ബോസ്‌നിയന്‍ തലസ്ഥാന നഗരിയായ സരയേവൊ ശീതകാല ഒളിംപിക്‌സിന് ആതിഥ്യമരുളിയിട്ട് നാല് പതിറ്റാണ്ടാവുന്നു. സമ്പന്നമായ ഭൂതകാലത്തെക്കുറിച്ച അഭിമാനമാണ് ഒളിംപിക്‌സിന്റെ ഓര്‍മകള്‍ ബോസ്‌നിയക്ക് സമ്മാനിക്കുന്നത്. ഒപ്പം സെര്‍ബ് വംശവെറിയുടെ ഓര്‍മകള്‍ സമ്മാനിച്ച മുറിപ്പാടുകളും. യുദ്ധം എല്ലാം തകര്‍ക്കും മുമ്പ് യൂഗോസ്ലാവ്യയിലെ ഐക്യത്തിന്റെ പ്രതീകമായിരുന്നു സാരയേവൊ ശീതകാല ഒളിംപിക്‌സ്.
1984 ഫെബ്രുവരി എട്ടിന് കോസെവൊ സ്‌റ്റേഡിയത്തില്‍ നടന്ന മനംകുളിര്‍പ്പിച്ച ഉദ്ഘാടനച്ചടങ്ങില്‍ അറുപതിനായിരത്തോളം പേരാണ് പങ്കെടുത്തത്. രാജ്യം മുഴുവന്‍ അന്ന് അഭിമാനം കൊണ്ട് തുടിക്കുകയായിരുന്നുവെന്ന് ആ ചടങ്ങില്‍ പങ്കെടുത്ത എഴുപത്തഞ്ചുകാരന്‍ കാസിം ദ്യാക്ക ഓര്‍മിക്കുന്നു.
അന്ന് യൂഗോസ്ലാവ്യയിലെ ആറ് റിപ്പബ്ലിക്കുകളിലൊന്നായിരുന്നു ബോസ്‌നിയ. ശീതകാലയുദ്ധത്ത് നിഷ്പക്ഷമായി നിന്ന യൂഗോസ്ലാവ്യ കമ്യൂണിസത്തിന്റെ വെള്ളം ചേര്‍ത്ത രൂപമായിരുന്നു നടപ്പാക്കിയിരുന്നത്. അവിടെ നിലനിന്ന ഐക്യത്തിന്റെ പ്രീതകമായിരുന്നു ഒളിംപിക്‌സ്. പക്ഷെ പുറംകാഴ്ചകള്‍ക്കടിയില്‍ വംശവൈരത്തിന്റെ കനലെരിയുന്നുണ്ടായിരുന്നു. തൊണ്ണൂറുകളില്‍ അത് വിസ്‌ഫോടനമായി ബോസ്‌നിയന്‍ മുസ്ലിംകള്‍ യൂറോപ്പ് സമീപകാലത്തു കണ്ട ഏറ്റവും വലിയ വംശഹത്യക്ക് ഇരയാവുകയും ചെയ്തു. ഒരു ലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. സാരയേവോയില്‍ മാത്രം 11,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
കൗതുകമെന്നു പറയാം, വംശവൈവിധ്യത്തിന്റെ സൗന്ദര്യത്തിനുള്ള സമ്മാനമെന്ന നിലയിലാണ് ബോസ്‌നിയക്കും സാരയേവോക്കും ഒളിംപിക്‌സ് വേദി ലഭിച്ചത്. വ്യത്യസ്ത വിഭാഗങ്ങള്‍ ഐക്യത്തോടെ കരുത്തോടെ കൈകോര്‍ത്ത നാടായിരുന്നു ഇതെന്ന് കാസിം ദ്യാക പറയുന്നു. സമ്പന്ന രാജ്യങ്ങളായ സ്വീഡനെയും ജപ്പാനെയുമൊക്കെ തോല്‍പിച്ചാണ് സാരയേവൊ ഒളിംപിക് വേദി പിടിച്ചതെന്ന് ആ ഗെയിംസിന്റെ സെക്രട്ടറി ജനറലായിരുന്ന അഹമദ് കാരാബെഗോവിച് ഓര്‍ക്കുന്നു. ഒരു സൗകര്യവുമുണ്ടായിരുന്നില്ല. ഒരു ഐസ് റിങ്ക്, ഒരു ചെയര്‍ലിഫ്റ്റ് മാത്രമുള്ള അലങ്കോലമായ ഒരു സ്‌കീ റിസോര്‍ട്.. രണ്ടു വര്‍ഷം കൊണ്ടാണ് എല്ലാം പണിതത്. പുതിയ റോഡുകളും വിമാനത്താവളവും റസിഡന്‍ഷ്യല്‍ ഏരിയകളുമൊക്കെ. ഒപ്പം ഒരുപിടി സ്‌പോര്‍ട്‌സ് വേദികളും ഉയര്‍ന്നുവന്നു. യൂഗോസ്ലാവ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തൊഴിലാളികള്‍ ഒഴുകിയെത്തി. അതിലൊരാളായിരുന്നു ക്രെയ്ന്‍ ഓപറേറ്റര്‍ സെമൊ സാലിഹോവിച്. സാരയേവോ നഗരത്തിന് അഭിമുഖമായി നില്‍ക്കുന്ന പൈന്‍ വനത്തിലെ പൊട്ടിപ്പൊളിഞ്ഞ ബോബ്‌സ്ലെയ് ട്രാക്കിനു സമീപം നിന്ന് സാലിഹോവിച് പഴയ ഓര്‍മകള്‍ പരതിയെടുത്തു. ഈ ട്രാക്കിന് പിന്നീട് യുദ്ധകാലത്ത് സൈന്യത്തിന്റെ മുന്നണിയായി. വെടിയുണ്ടകള്‍ തുളച്ചുകയറിയ ട്രാക്ക് ഇന്ന് ടൂറിസ്റ്റുകളുടെ ആകര്‍ഷണകേന്ദ്രമാണ്.
1992 മുതല്‍ 1995 വരെ സെര്‍ബ് സേന നടത്തിയ വംശഹത്യയില്‍ ഒളിംപിക് സംവിധാനങ്ങളെല്ലാം താറുമാറായി. ഒളിംപിക്‌സ് കാലത്ത് ടൂറിസ്റ്റുകള്‍ താമസിച്ചിരുന്ന ഒരു ഹോട്ടലാണ് സാരയേവൊ ഉപരോധ കാലത്ത് ബോസ്‌നിയയിലെ സെര്‍ബ് നേതാക്കളും പോരാളികളും ഉപയോഗിച്ചത്.
ഒളിംപിക്‌സ് 14 ദിവസത്തോളം സാരയേവോയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി, പിന്നീട് തൊണ്ണൂറുകളില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെ സാരയേവൊ ആയിരുന്നു യൂഗോസ്ലാവ്യയുടെ കേന്ദ്രം -ഒളിംപിക് മ്യൂസിയത്തിലെ ചരിത്രകാരന്‍ എല്‍ദിന്‍ ഹോദ്‌സിച് പറയുന്നു.
സാരയേവൊ നഗരത്തിലെ കെട്ടിടങ്ങളില്‍ ഇപ്പോഴും യുദ്ധത്തിന്റെ മുറിവുകളായി വെടിയുണ്ടയുടെ പാടുകളുണ്ട്. ഉപരോധ കാലത്ത് നിരന്തരമായ ഷെല്ലാക്രമണത്തിന് വിധേയമായിരുന്നു നഗരം. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ സെട്ര ഐസ് റിങ്ക് പിന്നീട് ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി പുതുക്കിപ്പണിയുകയായിരുന്നു.
യുദ്ധത്തിന്റെ ഭയപ്പാട് ഇപ്പോഴും മാറിയിട്ടില്ല. ബോസ്‌നിയയിലെ സെര്‍ബ് നേതാക്കള്‍ ഇപ്പോഴും വിഭജനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ബോസ്‌നിയയിലെ ഭരണഘടനാ കോടതിയുടെ വിധികള്‍ ലംഘിച്ചതിന്റെ പേരില്‍ വിചാരണ നേരിടുകയാണ് സെര്‍ബ് നേതാവ് മിലോറാഡ് ദോദിക്. ഒളിംപിക്‌സ് അതുകൊണ്ടു തന്നെ അഭിമാനത്തിന്റെയും വേദനയുടെയും ഓര്‍മപ്പെടുത്തലാണ്.