5084 ഒളിംപിക് മെഡലുകള്‍  റെഡി, വിശദാംശങ്ങള്‍ അറിയാം

പാരിസ് - ഈ വര്‍ഷം നടക്കുന്ന പാരിസ് ഒളിംപിക്‌സില്‍ നല്‍കുന്ന മെഡലുകള്‍ അനാഛാദനം ചെയ്തു. ഈഫല്‍ ഗോപുരത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ലോഹം കൊണ്ട് നിര്‍മിച്ച ഫ്രാന്‍സിന്റെ രൂപം മെഡലില്‍ പതിക്കും. പ്രശസ്ത ആഭരണ ഡിസൈനര്‍ ഷോമെയാണ് 18 ഗ്രാം ലോഹം കൊണ്ടുള്ള മെഡലുകള്‍ തയാറാക്കിയത്. മെഡല്‍ നേടുന്നവര്‍ക്ക് ഈഫല്‍ ഗോപുരത്തിന്റെ ഒരു ഭാഗം സമ്മാനമായി ലഭിക്കും. പാരിസ് ഒളിംപിക്‌സിലെ മെഡലുകള്‍ അനാഛാദനം ചെയ്യുന്ന ചടങ്ങിലാണ് സംഘാടകരുടെ പ്രഖ്യാപനം. ഈഫല്‍ ഗോപുരത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ലോഹം കൊണ്ട് നിര്‍മിച്ച ഫ്രാന്‍സിന്റെ രൂപം മെഡലില്‍ പതിക്കും. പാരിസ് ഗെയിംസിനെയും പാരിസിന്റെ പരമ്പരാഗത ചിഹ്നങ്ങളെയും ബന്ധിപ്പിക്കാനാണ് ഇതെന്ന് ക്രിയേറ്റിവ് ഡയരക്ടര്‍ തിയറി റിബൂല്‍ അറിയിച്ചു. ഫ്രാന്‍സിന്റെയും പാരിസിന്റെയും ഏറ്റവും വലിയ പ്രതീകം ഈഫല്‍ ഗോപുരമാണെന്നും അത്‌ലറ്റുകള്‍ക്ക് ലഭിക്കുക പാരിസിന്റെ പ്രതീകവുമായി തിരിച്ചുപോവാനുള്ള അവസരമാണെന്നും അവര്‍ പറഞ്ഞു. 
മുന്‍കാലങ്ങളില്‍ ഈഫല്‍ ഗോപുരത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ശേഖരിച്ച ലോഹം കൊണ്ടാണ് ഇവ തയാറാക്കിയത്. ഈ ലോഹഭാഗങ്ങള്‍ വര്‍ഷങ്ങളായി രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളില്‍ ഈ രൂപം പതിപ്പിച്ചിട്ടുണ്ട്. വെളിച്ചം പുറത്തേക്ക് പ്രവഹിക്കുന്ന രൂപത്തിലാണ് മെഡലുകള്‍ തയാറാക്കിയത്. 
ഗ്രീക്ക് ദേവത നൈക്കി മുന്നോട്ടേക്കുന്ന കുതിക്കുന്ന രൂപമാണ് മെഡലിന്റെ പിന്‍ഭാഗത്തുള്ളത്. ഗ്രീസിലെ അക്രോപോളിസ് നൈക്കിയുടെ ഒരു ഭാഗത്തും ഈഫല്‍ ഗോപുരം മറുഭാഗത്തുമായി രൂപകല്‍പന ചെയ്തിരിക്കുന്നു. 
പാരാലിംപിക്‌സ് മെഡലുകളില്‍ ഈഫല്‍ ഗോപുരത്തിന്റെ താഴെ നിന്നുള്ള കാഴ്ചയാണ് ചേര്‍ത്തിരിക്കുന്നത്. ബ്രെയ്ല്‍ ലിപിയില്‍ പാരിസ് 2024 എന്നും എഴുതിയിട്ടുണ്ട്. 5084 മെഡലുകളാണ് ആകെയുള്ളത്. ഫ്രഞ്ച് നാണയ നിര്‍മാണകേന്ദ്രം മോണയ് ദെ പാരിസിലാണ് മെഡലുകള്‍ തയാറാക്കിയത്.
 

Latest News