ബെനോനി -അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ കിരീടസ്വപ്‌നം തുലാസില്‍. ആതിഥേയരായ ദക്ഷിണാഫ്രിക്കക്കെതിരായ സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാര്‍ തകരുകയാണ്. ഏഴിന് 244 റണ്‍സെടുത്ത ദക്ഷിണാഫ്രിക്ക ഇതുവരെ ഉജ്വലമായി മുന്നേറിയ ഇന്ത്യയുടെ മുന്‍നിര തകര്‍ത്തു. പതിനൊന്നോവറില്‍ 32 റണ്‍സെടുക്കുമ്പോഴേക്കും ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ മുശീര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ ഇന്ത്യക്ക് നഷ്ടപ്പെട്ടു (നാലിന് 32).
ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ ഓപണര്‍ ആദര്‍ശ് സിംഗിനെ നഷ്ടപ്പെട്ടു. ക്വേന എംഫാകയുടെ ബൗളിംഗില്‍ വിക്കറ്റ്കീപ്പര്‍ ലുഹാന്‍ ദ്രെ പ്രിറ്റോറിയസ് പിടിച്ചു. പകരം വന്ന മുശീറിനെയും (4) അര്‍ശിന്‍ കുല്‍ക്കര്‍ണിയെയും (12) ട്രിസ്റ്റന്‍ ലൂസിന്റെ ബൗളിംഗില്‍ രണ്ടാം സ്ലിപ്പില്‍ ക്യാപ്റ്റന്‍ യുവാന്‍ ജെയിംസ് കീശയിലാക്കി. പ്രിയാന്‍ഷു മോളിയയെ ലൂസിന്റെ തന്നെ പന്തില്‍ വിക്കറ്റ്കീപ്പര്‍ പിടിച്ചു. ക്യാപ്റ്റന്‍ ഉദയ് സഹാരനാണ് നാല് റണ്‍സുമായി ക്രീസില്‍.
നേരത്തെ പ്രിറ്റോറിയസിന്റെയും (102 പന്തില്‍ 76) റിച്ചാഡ് സെലറ്റ്‌സാവാനെയുടെയും (100 പന്തില്‍ 64) അര്‍ധ സെഞ്ചുറികളാണ് ആതിഥേയരെ ഏഴിന് 244 ലെത്തിച്ചത്. അവസാന പത്തോവറില്‍ ദക്ഷിണാഫ്രിക്ക 81 റണ്‍സടിച്ചു. രാജ് ലിംബാനി മൂന്നും (9-0-60-3) മുശീര്‍ ഖാന്‍ (10-1-43-2) രണ്ടും വിക്കറ്റെടുത്തു. മുരുഗന്‍ അഭിഷേകും (4-0-14-0) മോളിയയും (7-1-25-0) സൗമ്യ പാണ്ഡെയും (10-0-38-1) മധ്യ ഓവറുകളില്‍ പിടിമുറുക്കി.