വിശാഖപട്ടണം - രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വ്യക്തിപരമായ കാരണം പറഞ്ഞ് വിട്ടുനില്‍ക്കുന്ന ഇശാന്‍ കിഷന്റെ ഭാവി എന്താണ്? ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ഇന്ത്യ ജയിച്ച ശേഷം കോച്ച് രാഹുല്‍ ദ്രാവിഡിനോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദിക്കാനുണ്ടായിരുന്ന പ്രധാന ചോദ്യം ഇതായിരുന്നു. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഒരു കാര്യത്തിലും നിര്‍ബന്ധം പിടിക്കില്ലെന്നും ഇശാന് ഇഷ്ടമുള്ള വഴി തെരഞ്ഞെടുക്കാമെന്നും കോച്ച് മറുപടി നല്‍കി.
ലോകകപ്പിനു ശേഷം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ട്വന്റി20 ടീമിനൊപ്പം ഇശാന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരവും കളിച്ചില്ല. പിന്നീട് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറി. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കും പരിഗണിക്കപ്പെട്ടില്ല. ഝാര്‍ഖണ്ഡിന്റെ രഞ്ജി ട്രോഫി മത്സരങ്ങളിലും പങ്കെടുക്കുന്നില്ല.
ആര്‍ക്കു മുന്നിലും ടീമിന്റെ വാതിലടക്കില്ലെന്ന് ദ്രാവിഡ് വിശദീകരിച്ചു. ഇശാന്‍ വിശ്രമം അഭ്യര്‍ഥിച്ചു. സന്തോഷത്തോടെ വിശ്രമം അനുവദിച്ചു. എപ്പോഴാണ് തിരിച്ചുവരാന്‍ റെഡിയാവുന്നത് അപ്പോള്‍ മത്സരങ്ങള്‍ കളിക്കണം. അത് ഇശാനാണ് തീരുമാനിക്കേണ്ടത്. ഞങ്ങള്‍ ഇശാനെ ബന്ധപ്പെടുന്നില്ലെന്നല്ല ഇതിനര്‍ഥം. അയാള്‍ ഇപ്പോഴും റെഡിയായിട്ടുണ്ടാവില്ല. റിഷഭ് പന്തിന് പരിക്കേറ്റതിനാല്‍ ടീമില്‍ സാധ്യതകളുണ്ട്. അതിനാല്‍ സെലക്ടര്‍മാര്‍ എല്ലാ സാധ്യതകളും പരിശോധിക്കും -ദ്രാവിഡ് പറഞ്ഞു.
കെ.എസ് ഭരതിന്റെ കീപ്പിംഗില്‍ തൃപ്തനാണെന്ന് ദ്രാവിഡ് വ്യക്തമാക്കി. കെ.എല്‍ രാഹുല്‍, ധ്രുവ് ജൂറല്‍ എന്നിവരാണ് ടീമിലെ മറ്റ് വിക്കറ്റ്കീപ്പര്‍മാര്‍. ഭരത് രണ്ട് ടെസ്റ്റുകളിലായി ആറ് ക്യാച്ചെടുത്തു. 41, 28, 17, 6 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്. ഭരതിന്റെ ബാറ്റിംഗ് അല്‍പം മെച്ചപ്പെടാനുണ്ടെന്ന് ദ്രാവിഡ് പറഞ്ഞു.