ലണ്ടന്‍ - സ്കോറിംഗ് വീരന് എര്‍ലിംഗ് ഹാളന്റിനെയും പാസിംഗ് മാസ്റ്റര്‍ കെവിന് ഡിബ്രൂയ്നെയെയും എതിരാളികള്‍ പൂട്ടിട്ടു നിര്‍ത്തിയെങ്കിലും ഫില്‍ ഫോദനിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ വിജയം കണ്ടു. കളിയുടെ ഗതിക്കെതിരെ ഗോള്‍ വഴങ്ങിയ സിറ്റിയെ കരിയറിലെ രണ്ടാം ഹാട്രിക്കിലൂടെ ഫോദന് കരകയറ്റി. ബ്രന്റ്ഫഡിനെ 3-1 ന് തോല്പിച്ചതോടെ പോയന്റ് പട്ടികയില്‍ സിറ്റി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ലിവര്‍പൂളിന് രണ്ട് പോയന്റ് മാത്രം പിന്നില്‍. ശനിയാഴ്ച എവര്‍ടനെ തോല്പിച്ചാല് ഒന്നാം സ്ഥാനത്തെത്താം. സിറ്റിക്കും ആഴ്സനലിനും തുല്യ പോയന്റാണ്.
കഴിഞ്ഞ സീസണില്‍ ഹോം മത്സരത്തിലും എവേ മത്സരത്തിലും സിറ്റിയെ ഞെട്ടിച്ച ടീമാണ് ബ്രന്റ്ഫഡ്. ഇത്തവണയും അവരാണ് ആദ്യം ഗോളടിച്ചത്. 21ാം മിനിറ്റില്‍ നീല്‍ മോപേയാണ് സിറ്റിയെ ഞെട്ടിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ദുര്‍ബലമായ ക്ലിയറന്‍സ് പിടിച്ചെടുത്ത് ഫോദന് ഗോള്‍ മടക്കി. 53ാം മിനിറ്റില്‍ ഹെഡറിലൂടെ ലീഡ് നേടി. 70ാം മിനിറ്റില്‍ പ്രതിരോധം പിളര്‍ത്തിയ കുതിപ്പിനൊടുവില്‍ കൂളായി പന്ത് വലയില്‍ നിക്ഷേപിച്ചു. സിറ്റി അക്കാദമിയുടെ ഉല്പന്നമാണ് ഫോദന്. ഈയിടെയായി വിംഗിനു പകരം സെന്‍ട്രല്‍ അറ്റാക്കിംഗ് മിഡ്ഫീല്ഡറുടെ റോളിലാണ് ഫോദന് കളിക്കുന്നത്. സ്ട്രൈക്കര്‍ക്ക് തൊട്ടുപിന്നിലായതിനാല്‍ ഗോളടിക്കാന്‍ കൂടുതല്‍ അവസരമുണ്ട്.
സിറ്റിയുടെ തുടര്‍ച്ചയായ അഞ്ചാം ലീഗ് ജയമാണ് ഇത്. എല്ലാ കളിക്കാരും ഫിറ്റ്നസ് വീണ്ടെടുത്തിരിക്കെ അവസാന കുതിപ്പിന് അവര്‍ ഒരുങ്ങുകയാണ്. മാസങ്ങള്‍ക്കു ശേഷം ഹാളന്റും ഡിബ്രൂയ്നെയുമുള്പ്പെട്ടതായിരുന്നു സ്റ്റാര്‍ടിംഗ് ഇലവന്. ഫോദന്റെ രണ്ടാം ഗോളിന് അവരമൊരുക്കിയത് ഡിബ്രൂയ്നെയും മൂന്നാം ഗോളിന് അവസരമൊരുക്കിയത് ഹാളന്റുമാണ്.