ദോഹ - ഒരു ഗോളിന് പിന്നിലായ ശേഷം ഉജ്വലമായി തിരിച്ചുവന്ന ഇറാന് ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ സെമി ഫൈനലിലെത്തി. റെക്കോര്‍ഡ് തവണ ജേതാക്കളായ ജപ്പാനെതിരെ ഇഞ്ചുറി ടൈമില്‍ അലി രിസ ജഹാന്ബക്ഷിന്റെ പെനാല്‍ട്ടി ഗോളാണ് ഇറാനെ ക്വാര്‍ട്ടര്‍ കടത്തിയത്. 28ാം മിനിറ്റില്‍ ഹിദേമാസ മോറിത നേടിയ ഗോളില്‍ ജപ്പാന് ആദ്യ പകുതിയില്‍ ലീഡ് ചെയ്തപ്പോള്‍ മുഹമ്മദ് മുഹിബ്ബിയിലൂടെ 55 ാം മിനിറ്റില്‍ ഇറാന് ഗോള്‍ മടക്കി.
തൊട്ടുപിന്നാലെ മനോഹരമായ മുന്നേറ്റത്തിലൂടെ സര്‍ദാര്‍ അസ്മൂന് ജപ്പാന് വല കുലുക്കിയെങ്കിലും തലനാരിഴ വ്യത്യാസത്തിന് ഓഫ്സൈഡായതോടെ റഫറി ഗോള്‍ നിഷേധിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഖത്തറിനെയോ ഉസ്ബെക്കിസ്ഥാനെയോ ആയിരിക്കും ഇറാന് സെമിഫൈനലില്‍ നേരിടുക.
തെക്കന്‍ കൊറിയയും ജോര്‍ദാനും ആദ്യ സെമിയില്‍ ഏറ്റുമുട്ടും. കൊറിയ എക്സ്ട്രാ ടൈമില്‍ ഓസ്ട്രേലിയയെ തോല്പിച്ചു. അരങ്ങേറ്റക്കാരായ താജിക്കിസ്ഥാനെ മറികടന്നാണ് ജോര്‍ദാന്‍ സെമിഫൈനലിലെത്തിയത്.