേരിലാക്കണമെന്ന് കല്യാണം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ മുതല്‍ ആവശ്യം തുടങ്ങി. രവീന്ദ്ര ജദേജയുടെ പണമുപയോഗിച്ച് റിവാബയുടെ കുടുംബം രണ്ട് കോടിയുടെ ബംഗ്ലാവ് പണിയുകയും ഓഡി കാറും മറ്റ് ആഡംബര വസ്തുക്കളും വാങ്ങുകയും ചെയ്തു. അ്ഞ്ചു വര്‍ഷമായി പേരക്കുട്ടിയെ കണ്ടിട്ടില്ല. തന്റെ മകള്‍ നയ്നാബയാണ് രവീന്ദ്രയുടെ എല്ലാ വിജയങ്ങള്‍ക്കും പിന്നിലെന്നും അനിരുദ്ധ് സിംഗ് പറഞ്ഞു.
ആരോപണങ്ങള്‍ രവീന്ദ്ര ജദേജ നിഷേധിച്ചു. തന്റെയും ഭാര്യയുടെയും പ്രതിഛായക്കു മേല്‍ കരിവാരിത്തേക്കാനുള്ള ശ്രമമാണ് ഇതെന്നും ക്രിക്കറ്റര്‍ ആരോപിച്ചു. ഒരുപാട് പറയാനുണ്ടെങ്കിലും ചില കാര്യങ്ങള്‍ സ്വകാര്യമായിരിക്കാനാണ് താല്പര്യമെന്നും ജദേജ പറഞ്ഞു.