റിയാദ് - സൗദി അറേബ്യ ഏറ്റവും ജനപ്രാതിനിധ്യമുള്ള കായിക സംഭവമായിക്കൊണ്ടിരിക്കുന്ന സൗദി മാരത്തണ്‍ ശനിയാഴ്ച അരങ്ങേറും. മൂന്നാമത്തെ വര്‍ഷമാണ് മാരത്തണിന് റിയാദ് സാക്ഷ്യം വഹിക്കുക. സൗദി സ്പോര്‍ട്സ് ഫെഡറേഷന് മത്സരത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. പുതുതായി പണിത കിംഗ്ഡം അരീനക്കു സമീപമായിരിക്കും പ്രധാന വേദി. 2023 ല്‍ 128 രാജ്യങ്ങളിലെ പതിനഞ്ചായിരത്തോളം പേര് മാരത്തണില്‍ പങ്കെടുത്തിരുന്നു. 61 ശതമാനത്തോളം എത്തി സൗദി പങ്കാളിത്തം.
പ്രൊഫഷനലുകള്‍ക്കുള്ള ഗൗരവമായി പങ്കെടുക്കുന്നവര്‍ക്കുമുള്ള ഫുള്‍ മാരത്തണ്‍ (42.2 കിലോമീറ്റര്‍), ഹാഫ് മാരത്തണ്‍ (21.1 കിലോമീറ്റര്‍), 17 ന് മുകളിലുള്ളവര്‍ക്കുള്ള 10 കിലമോമീറ്റര്‍ റണ്‍, തുടക്കക്കാര്‍ക്കും കുടുംബിനികള്‍ക്കും കുട്ടികള്‍ക്കുമുള്ള നാല് കിലോമീറ്റര്‍ റണ്‍ എന്നിങ്ങനെയാണ് മത്സര ഇനങ്ങള്‍. ഇത്തവണ തുടക്കവും ഒടുക്കവും കിംഗ്ഡം അരീനക്കു മുന്‍വശത്തെ ഇമാം സൗദ് ബിന്‍ ഫൈസല്‍ റോഡിലായിരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ ഭക്ഷണ വിതരണത്തിനും എന്റര്ടയ്ന്മെന്റ് പ്രോഗ്രാമുകള്‍ക്കും വ്യായാമത്തിനുമായി കിംഗ്ഡം അരീന സ്ക്വയറില്‍ മാരത്തണ്‍ വില്ലേജ് സ്ഥാപിക്കും.
റിയാദ് തെരുവുകളിലൂടെ 21.1 കിലോമീറ്റര്‍ ട്രാക്ക് മാര്‍ക്ക് ചെയ്തിട്ടുണ്ട്. ദിര്‍ഇയ്യ, വാദി ഹനീഫ തുടങ്ങിയ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങള്‍ ഇതില്‍പെടും. ഫുള്‍ മാരത്തണില്‍ പങ്കെടുക്കുന്നവര്‍ ഇത് വഴി രണ്ടു തവണ ഓടണം. 10 കിലോമീറ്റര്‍ റൂട്ട് നഗരത്തിന്റെ വടക്കുഭാഗത്ത് വണ്ടര്‍ ഗാര്ഡന്, ബൂള്വാഡ് വേള്‍ഡ് വഴിയാണ്. 10 കിലോമീറ്റര്‍, 21.1 കിലോമീറ്റര്‍ ട്രാക്കുകള്‍ക്ക് ഇടയിലാണ് നാല് കിലോമീറ്റര്‍ ഓട്ടക്കാരുടെ സഞ്ചാരപാത.
ഇത്തവണ മാരത്തണ്‍ വലിയ ആഘോഷമായി മാറുമെന്ന് സ്പോര്‍ട്സ് ഫെഡറേഷന് മാനേജിംഗ് ഡയരക്ടര്‍ ഷൈമ സാലിഹ് അല്‍ഹുസൈനി പ്രത്യാശിച്ചു. റിയാദ് മാരത്തണ്‍ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.