നൂറ്റാണ്ടിന്റെ ചാമ്പ്യന്‍, റിയാദിലെ പോരാട്ടം മെയ് 18 ന്

റിയാദ് - ഹെവിവെയ്റ്റ് ബോക്‌സിംഗിലെ സര്‍വാംഗീകൃത ലോക ചാമ്പ്യനെ കണ്ടെത്താനുള്ള റിയാദിലെ പോരാട്ടത്തിന്റെ തിയ്യതി നിശ്ചയിച്ചു. മെയ് 18 നായിരിക്കും കിംഗ്ഡം അരീനയില്‍ കായികലോകം ഉറ്റുനോക്കുന്ന മത്സരം. റിംഗ് ഓഫ് ഫയര്‍ എന്നാണ് മത്സരത്തിന് പേരിട്ടിരിക്കുന്നത്. ഈ മാസം 17 നായിരുന്നു ഫുറിയും ഒലക്‌സാണ്ടര്‍ ഉസിക്കും തമ്മിലുള്ള പോരാട്ടം നിശ്ചയിച്ചിരുന്നത്. എന്നാല്‍ റിയാദില്‍ നാല് ബോക്‌സര്‍മാരുമായി പരിശീലനം നടത്തുന്നതിനിടെ ബ്രിട്ടിഷ് താരം ടൈസന്‍ ഫുറിക്ക് കണ്ണിന് മുകളില്‍ മുറിവേറ്റതോടെ മത്സരം നീട്ടിവെക്കുകയായിരുന്നു. 11 തുന്നലുകള്‍ വേണ്ടിവന്നു. മുറിവ് ഉണങ്ങാന്‍ വേണ്ടിയാണ് മത്സരം നീട്ടിയത്. നേരത്തെ ഡിസംബറില്‍ മത്സരം സംഘടിപ്പിക്കാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ നിന്ന് പിന്മാറാനുള്ള കാരണം തേടുകയാണെന്ന ആരോപണം ഫുറി നിഷേധിച്ചു. 
ഫുറി റിയാദിലും ഉസിക് സ്‌പെയിനിലുമാണ് ഒരുങ്ങുന്നത്. ഫുറിയുടെ പരിക്കിനെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്ന് ഉസിക് പറഞ്ഞു. ബോക്‌സിംഗില്‍ അത് സാധാരണമാണ്. റിംഗില്‍ പോരാടുന്നതിന് മുമ്പ് ഇത്തരം ചെറിയ പ്രശ്‌നങ്ങളൊക്കെ അതിജീവിക്കേണ്ടതുണ്ട് -ഉസിക് പറഞ്ഞു. 
പരിശീലനത്തില്‍ പൂര്‍ണ ശ്രദ്ധ പുലര്‍ത്തുകയാണ് താനെന്നും ജനുവരി 28 ന് നാലാമത്തെ കുട്ടിയുടെ ജനന സയത്തു പോലും ക്യാമ്പ് വിട്ടിട്ടില്ലെന്നും ഉക്രൈന്‍ ബോക്‌സര്‍ വെളിപ്പെടുത്തി. ഈ പോരാട്ടത്തിനായി പല കാര്യങ്ങളും മാറ്റിവെച്ചിരിക്കുകയാണ്, അവധി ദിനങ്ങളും ജന്മദിനവും പുതുവത്സരാഘോഷവും കുട്ടിയുടെ ജനനവും എല്ലാം - ഉസിക് പറഞ്ഞു. 


സര്‍വാംഗീകൃത ചാമ്പ്യന്‍
ഹെവിവെയ്റ്റ് ബോക്‌സിംഗില്‍ നിലവില്‍ ഒന്നിലേറെ ലോക ചാമ്പ്യന്മാരുണ്ട്. നാല് പ്രധാന ബെല്‍റ്റുകള്‍ക്കായാണ് ബോക്‌സിംഗില്‍ പോരാട്ടം. വേള്‍ഡ് ബോക്‌സിംഗ് കൗണ്‍സില്‍ (ഡബ്ല്യു.ബി.സി), വേള്‍ഡ് ബോക്‌സിംഗ് അസോസിയേഷന്‍ (ഡബ്ല്യു.ബി.എ), ഇന്റര്‍നാഷനല്‍ ബോക്‌സിംഗ് ഫെഡറേഷന്‍ (ഐ.ബി.എഫ്), വേള്‍ഡ് ബോക്‌സിംഗ് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.ബി.ഒ) എന്നീ സംഘടനകളാണ് ഹെവിവെയ്റ്റ് ബെല്‍റ്റുകള്‍ സമ്മാനിക്കുന്നത്. നിലവില്‍ ഡബ്ല്യു.ബി.സിയുടെ ഹെവിവെയ്റ്റ് ചാമ്പ്യനാണ് ഫുറി. 2020 ല്‍ ഡിയോന്‍ടേ വൈല്‍ഡറെ തോല്‍പിച്ചാണ് മുപ്പത്തഞ്ചുകാരന്‍ ഡബ്ല്യു.ബി.ഒ ചാമ്പ്യനായത്. മറ്റു മൂന്നു ബെല്‍റ്റുകള്‍ ഉെ്രെകന്‍കാരന്‍ ഉസിക്കിന്റെ പേരിലാണ്. 2021 ല്‍ ജിദ്ദയില്‍ ആന്റണി ജോഷ്വയെ തോല്‍പിച്ചാണ് മുപ്പത്തേഴുകാരന്‍ ഈ മൂന്നു ബെല്‍റ്റുകള്‍ സ്വന്തമാക്കിയത്. മെയ് 18 ന് നടക്കുന്ന പോരാട്ടത്തിലെ വിജയി നാല് ബെല്‍റ്റുകളും സ്വന്തമാക്കും. നാല് അസോസിയേഷനുകളും അംഗീകരിക്കുന്ന ഹെവിവെയ്റ്റ് ചാമ്പ്യനാവും. 

നാല് ബെല്‍റ്റുള്ള ചാമ്പ്യന്‍
അവസാനമായി സര്‍വാംഗീകൃത ലോക ചാമ്പ്യനായത് ലെനക്‌സ് ലൂയിസാണ്, 25 വര്‍ഷം മുമ്പ്. ഇവാന്‍ഡര്‍ ഹോളിഫീല്‍ഡിനെയാണ് ലൂയിസ് തോല്‍പിച്ചത്. പക്ഷെ അന്ന് മൂന്നു ബെല്‍റ്റുകളേ ഉണ്ടായിരുന്നുള്ളൂ. ഡബ്ല്യു.ബി.ഒ രൂപീകൃതമായിരുന്നില്ല. മെയ് 18 ലെ വിജയി നാല് ബെല്‍റ്റുകളും സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ബോക്‌സറാവും. 


റെക്കോര്‍ഡ്
രണ്ട് ബോക്‌സര്‍മാരും കരിയറില്‍ ഇതുവരെ തോറ്റിട്ടില്ല. മുപ്പത്തഞ്ചുകാരനായ ഫുറി പ്രൊഫഷനല്‍ ബോക്‌സിംഗില്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. 35 മത്സരങ്ങളില്‍ 34 വിജയവും ഒരു സമനിലയുമാണ്. എന്നാല്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാമ്പ്യന്‍ ഫ്രാന്‍സിസ് എന്‍ഗാനു ഒക്ടോബറിലെ റിയാദിലെ പോരാട്ടത്തില്‍ ഫുറിയെ ഇടിച്ചിട്ടിരുന്നു. എങ്കിലും ഫുറിയാണ് വിജയിയായി പ്രഖ്യാപിക്കപ്പെട്ടത്. ഉസിക്കിനെതിരെ ഫുറിക്ക് പിടിച്ചുനില്‍ക്കാനാവുമോയെന്ന് പലരും സംശയിക്കുന്നുണ്ട്. മുന്‍ ക്രൂയിസ് വെയ്റ്റ് ലോക ചാമ്പ്യനാണ് ഉസിക്. 21 മത്സരങ്ങളില്‍ അപരാജിതനാണ്. ഇതില്‍ പതിനാലിലും നോക്കൗട്ട് വിജയമാണ്.

ജോഷ്വ കാത്തിരിക്കുന്നു
മാര്‍ച്ച് എട്ടിന് റിയാദില്‍ മറ്റൊരു പ്രധാന പോരാട്ടം നിശ്ചയിച്ചിട്ടുണ്ട് എന്‍ഗാനുവും ബ്രിട്ടന്റെ ആന്റണി ജോഷ്വയും തമ്മില്‍. ഉസിക്-ഫുറി പോരാട്ടത്തിലെ വിജയിയുമായി ഏറ്റുമുട്ടി സര്‍വാംഗീകൃത ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുകയാണ് ജോഷ്വയുടെ സ്വപ്നം. അതിന് ആദ്യം എന്‍ഗാനുവിനെ മറികടക്കേണ്ടതുണ്ട്. പുതിയ സാഹചര്യത്തില്‍ എന്‍ഗാനു-ജോഷ്വ പോരാട്ടം ആദ്യം നടക്കും. ജോഷ്വയെ ഉസിക് രണ്ടു തവണ തോല്‍പിച്ചിട്ടുണ്ട്. ഒരു തോല്‍വി ജിദ്ദയിലെ മത്സരത്തിലായിരുന്നു. അതോടെ നിറം മങ്ങിയ ജോഷ്വ ഡിസംബറില്‍ റിയാദില്‍ ഓട്ടോ വാലിനെ ഇടിച്ചിട്ടതോടെയാണ് കരിയര്‍ വീണ്ടെടുത്തത്. ഫുറിയും ജോഷ്വയും ഇതുവരെ ഏറ്റുമുട്ടിയിട്ടില്ല.


 

Latest News